ജനസാഗരത്തെ സാക്ഷിയാക്കി കേരളത്തിന്റെ 24-ാം മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് പ്രതിജ്ഞയെടുത്തത്. തുടര്‍ന്ന് പി.കെ.കുഞ്ഞാലിക്കുട്ടി, ചെന്നിത്തല, സണ്ണി ജോസഫ്, കെ.മുരളീധരന്‍, മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ് സി.പി.ജോണ്‍, എ.പി.അനില്‍കുമാര്‍, എന്‍.ഷംസുദ്ദീന്‍, പി.സി.വിഷ്ണുനാഥ്, റോജി.എം ജോണ്‍,ബിന്ദു കൃഷ്ണ, എം.ലിജു, കെ.എം ഷാജി, പി.കെ ബഷീര്‍,വി.ഇ അബ്ദുല്‍ ഗഫൂര്‍, ടി. സിദ്ദിഖ്, കെ.എ തുളസി, ഒ.ജെ ജനീഷ് എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു. കെ.മുരളീധരൻ ഇംഗ്ലിഷിലും ഷിബു ബേബി ജോണും സി.പി.ജോണും സഗൗരവവുമാണ് സത്യപ്രതിജ്ഞ ചെയ്തത്.
വി.ഡി.സതീശന്‍റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ 20 മന്ത്രിമാര്‍ ഉള്‍പ്പടെ സമ്പൂര്‍ണ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയതത്. ചടങ്ങില്‍ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു.
25,000 പേര്‍ക്ക് നേരിട്ട് ചടങ്ങില്‍ പങ്കെടുക്കാനുള്ള സജ്ജീകരണമാണ് ഒരുക്കിയിരുന്നത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി , മല്ലികാര്‍ജുന്‍ ഖര്‍ഗെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചല്‍ മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിങ് സുഖു, കോണ്‍ഗ്രസ് സംഘടന ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചടങ്ങിനെത്തി.
തമിഴ്നാട് മുഖ്യമന്ത്രി വിജയ് എത്തിയില്ല. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എം.എല്‍.എയുമായ രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചടങ്ങിനെത്തി. സത്യപ്രതിജ്ഞക്ക് ശേഷം ലോക്ഭവനില്‍ ഗവര്‍ണറുടെ ചായ സത്ക്കാരത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും. തുടര്‍ന്ന് മന്ത്രിമാര്‍ ചുമതലയേറ്റ ശേഷം ആദ്യ മന്ത്രിസഭാ യോഗം ചേരും. നിര്‍ണായക പ്രഖ്യാപനങ്ങളാണ് ആദ്യ മന്ത്രിസഭയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.