Photo/@kashikirai/X

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് വിവാദത്തിനിടെ, ക്ഷേത്രദർശനത്തിനായി എത്തിയ ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയെ പൊലീസ് ഹോട്ടലില്‍ തടഞ്ഞുവച്ചതായി ആരോപണം. ഇന്ന് പാർട്ടി പ്രതിനിധി സംഘത്തോടൊപ്പം രാമക്ഷേത്രത്തിൽ ദര്‍ശനം നടത്തുന്നതിനായി ഇന്നലെ വൈകുന്നേരം അയോധ്യയിലെത്തിയതായിരുന്നു അദ്ദേഹം. അയോധ്യയിലെത്തിയ ഉടൻ തന്നെ പൊലീസ് തന്നെ ഹോട്ടലിൽ തടങ്കലിലാക്കിയതായി അജയ് റായ് എക്സിലൂടെ ആരോപിച്ചു. തങ്ങളെ തടയാൻ നോക്കിയാലും പിന്മാറില്ലെന്നും അദ്ദേഹം കുറിച്ചു.

ബിജെപി സർക്കാരിന്റേത് ഏകാധിപത്യ നടപടിയാണെന്നും ഭീരുത്വമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. രാമക്ഷേത്രത്തിലെ ഭൂമി കുംഭകോണത്തിലും സംഭാവന തട്ടിപ്പിലും ഉൾപ്പെട്ടവർ രാമഭക്തരെ ഭയക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അജയ് റായിക്ക് പുറമെ എംപിമാരായ കിഷോരി ലാൽ ശർമ്മ, രാകേഷ് റാത്തോർ, ഉജ്ജ്വൽ രാമൻ സിങ്, തനുജ് പൂനിയ എന്നിവരടക്കമുള്ള സംഘമാണ് ക്ഷേത്രദർശനത്തിനായി എത്തിയത്. പ്രതാപ്ഗഡ് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ നീരജ് ത്രിപാഠിയെയും യാതൊരു കാരണവുമില്ലാതെ പൊലീസ് കസ്റ്റഡിയിലെടുത്തതായി പാർട്ടി ആരോപിക്കുന്നുണ്ട്. അയോധ്യയിലേക്ക് പോകുന്ന ഭക്തരെ തടയുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും കസ്റ്റഡിയിലുള്ള നേതാക്കളെ ഉടൻ വിട്ടയക്കണമെന്നും ഉത്തർപ്രദേശ് കോൺഗ്രസ് ആവശ്യപ്പെട്ടു.

അതേസമയം, രാമക്ഷേത്രത്തിൽ ഭക്തർ നൽകിയ സംഭാവനകളും വിലപിടിപ്പുള്ള വസ്തുക്കളും കൈകാര്യം ചെയ്യുന്നതിലും എണ്ണുന്നതിലും കൃത്രിമം കാണിച്ചെന്നാരോപിച്ച് എട്ടുപേരെ സ്‌പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ ഉന്നതർക്ക് പങ്കുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. 

അയോധ്യയിലെ സംഭവവികാസങ്ങൾ വലിയ രാഷ്ട്രീയ വിവാദത്തിനും വഴിവെച്ചിരിക്കുകയാണ്. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, കോൺഗ്രസ് നേതാവ് പവൻ ഖേര, രാജ്യസഭാ എംപി കപിൽ സിബൽ തുടങ്ങിയവർ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിൽ ഉന്നതതല സിബിഐ അന്വേഷണം വേണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. ഫൈസാബാദ് ബാർ അസോസിയേഷനും വിഷയത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിട്ടുണ്ട്.

ENGLISH SUMMARY:

A major political controversy has erupted in Ayodhya following allegations of donation fraud at the Ram Mandir. Uttar Pradesh Congress President Ajay Rai alleged that he and his delegation were detained by the police at their hotel while on their way to visit the temple. The Congress party has condemned the action as a "dictatorial" move by the BJP government. Meanwhile, a Special Investigation Team (SIT) has arrested eight individuals for allegedly misappropriating donations and valuable items offered by devotees at the temple; they are currently in 14-day judicial custody. Prominent opposition leaders, including Akhilesh Yadav and Kapil Sibal, have demanded a high-level CBI inquiry into the scam, alleging the involvement of higher-ups.