bengladesh-girl

ബംഗ്ലാദേശിൽ 13-കാരിയായ അമ്മയ്ക്ക് 7 മാസം പ്രായമുള്ള കുഞ്ഞിനെ തിരികെ നൽകാൻ കോടതി ഉത്തരവ്. ബംഗ്ലാദേശിന്‍റെ തലസ്ഥാനമായ ധാക്കയിൽ നിന്നാണ്, 13 വയസ്സുള്ള പ്രായപൂർത്തിയാകാത്ത അമ്മയുടെ വാർത്ത ബംഗ്ലാദേശി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്‍റെ 7 മാസം പ്രായമുള്ള കുഞ്ഞിനെ തിരികെ ലഭിക്കാനായി ഈ കൊച്ചുപെൺകുട്ടി നടത്തിയ നിയമപോരാട്ടം വിജയത്തിലെത്തിയിരിക്കുകയാണ്.

11-ാം വയസ്സിലാണ് ഷക്കീബ് മിയ (22) എന്ന യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞത്. 13 വയസ്സുള്ളപ്പോൾ ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. പ്രസവിച്ച് ഏതാനും മാസങ്ങൾക്ക് ശേഷം, ഭർത്താവും വീട്ടുകാരും പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും വീട്ടിൽ നിന്ന് ഇറക്കിവിടുകയും ചെയ്തു. കുഞ്ഞിനെ നല്‍കാന്‍ അവര്‍ തയാറായില്ല. 

തുടര്‍ന്ന് പെണ്‍കുട്ടി ധാക്കയിലെ ലീഗൽ എയ്ഡ് ഓഫീസിനെ സമീപിച്ചു. കേസിന്‍റെ ഗൗരവം കണക്കിലെടുത്ത്, കുഞ്ഞിന്‍റെ പൂർണ സംരക്ഷണച്ചുമതല പ്രായപൂർത്തിയാകാത്ത അമ്മക്ക് തന്നെ നൽകാൻ കോടതി ഉത്തരവിട്ടു. പൊലീസിന്‍റെ സഹായത്തോടെ കുഞ്ഞിനെ വീണ്ടെടുത്ത് അമ്മയ്ക്ക് കൈമാറി. വിചാരണ വേളയിൽ ജഡ്ജി തന്നെ ഈ കേസില്‍ അമ്പരപ്പ് പ്രകടിപ്പിച്ചിരുന്നു. അമ്മയ്ക്ക് പ്രായം 13വയസാണ്, അവള്‍ ഒരുകുട്ടിയാണ്.  പക്ഷേ കുഞ്ഞിന്‍റെ പ്രായം വെറും 7 മാസം മാത്രമായതിനാലും മുലപ്പാൽ അത്യാവശ്യമായതിനാലും, കുട്ടിയുടെ ഉന്നമനം മുൻനിർത്തിയാണ് താൽക്കാലികമായി കുഞ്ഞിനെ അവള്‍ക്ക്  കൈമാറിയതെന്നും കോടതി വ്യക്തമാക്കി. 

പെണ്‍കുട്ടിക്ക് 20വയസുണ്ടെന്നും,  പ്രായം കുറച്ച് വ്യാജരേഖകൾ ഉണ്ടാക്കിയതാണെന്നും കാണിച്ച് ഭർത്താവിന്‍റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ യഥാർത്ഥ പ്രായം എത്രയെന്ന് കണ്ടെത്താൻ ഔദ്യോഗിക രേഖകളുടെ വിശദമായ പരിശോധനയും തുടർവിചാരണയും കോടതിയിൽ നടക്കുകയാണ്.

ENGLISH SUMMARY:

A court in Dhaka, Bangladesh, has ordered the return of a 7-month-old baby to its 13-year-old mother, following her successful legal battle. She was married off at age 11 to 22-year-old Shakib Mia and gave birth at 13, after which her husband's family abused and drove her out without the child. The court granted temporary custody to the minor mother, emphasizing the baby's urgent need for breast milk and welfare, while police successfully recovered and handed over the child. Meanwhile, the husband's family has claimed that the girl is actually 20 years old and used forged documents, prompting the court to order a detailed verification of her official age records.