കാത്തിരിപ്പിനൊടുവില്‍ വി.ഡി.സതീശന്‍ കേരളത്തിന്‍റെ മുഖ്യമന്ത്രി പദത്തിലെത്തുകയാണ്. യുഡിഎഫ് പ്രവര്‍ത്തകരും സതീശന്‍റെ അണികളും നാടെങ്ങും ഈ നിമിഷം ആഘോഷമാക്കുകയാണ്. പക്ഷേ ഇപ്പോഴും വി.ഡി.സതീശനെ മുഖ്യമന്ത്രിയായി അംഗീകരിക്കാന്‍ കഴിയാത്ത ഒരു സംവിധാനമുണ്ട്. അത് മാറ്റാരുമല്ല ഇന്‍സ്റ്റഗ്രാമാണ്.
മുഖ്യമന്ത്രിയായി ഹൈക്കമാന്‍ഡ് നിശ്ചയിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവിന്‍റെ വാട്സപ് ഗ്രൂപ്പ് CMO Keralam എന്ന് മാറ്റിയിരുന്നു.ഫെയ്സ്ബുക്കിലും ചീഫ് മിനിസ്റ്റര്‍ കേരളം എന്ന ബയോ മാറ്റി. ഇതുപോലെ ഇന്‍സ്റ്റഗ്രാം പേര് മാറ്റാന്‍ നോക്കിയപ്പോളാണ് തടസം. 'VDsatheesan leader of opposition' എന്നതാണ് ഇന്‍സ്റ്റഗ്രാം പേജ്. ഇതാണ് മാറ്റാന്‍ പറ്റാത്തത്. ചീഫ് മിനിസ്റ്റര്‍ എന്നാക്കാന്‍ നോക്കിയിട്ട് നടക്കുന്നില്ല. കാരണം ഇന്‍സ്റ്റഗ്രാമിന് വി.ഡി. സതീശനോടുള്ള എതിര്‍പ്പൊന്നുമല്ല. സാങ്കേതികത്വമാണ് പ്രശ്നം.
വി.ഡി.സതീശന്‍റെ ഇന്‍സ്റ്റഗ്രാം പേജ് വെരിഫൈഡാണ്. വെരിഫൈഡ് പേജിന്‍റെ യൂസര്‍നെയിം മാറ്റാനാവില്ല. ഈ സാങ്കേതിക പ്രശ്നമാണ് വി.ഡി.സതീശനെ 'മുഖ്യമന്ത്രി'യാകാന്‍ അനുവദിക്കാത്തത്. പ്രശ്നം പരിഹരിക്കാനായി വി.ഡി.സതീശന്‍റെ ഓഫീസില്‍ നിന്ന് മെറ്റയ്ക്ക് കത്ത് നല്‍കി. മുഖ്യമന്ത്രിയായ കാര്യം ഔദ്യോഗികമായി അറിയിച്ചാണ് കത്ത്. രണ്ട് ദിവസത്തിനുള്ളില്‍ പേര് മാറ്റിത്തരാമെന്നാണ് മെറ്റയുടെ മറുപടി.