അമ്മ സംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ അൻസിബയ്ക്ക് പിന്തുണയുമായി എഴുത്തുകാരിയും കോൺ​ഗ്രസ് അനുകൂല സോഷ്യൽമീഡിയ ആക്ടിവിസ്റ്റുമായ സുധാ മേനോൻ. ഒരു മുസ്ലിം പൗരനെ പൊതുസമൂഹത്തിന് മുന്നിൽ സംശയത്തിന്റെ നിഴലിലാക്കാൻ ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിന് ഏറ്റവും എളുപ്പമുള്ള ആയുധം ജിഹാദി എന്ന ഒരു വാക്കാണെന്ന് സുധാ മേനോൻ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അതിനായി തെളിവുകൾ ആവശ്യമില്ല, വിധിയും വിചാരണയും ആവശ്യമില്ല, ഈ ഒരു മുദ്ര മാത്രം മതിയെന്നും പോസ്റ്റിൽ പറയുന്നു. 

വർഗീയ രാഷ്ട്രീയം കേരളത്തിന്റെ പൊതുമണ്ഡലത്തിലേക്കും സാംസ്കാരിക സ്ഥാപനങ്ങളിലേക്കും കടന്നുവരുന്നുവെന്ന ആശങ്കയാണ് A.M. M. A യിലെ വിവാദം ഉയർത്തുന്നത്. പൗരനെ 'അപരൻ' ആക്കുകയും അയാളുടെ ശബ്ദത്തെ സംശയത്തിന്റെ നിഴലിലാക്കുകയും ചെയ്യുന്ന വർഗീയ രാഷ്ട്രീയം  പുതുമയല്ല. ഒരിക്കൽ ആ മുദ്ര പതിഞ്ഞാൽ, അത് പ്രചരിപ്പിക്കാനും സ്ഥിരപ്പെടുത്താനും എണ്ണമറ്റ ഓൺലൈൻ ഗോസിപ്പ് ചാനലുകളും ട്രോൾ സംഘങ്ങളും കാത്തുനിൽക്കുന്ന കാലത്താണ് നാം ജീവിക്കുന്നതെന്നും സുധ മേനോൻ തന്റെ കുറിപ്പിൽ പറയുന്നു. 

'അൻസിബ ഹസൻ  സുവ്യക്തമായും സംയമനത്തോടെയും സംസാരിച്ചത് അവരുടെ സംഘടനയിൽ നടന്ന അനീതിയെക്കുറിച്ചും സാമ്പത്തിക സുതാര്യതയെക്കുറിച്ചും നേതൃത്വത്തിന്റെ ഉത്തരവാദിത്തത്തെക്കുറിച്ചുമാണ്. ഒരു സംഘടന എങ്ങനെയാണ് പ്രവർത്തിക്കേണ്ടത്, അതിന്റെ നേതൃത്വം എന്ത് മൂല്യങ്ങളെയാണ് പ്രതിനിധീകരിക്കേണ്ടത് എന്ന അടിസ്ഥാന ജനാധിപത്യ ചോദ്യങ്ങളായിരുന്നു അവർ മാന്യമായി ഉയർത്തിയത്. അന്തസ്സോടെയും സഹാനുഭൂതിയോടെയും നയിക്കാൻ കഴിയുന്നവരാണ് നേതൃത്വത്തിലേക്ക് വരേണ്ടത് എന്നതായിരുന്നു അൻസിബയുടെ സന്ദേശം.

ഒരു സംഘടനയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചോ നേതൃത്വത്തിന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചോ ചോദ്യങ്ങൾ ഉയർത്തുന്നത് ഒരു പൗരന്റെ ജനാധിപത്യാവകാശമാണ്. ആ ചോദ്യങ്ങൾക്ക് മറുപടിയായി, ഒരാളെ "ജിഹാദി"യെന്നോ സമാനമായ വർഗീയ മുദ്രകളിലൂടെയോ ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെങ്കിൽ, അവരുടെ സ്വഭാവഹത്യ നടത്തുന്നുവെങ്കിൽ അത് ഒരു വ്യക്തിക്കെതിരായ ആക്രമണം മാത്രമല്ല; കേരളത്തിന്റെ മതേതര പുരോഗമന പൊതുമണ്ഡലത്തോടുള്ള വെല്ലുവിളി കൂടിയാണ് എന്ന് നമ്മൾ മനസിലാക്കണം'.

അതുകൊണ്ടാണ് ഈ വിഷയത്തെ സിനിമാലോകത്തെ ഒരു ആഭ്യന്തര തർക്കമായി മാത്രം കാണാൻ കഴിയാത്തത്. ഇന്ന് അൻസിബ.  നാളെ അധികാരത്തോട് ചോദ്യം ചോദിക്കുന്ന മറ്റൊരു സ്ത്രീ. അതുകൊണ്ട് എന്റെ ഐക്യദാർഢ്യം അൻസിബയോട് മാത്രമല്ല. ആർജ്ജവത്തോടെ ചോദ്യം ചോദിക്കുന്ന ഇന്നാട്ടിലെ എല്ലാവരുടെയും  അവകാശത്തോടാണ്.  കേരളം ഇന്നും മതേതരവും ജനാധിപത്യപരവുമായ ഒരു പൊതുമണ്ഡലമാണെന്ന വിശ്വാസത്തോടാണ്. അൻസിബ നൽകിയ പരാതിയിൽ ആഭ്യന്തര വകുപ്പ് എത്രയും പെട്ടെന്ന് നടപടി എടുക്കുമെന്ന് വിശ്വസിക്കുന്നുവെന്നും പ്രിയപ്പെട്ട അൻസിബ, പോരാട്ടം തുടരുക... ഒപ്പമുണ്ട്... എന്നും സുധാ മേനോൻ കൂട്ടിച്ചേർത്തു. 

ENGLISH SUMMARY:

Malayala Manorama Online News reports on writer and activist Sudha Menon's strong support for actress Ansiba Hassan amidst the AMMA association controversy. Menon criticizes the weaponization of terms like 'jihadi' in contemporary Indian politics to demonize individuals, highlighting the threat of religious polarization to Kerala's secular public sphere.