ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 100 സീറ്റ് നേടുമെന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ സംശയത്തിലായിരുന്നുവെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ മകള്‍ ഉണ്ണിമായ. പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കാനാകുമെന്നാണ് ആ വാക്കുകളെന്നാണ് താന്‍ ആദ്യം കരുതിയതെന്നും, ആവര്‍ത്തിച്ചു പറഞ്ഞുകേട്ടപ്പോള്‍ നടക്കുമോ എന്ന് അച്ഛനോട് ചോദിച്ചെന്നും ഉണ്ണിമായ പറയുന്നു. കാര്യകാരണ സഹിതം മറുപടി കേട്ടപ്പോള്‍ തനിക്കും ഉറപ്പായി. കേരളത്തിലെ എല്ലാ മണ്ഡലങ്ങളും അച്ഛന് മനപ്പാഠമാണ്, ഓരോ മണ്ഡലത്തിലേയും പഞ്ചായത്തുകളെക്കുറിച്ച് പോലും പൂര്‍ണ ബോധ്യമുണ്ടെന്നും ഉണ്ണിമായ മനോരമയോട് പറയുന്നു. 

മുഖ്യമന്ത്രി ചര്‍ച്ചകള്‍ സജീവമായ സമയത്ത് അച്ഛന്‍ കൂളാണെന്നാണ് തോന്നിയതെങ്കിലും അങ്ങനെ തന്നെയായിരുന്നോ എന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ടായിരുന്നെന്നും ഇതേക്കുറിച്ച് അച്ഛനോട് ചോദിച്ചപ്പോള്‍ വലിയ പ്രതീക്ഷയൊന്നും വേണ്ടെന്നായിരുന്നു അച്ഛന്റെ മറുപടിയെന്നും ഉണ്ണിമായ. ‘വളരെ സെന്‍സീറ്റീവ് ആയ വ്യക്തിയാണ് അച്ഛന്‍. സിനിമ കണ്ടും പുസ്തകം വായിച്ചുമൊക്കെ കരയുന്നൊരാള്‍, ‘ആകാശദൂത്’ സിനിമ കണ്ട ശേഷം ഭക്ഷണം കഴിക്കാനായി റസ്റ്ററന്റിലെത്തിയിട്ടും അച്ഛന്‍ കരയുകയായിരുന്നു, ഇക്കാര്യം പറഞ്ഞ് കൂട്ടുകാര്‍ എപ്പോഴും കളിയാക്കാറുണ്ട്, പക്ഷേ മറ്റുള്ളവര്‍ ടെന്‍ഷനടിച്ച് പോകുന്ന പല സന്ദര്‍ഭങ്ങളും ഉലയാതെ സമചിത്തതയോടെ കൈകാര്യം ചെയ്യാനും നല്ല വശമാണ്. പ്രശ്നങ്ങളില്‍ ലോജിക്കലായി പരിഹാരം കണ്ടെത്തുന്നതാണ് അച്ഛന്റെ രീതിയെന്നും ഉണ്ണിമായ കൂട്ടിച്ചേര്‍ക്കുന്നു. 

രാഷ്ട്രീയ ജീവിതത്തില്‍ അച്ഛന്‍ കാര്യമായി വിഷമിച്ചു കണ്ടത് 2011ല്‍ മന്ത്രിസഭാ രൂപീകരണ സമയത്താണ്. മന്ത്രിയാകുമെന്ന അറിയിപ്പ് വന്ന് പത്രക്കാരൊക്കെ വീട്ടിലെത്തി ഫോട്ടോയെടുത്തു പോയ ശേഷമാണ് അപ്രതീക്ഷിതമായി ഒഴിവാക്കപ്പെട്ടത്. അതൊരു വഴിത്തിരിവായിരുന്നു, അതിനു ശേഷം വായന ഉള്‍പ്പെടെ ശക്തമാക്കി. വാശി പോലെയായിരുന്നു ആ ദിശാമാറ്റം. എല്ലാ ദിവസവും കുറച്ച് സമയമെങ്കിലും വായനയ്ക്കായി മാറ്റിവയ്ക്കുന്നത് ശീലമായി. ട്രെയിനിലും വിമാനത്തിലും ഒരുമിച്ച് യാത്ര ചെയ്യുമ്പോഴും ആദ്യത്തെ അരമണിക്കൂര്‍ അച്ഛന്‍ വായനയിലാകുമെന്നും മകള്‍ പറയുന്നു. 

കാര്യങ്ങള്‍ പഠിക്കാന്‍ വലിയ ഉത്സാഹമാണ്, അറിയാത്ത വിഷയമാണെങ്കില്‍ ആ വിഷയത്തില്‍ അറിവുള്ള ആളുകളെ കണ്ടെത്തി വിശദമായി മനസിലാക്കും, പിന്നീടവര്‍ സുഹൃത്തുക്കളാകും. നിയമസഭാ പ്രസംഗത്തിനുള്ള തയാറെടുപ്പിനായി പലപ്പോഴും പുലര്‍ച്ചെയെഴുന്നേറ്റ് ഇരിക്കുന്നത് കണ്ടിട്ടുണ്ട്. തിരഞ്ഞെടുപ്പിനായും ഈ കഠിനമായ രീതിയിലുള്ള പഠനം കണ്ടിട്ടുണ്ട്. 

തന്നെ പഠിക്കാനായി ഒരിക്കലും നിര്‍ബന്ധിച്ചിട്ടില്ലെന്നും, ഇന്നേവരെ കര്‍ക്കശമായി ഇടപെട്ടിട്ടില്ലെന്നും ഉണ്ണിമായ. നീണ്ട യാത്രയൊക്കെ കഴിഞ്ഞു വന്നാലും എന്നോടൊപ്പം സമയം ചിലവഴിക്കും, പാട്ട് വളരെ ഇഷ്ടമാണ്, അമ്മ നന്നായി പാടും, ഞാനും അല്‍പം പാടും, അമ്മയെക്കൊണ്ട് പാട്ടുപാടിച്ചു കേള്‍ക്കുന്നതാണ് അവരുടെ കല്യാണം ഉറപ്പിച്ചിരുന്ന സമയം മുതല്‍ അച്ഛന് ഇഷ്ടം. ‘താരം വാല്‍ക്കണ്ണാടി നോക്കി’ ആണ് ഏറ്റവും പ്രിയപ്പെട്ട ഗാനം. സുഹൃത്തുക്കള്‍ക്കൊപ്പം ട്രക്കിങ്ങിന് പോകുന്നതാണ് മറ്റൊരു ഇഷ്ടം. എല്ലാ ഭക്ഷണവും ഇഷ്ടമാണ്, എങ്കിലും ദോശപ്രിയനാണ്, മാമ്പഴ പുളിശ്ശേരിയും ഏറെ പ്രിയം, എന്തും മിതമായേ കഴിക്കുള്ളൂവെന്നും അച്ഛന്‍ വി.ഡി. സതീശനെക്കുറിച്ച് ഉണ്ണിമായ തുടര്‍ന്നു.  

രാഷ്ട്രീയത്തിലായാലും കുടുംബത്തിലായാലും പല കാര്യങ്ങളിലും ഉറച്ച നിലപാട് സ്വീകരിക്കുമ്പോഴും മറ്റുള്ളവരെ അവര്‍ പോലുമറിയാതെ സഹായിക്കുന്നതു കാണുമ്പോഴാണ് മകളെന്ന നിലയില്‍ അഭിമാനം തോന്നിയിട്ടുള്ളത്. ബെംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയില്‍ ഇംഗ്ലിഷ് സ്റ്റഡീസില്‍ ഗവേഷണ വിദ്യാര്‍ഥിനിയാണ് ഉണ്ണിമായ. 

Unnimaya on Father's Election Confidence:

Unnimaya, the daughter of the newly appointed Chief Minister VD Satheesan, shared her perspective on her father's confidence in the UDF winning 100 seats in the recent assembly elections. She initially believed his words were meant to boost morale but later understood the depth of his conviction after hearing his detailed reasoning.