ഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ചേരികള്‍ തുണിവെച്ച് മറച്ച സംഭവത്തില്‍ വിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി. രാജ്യാന്തരതലത്തിലുള്ള പരിപാടികള്‍ നടക്കുമ്പോള്‍ ചേരികള്‍ തുണിവെച്ച് മറച്ചതുകൊണ്ട് മാത്രം യാഥാര്‍ത്ഥ്യങ്ങള്‍ മാറില്ലെന്നും എഎപി വിമര്‍ശിച്ചു. ‘ചേരികളെ തുണികൊണ്ട് മൂടുന്നത് യാഥാര്‍ത്ഥ്യത്തെ മാറ്റില്ല, 2.6 ശതമാനമുള്ള ജിഡിപി വളര്‍ച്ചയെ 7.8% എന്നു വിളിക്കുന്നതുപോലെയാണ് അത്' എഎപി എക്സ് പോസ്റ്റില്‍ പറയുന്നു. 

ആം ആദ്മി പാര്‍ട്ടിയുടെ ഒഫീഷ്യല്‍ എക്സ് അക്കൗണ്ടില്‍ പങ്കുവെച്ച കാര്‍ട്ടൂണിലൂടെയാണ് എഎപി കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. 'വിഷന്‍ 2047' എന്നെഴുതിയ കണ്ണാടിക്ക് മുന്നില്‍ നോക്കിനില്‍കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാര്‍ട്ടൂണില്‍ കാണാം. രാജ്യാന്തര ചടങ്ങുകള്‍ക്ക് രാജ്യം ആതിഥേയത്വം വഹിക്കുമ്പോള്‍ ചേരികളും മറ്റും തുണികൊണ്ട് മറക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ നേരത്തേയും വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 

അതേസമയം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 18–ാമത് ബ്രിക്സ് ഉച്ചകോടി ഡല്‍ഹിയില്‍ ആരംഭിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ, ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ തുടങ്ങിയ രാഷ്ട്രത്തലവന്മാര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. 2014-ന് ശേഷം ആദ്യമായാണ് ചൈനീസ് പ്രസിഡന്റ് ഡൽഹി സന്ദർശിക്കുന്നത്. 

ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ രാജ്യങ്ങളിലെ ഭരണത്തലവന്മാരുമായി നിർണായക ഉഭയകക്ഷി ചർച്ചകളും നടത്തി. അബുദബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മൊഹമ്മദ് ബിൻസയിദ് അൽ നഹ്യാനുമായുള്ള ചർച്ചയിൽ പശ്ചിമേഷ്യൻ സംഘർഷവും വിഷയമായി. ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്താൻ എത്യോപ്യയും മലേഷ്യയും താൽപര്യം പ്രകടിപ്പിച്ചു. സംയുക്ത സൈനിക പരിശീലനവും ഇന്ത്യയിൽ നിന്നുള്ള പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്നതും ചർച്ചയായി. ഇന്ത്യൻ ഖനന കമ്പനികളെ എത്യോപ്യ സ്വാഗതം ചെയ്തു. മലേഷ്യൻ സംഘവുമായി അർധചാലക മേഖലയിലെ അവസരങ്ങളും പ്രധാനമന്ത്രി ചർച്ച ചെയ്തു.

ENGLISH SUMMARY:

Slums being covered with cloth during international events like the BRICS Summit in Delhi has drawn criticism from the Aam Aadmi Party. The AAP argues that covering up realities will not change them, likening it to misrepresenting GDP growth figures.