പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കണമെന്ന് ബ്രിക്സ് സംയുക്ത പ്രസ്താവന. മറ്റു രാജ്യങ്ങളുടെ പരമാധികാരത്തിന് മേൽ കടന്നു കയറരുത് എന്ന് ആരുടെയും പേര് എടുത്തു പറയാതെ പ്രസ്താവന. യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ആദ്യ ഇറാൻ - യുഎഇ ചർച്ചകൾക്കും ഡൽഹി വേദിയായി. വിരുദ്ധ ചേരികൾക്കിടയിൽ അഭിപ്രായ ഐക്യമുണ്ടാക്കാനായത് ഇന്ത്യയുടെ നയതന്ത്ര വിജയമാണ്.

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുമ്പോഴാണ് ബ്രിക്സ് കൂട്ടായ്മയ്ക്ക് സംയുക്ത പ്രസ്താവന സാധ്യമായത്. രാജ്യങ്ങളുടെ പരമാധികാരം എല്ലാവരും മാനിക്കണം, വ്യാപാരവും കപ്പൽ ഗതാഗതവും സുഗമമാക്കണം. ചർച്ചകളിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും പ്രശ്നത്തിന് പരിഹാരം കാണണമെന്നും പ്രസ്താവന ആവശ്യപ്പെടുന്നു. ഏകപക്ഷീയമായ തീരുവ ചുമത്തലും തീരുവ ഇതര നടപടികളും വ്യാപാരത്തെ വികലമാക്കുന്നു എന്ന് അമേരിക്കയെ പരോക്ഷമായി വിമർശിച്ചു കൊണ്ട് ബ്രിക്സ് കൂട്ടായ്മ ചൂണ്ടിക്കാട്ടി. ബ്രിക്സ് ആരുടെയെങ്കിലും വിരുദ്ധ ചേരിയല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. 

പഹൽഗാം ആക്രമണത്തെ അപലപിച്ച ബ്രിക്സ് രാജ്യങ്ങൾ എല്ലാത്തരം ഭീകരവാദത്തെയും ഒറ്റക്കെട്ടായി ചെറുക്കും എന്ന് വ്യക്തമാക്കി. ഇസ്രയേൽ പലസ്തീൻ സംഘർഷത്തിൽ ദ്വിരാഷ്ട്ര പരിഹാരം സാധ്യമാവണം. പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാനുള്ള ഇടപെടൽ ബ്രിക്സ് കൂട്ടായ്മ നടത്തണം എന്ന് അടുത്ത ത അധ്യക്ഷ പദവി ഏറ്റെടുത്ത് ചൈനീസ് പ്രസിഡൻറ് ഷീ ചിൻപിങ് ആവശ്യപ്പെട്ടു.

ഏതെങ്കിലും രാജ്യത്തിന്റെയോ മേഖലയുടെയോ പേരെടുത്ത് പറയാതെ ആഗോള സംഘർഷങ്ങളെ അപലപിക്കുന്ന ഒരു വരി സംയുക്ത പ്രസ്താവനയിലുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടന സെഷനിലെ ഉപസംഹാര പ്രസംഗത്തിൽ പറഞ്ഞിരുന്നു. ആഗോള നയരൂപീകരണത്തിന്റെ ഗുണഫലങ്ങളും ദോഷഫലങ്ങളും ഏറ്റവും അധികം അനുഭവിക്കുന്നവർ ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളാണെങ്കിലും  നയ രൂപീകരണത്തിൽ അവർക്ക് ഒരു റോളില്ലാത്ത സാഹചര്യമുണ്ടെന്നും അത് മാറണമെന്നും പ്രധാനമന്ത്രി ഉദ്ഘാടന സെഷനിൽ ഓർമ്മിപ്പിക്കുകയുണ്ടായി.