team-kerala-maala-parvati-praises-vd-satheesan

അനിശ്ചിതത്വങ്ങള്‍ക്കും മാരത്തണ്‍ ചര്‍ച്ചകള്‍ക്കുമൊടുവില്‍ പത്തുവര്‍ഷത്തിന് ശേഷം യുഡിഎഫ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വി.ഡി.സതീശന്‍ മുഖ്യമന്ത്രിയായും 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റപ്പോള്‍ പിറന്നത് പുതു ചരിത്രം കൂടിയാണ്. സത്യപ്രതിജ്ഞാ വേദിയും ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചു. പ്രതിപക്ഷ നേതാക്കന്‍മാര്‍ക്ക് കൂടി വേദിയില്‍ ഇടം ഒരുക്കിയത് സത്യപ്രതിജ്ഞയിലെ കൗതുകക്കാഴ്ചയായി. മുന്‍മുഖ്യമന്ത്രിയും നിയുക്ത പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍, ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖര്‍, തെലങ്കാന, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിമാര്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുന്‍ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ തുടങ്ങിയ പ്രമുഖര്‍ക്കും വേദിയില്‍ ഇരിപ്പിടമൊരുക്കി. ഇതിനെ പ്രശംസിച്ച് നടി മാലാ പാര്‍വതി രംഗത്തെത്തി. 

പുതിയ സംസ്കാരത്തിനാണ് വി.ഡി.സതീശന്‍ തുടക്കമിട്ടതെന്നും പ്രതിപക്ഷ നേതാക്കളെ കൂടി വേദിയില്‍ ഉള്‍പ്പെടുത്തിയതോടെ താന്‍ നയിക്കുന്നത് ടീം കേരളത്തെയാണെന്ന് പറയാതെ പറയുകയാണെന്നും മാലാ പാര്‍വതി എഴുതുന്നു. മന്ത്രിസഭയെ തുറന്ന മനസോടെ അഭിനന്ദിക്കുന്നുവെന്നും രാജ്യത്തിന് മാതൃകയാവട്ടെ എന്നുമാണ് കുറിപ്പിലെ ഉള്ളടക്കം. 

ഫെയ്സ്ബുക്ക് കുറിപ്പിങ്ങനെ: 'ശ്രീ വി.ഡി സതീശൻ മുഖ്യമന്ത്രിയാകുന്ന സത്യപ്രതിജ്ഞ ചടങ്ങ്, അത്യപൂർവമായ ഒരു പുതു സംസ്ക്കാരം രചിച്ചിരിക്കുന്നു! പ്രതിപക്ഷ നേതാക്കളെയും, ആദരവോടെ വേദിയിൽ ഇരിപ്പിടം നൽകിയിരിക്കുന്ന അത്യപൂർവ്വമായ കാഴ്ച.ഇനി കോൺഗ്രസ്സും, യു.ഡി.എഫും മാത്രം എന്ന സ്ഥിരം രീതിയിൽ നിന്നും മാറി,, ഞാൻ നയിക്കുന്നത് "ടീം കേരളത്തെ " യാണ്  എന്ന് പറയാതെ പറഞ്ഞിരിക്കുന്നു ശ്രീ വി.ഡി.സതീശൻ!

ശ്രീ പിണറായി വിജയൻ, ശ്രീ ബനോയ് വിശ്വം, ശ്രീ രാജീവ് ചന്ദ്രശേഖർ, മുൻ സ്പീക്കർ തുടങ്ങിയവരെ വേദിയിൽ പ്രതീക്ഷിച്ചിരുന്നില്ല. അത്യപൂർവ്വമായ കാഴ്ചയായി! കേരളത്തിന് ഒരു പുതു സംസ്ക്കാരം, പുതു ശീലം നൽകി! ശ്രീ വി.ഡി സതീശന്റെ നേത്യത്വത്തിൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന ഈ മന്ത്രിസഭയെ തുറന്ന മനസ്സോടെ അഭിനന്ദിക്കുന്നു. " ടീം കേരളം" ഇന്ത്യയ്ക്ക് മാതൃകയാവട്ടെ.

കേരളത്തില്‍ അധികാരമേറ്റ വി.ഡി.സതീശന്‍ മന്ത്രിസഭയ്ക്ക്  പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകള്‍ നേര്‍ന്നു. ജനങ്ങളുടെ ആഗ്രഹങ്ങള്‍ ഫലപ്രാപ്തിയിലെത്തിക്കാന്‍ സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്നും എക്സില്‍  പ്രധാനമന്ത്രി കുറിച്ചു.

ENGLISH SUMMARY:

The newly elected UDF government, led by Chief Minister VD Satheesan and his 20-member cabinet, officially assumed office in Kerala after a ten-year hiatus. The swearing-in ceremony captured widespread public attention by breaking traditional political protocols and accommodating prominent opposition figures on the main stage. Dignitaries such as former Chief Minister Pinarayi Vijayan, CPI(M) State Secretary MV Govindan, CPI State Secretary Binoy Viswam, and BJP State President Rajeev Chandrasekhar were all given respected seats during the event. Renowned actress Maala Parvathi publicly lauded this gesture on Facebook, stating that Satheesan has initiated a rare and healthy democratic culture in the state. She highlighted that by physically including all political factions on the dais, the new Chief Minister has subtly signaled that he is leading an inclusive "Team Kerala" that can serve as a role model for the entire nation.