• ആവശ്യമില്ലാത്ത കാര്യങ്ങൾ തലയിൽ കൊണ്ടുനടക്കാറില്ല. കുറച്ചുസമയം കൊടുത്താൽ അത് ശരിയായിക്കൊള്ളുമെന്നും മോഹന്‍ലാല്‍

താരസംഘടന അമ്മയിലെ പ്രതിസന്ധിയില്‍ പ്രതികരണവുമായി മോഹന്‍ലാല്‍. അമ്മ നേതൃത്വത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷവേണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ആവശ്യമില്ലാത്ത കാര്യങ്ങൾ തലയിൽ കൊണ്ടുനടക്കാറില്ല. കുറച്ചുസമയം കൊടുത്താൽ അത് ശരിയായിക്കൊള്ളുമെന്നും മോഹന്‍ലാല്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

അതേസമയം, ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ ജനറൽ ബോഡി നിയോഗിച്ച താൽക്കാലിക സമിതിയുടെ (അഡ്ഹോക് കമ്മിറ്റി) പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനില്ലെന്നു നടൻ രമേഷ് പിഷാരടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അഡ്ഹോക് കമ്മിറ്റിക്കു നേതൃത്വം നൽകിയിരുന്ന പിഷാരടി അതുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ നിന്നു പിന്മാറുകയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ എറണാകുളം മുൻസിഫ് കോടതിയെ അറിയിച്ചിരുന്നു. Also Read: സ്വന്തം കുഞ്ഞിനായി 13 കാരിയുടെ നിയമപോരാട്ടം; കോടതിയേയും അമ്പരപ്പിച്ച കേസ്

‘അമ്മ’ പ്രസിഡന്റായ നടി ശ്വേതാ മേനോൻ സംഘടനാ ജനറൽ ബോഡിയിൽ ഉണ്ടായ രൂക്ഷമായ തർക്കങ്ങളെ തുടർന്നു താൻ പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കുകയാണെന്നു പ്രഖ്യാപിച്ചതിനെ തുടർന്നാണു ജനറൽ ബോഡി, ഭരണ നിർവഹണത്തിനായി രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ അഡ്ഹോക് കമ്മിറ്റിയെ നിയോഗിച്ചത്. എന്നാൽ, താൻ ഔദ്യോഗികമായി രാജിവച്ചിട്ടില്ലെന്നും പ്രസിഡന്റായി തുടരുകയാണെന്നും അഡ്ഹോക് കമ്മിറ്റിയെ നിയോഗിച്ചതു നിയമവിരുദ്ധമാണെന്നും കുറ്റപ്പെടുത്തി ശ്വേത പിന്നീടു കോടതിയെ സമീപിച്ചിരുന്നു.

വിവാദങ്ങളും തർക്കങ്ങളും ഉയർന്നതോടെ അഡ്ഹോക് കമ്മിറ്റിയിൽ നിന്നു മാറുകയാണെന്നു രമേഷ് പിഷാരടി വ്യക്തമാക്കിയിരുന്നു. ഇക്കാര്യം കോടതി നടപടികളുടെ ഭാഗമായാണ് ഔദ്യോഗികമായി കോടതിയെ അറിയിച്ചത്. അഡ്ഹോക് കമ്മിറ്റി കേസിൽ തന്നെ കൂടി കക്ഷി ചേർക്കണമെന്നു നടി അൻസിബ ഹസൻ കോടതിയിൽ ഹർജി നൽകിയിരുന്നു. അൻസിബയെ കക്ഷി ചേർക്കുന്നതിനെ ശ്വേത മേനോൻ എതിർക്കുകയും ചെയ്തിരുന്നു.

ENGLISH SUMMARY:

Actor Mohanlal has ruled out a return to the leadership of the Malayalam film actors' association AMMA, amid the ongoing crisis within the organisation. Speaking to Manorama News, Mohanlal said there should be no expectation that he would return to the association's leadership. "I don't carry unnecessary matters on my head. If given some time, things will settle on their own," Mohanlal said while responding to the controversy surrounding AMMA.