സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന നടി അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി. നിലവില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യമില്ലെന്നും കോടതി വിലയിരുത്തി.
സമൂഹമാധ്യമങ്ങളിലൂടെ വ്യാജവിവരങ്ങൾ ഉൾപ്പെടുന്നതും അശ്ലീലം നിറഞ്ഞതുമായ വിഡിയോ നിർമിച്ചു പ്രചരിപ്പിച്ചു സ്ത്രീത്വത്തെ അപമാനിച്ചു എന്നു കാണിച്ച് പാലാരിവട്ടം പൊലീസില്‍ അന്‍സിബ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസെടുക്കാനാകില്ലെന്ന നിലപാടാണ് പൊലീസും സ്വീകരിച്ചത്. അൻസിബയ്ക്കു കോടതിയെ സമീപിക്കാമെന്നും പൊലീസ് അറിയിച്ചു. പരാതിയിൽ പറഞ്ഞ നടിയുടെ അഭിമുഖവുമായി ബന്ധപ്പെട്ട് മാനനഷ്‍ടക്കേസ് മാത്രമേ നിലനിൽക്കൂ. അത്തരം സാഹചര്യത്തിൽ പൊലീസിനു നേരിട്ടു കേസെടുക്കാനാകില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണു കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യണമെന്നു നിർദേശം നൽകിയത്. തുടര്‍ന്നാണ് അന്‍സിബ കോടതിയെ സമീപിച്ചത്.
പൊലീസിൽ പരാതി നൽകിയെന്നു സൂചിപ്പിച്ചു സമൂഹമാധ്യമത്തിലിട്ട പോസ്റ്റിലും അൻസിബ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. തന്നെ ജിഹാദിയാക്കാൻ ജനപ്രതിനിധി അടക്കമുള്ളവർ കൂട്ടുനിന്നുവെന്നും തന്റെ കുടുംബാംഗങ്ങളെപ്പോലും തേജോവധം ചെയ്യുകയാണെന്നും അൻസിബ പറയുന്നു. തന്റെ സ്വഭാവഹത്യ നടത്തിയതിൽ മഹാനടൻ മുതൽ സഹപ്രവർത്തകർ വരെയുണ്ടെന്നും കുറിപ്പിലുണ്ട്.
നേരത്തെ നടി അൻസിബ ഹസന്റെ പരാതിയിൽ നടി ലക്ഷ്മിപ്രിയ തൃക്കാക്കര എസിപിക്കു മുൻപാകെ മൊഴി നൽകിയിരുന്നു. അൻസിബയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തന്റെ കുടുംബജീവിതത്തെ ബാധിക്കുന്ന തരത്തിൽ അൻസിബ വാട്സാപ് സന്ദേശം അയച്ചതു കൊണ്ടാണു പൊലീസിനു പരാതി നൽകേണ്ടി വന്നതെന്നും അവർ മാധ്യമങ്ങളോടു പറഞ്ഞു. തന്നെ 3 മണിക്കൂറോളം പൊലീസ് സ്റ്റേഷനിൽ തടഞ്ഞുവച്ചുവെന്ന അൻസിബയുടെ വാദം തെറ്റാണെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.
ഒരു മണിക്കൂർ 17 മിനിറ്റ് 20 സെക്കന്റ് മാത്രമാണു താനും അൻസിബയും സ്റ്റേഷനിൽ ഒരുമിച്ചുണ്ടായിരുന്നത്. ഇതിന്റെ ഡിജിറ്റൽ തെളിവുകൾ തന്റെ പക്കലുണ്ട്. ഇതു പൊലീസിനു കൈമാറിയിട്ടുമുണ്ട്. അൻസിബ തനിക്ക് അയച്ച അനാവശ്യ വാട്സാപ് സന്ദേശത്തെപ്പറ്റി പല തവണ ചോദിച്ചിട്ടും കൃത്യമായ മറുപടി നൽകിയില്ല. ഇതു തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്ന അവസ്ഥ വന്നപ്പോഴാണു നിയമനടപടിയുമായി മുന്നോട്ടു പോയത്. ഇതിനു പിന്നിൽ അജൻഡകളോ മറ്റാരുടെയെങ്കിലും പ്രേരണയോ ഇല്ല. വ്യക്തികൾ തമ്മിലുള്ള ഇത്തരം പ്രശ്നങ്ങളിൽ താരസംഘടന ഇടപെടേണ്ട കാര്യമില്ലെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്ഐ രേഷ്മയ്ക്കെതിരെയും അൻസിബ മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു.