ഇന്ത്യയിലെ ഏറ്റവും കൂടുതൽ പേര്‍ സന്ദർശനം നടത്തുന്ന ക്ഷേത്രങ്ങളിലൊന്നാണ് അയോധ്യ രാമ ജന്മഭൂമി ക്ഷേത്രം. പതിറ്റാണ്ടുകള്‍നീണ്ട തര്‍ക്കങ്ങള്‍ക്കും സുപ്രീം കോടതിയിലെ നീണ്ട നിയമ വ്യവഹാരങ്ങള്‍ക്കുശേഷം സ്ഥാപിക്കപ്പെട്ട ക്ഷേത്രം ഇന്ന് സംഭാവനയില്‍ വന്‍ വെട്ടിപ്പും ക്രമക്കേടും നടന്നെന്ന കാരണത്താലാണ് വാര്‍ത്തകളില്‍ നിറയുന്നത്. ക്ഷേത്ര ട്രസ്റ്റിനുനേരെയും ചോദ്യങ്ങള്‍ ഉയരുന്നു.
അയോധ്യ ട്രസ്റ്റിന്‍റെ ചരിത്രം; അയോധ്യ രാമജന്മഭൂമി കേസിലെ സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് 2020 ഫെബ്രുവരി അഞ്ചിനാണ് കേന്ദ്ര സര്‍ക്കാര്‍ അയോധ്യ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ചത്. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ കെ. പരാശരനാണ് സ്ഥാപക ട്രസ്റ്റി അംഗം. അയോധ്യ ഭൂമി തര്‍ക്കക്കേസില്‍ ഹിന്ദു കക്ഷികള്‍ക്കായി സുപ്രീം കോടതിയില്‍ വാദമുഖങ്ങള്‍ ഉന്നയിച്ചതും പരാശരനായിരുന്നു. കെ.പരാശരന്‍റെ ഡല്‍ഹി ഗ്രേറ്റര്‍ കൈലാഷിലെ വീട്ടിലാണ് ട്രസ്റ്റിന്‍റെ ആദ്യ ഓഫീസ് റജിസ്റ്റര്‍ ചെയ്തതും പ്രവര്‍ത്തനം തുടങ്ങിയതും.
ട്രസ്റ്റില്‍ കെ. പരാശരനടക്കം 12 പേരെ സർക്കാർ നിയമിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികളാണ് രണ്ടുപേര്‍. മറ്റു മൂന്ന് പേരെ ആദ്യ യോഗത്തിൽ തിരഞ്ഞെടുത്തു. മഹന്ത് നൃത്യ ഗോപാൽ ദാസാണ് ട്രസ്റ്റിന്റെ അധ്യക്ഷൻ. ദൈനംദിന ഭരണനിർവ്വഹണ ചുമതല ജനറല്‍ സെക്രട്ടറിയായിരുന്ന ചമ്പത് റായിക്കായിരുന്നു. സ്വാമി ഗോവിന്ദ് ദേവ് ഗിരി ട്രഷറർ.
സ്വാമി വാസുദേവാനന്ദ സരസ്വതി, സ്വാമി വിശ്വപ്രസന്നതീർഥ്, യുഗ്പുരുഷ് പരമാനന്ദ ഗിരി, ഡോ.അനില്‍ മിശ്ര, കൃഷ്ണ മോഹന്‍, മഹന്ദ് ദിനേന്ദ്ര ദാസ് എന്നിവരാണ് ട്രസ്റ്റ് അംഗങ്ങള്‍. അയോധ്യ ക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര എക്സ്-ഓഫീഷ്യോ അംഗമാണ്. കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി പ്രശാന്ത് ലോഖണ്ഡേ, ഉത്തർപ്രദേശ് സർക്കാര്‍ പ്രതിനിധി സഞ്ജയ് പ്രസാദ്, അയോധ്യ ജില്ല കലക്ടര്‍ ശശാങ്ക് ത്രിപാഠി എന്നിവരും എക്സ്-ഓഫീഷ്യോ അംഗങ്ങളാണ്.
രൂപീകരണത്തിനുശേഷം ട്രസ്റ്റില്‍ കാര്യമായ സര്‍ക്കാര്‍ ഇടപെടല്‍ ഒന്നും ഉണ്ടായിരുന്നില്ല. രാമജന്മഭൂമി ക്ഷേത്രത്തിനായുള്ള ധനസമാഹരണം, ക്ഷേത്ര നിർമ്മാണം, ഭരണം എന്നിവയ്ക്ക് മേൽനോട്ടം വഹിച്ചതും പ്രധാന തീരുമാനങ്ങളെടുക്കുന്നതും ക്ഷേത്ര ട്രസ്റ്റാണ്. സ്വയംഭരണ ചാരിറ്റബിൾ ട്രസ്റ്റെന്ന നിലയില്‍ സ്വതന്ത്രമായാണ് ക്ഷേത്ര ട്രസ്റ്റിന്‍റെ പ്രവർത്തനം. സാമ്പത്തിക കാര്യങ്ങളില്‍ സർക്കാരിന് നിയന്ത്രണമില്ല. ആഭ്യന്തര ഓഡിറ്റുകള്‍ നടത്താറുണ്ട്. വിവരാവകാശ നിയമം ട്രസ്റ്റിന് ബാധകമാകമായിരുന്നില്ല.
ക്ഷേത്ര നിര്‍മാണത്തിനായും പ്രതിഷ്ഠാ ചടങ്ങിനുശേഷവും അയോധ്യ രാമക്ഷേത്രത്തിന് വന്‍തുക സംഭാവനയായി ലഭിച്ചു. രാജ്യത്തിനകത്തും വിദേശത്തുനിന്നുമായി കോടികളാണ് ഭക്തരും സംഘടനകളും സ്ഥാപനങ്ങളം സംഭാവന നല്‍കിയത്. വിദേശ സംഭാവന സ്വീകരിക്കാന്‍ 2028 വരെ അയോധ്യ ട്രസ്റ്റിന് എഫ്സിആര്‍എ ലൈസന്‍സുമുണ്ട്.
ആരോപണങ്ങൾ എന്തെല്ലാം ?; രാമക്ഷേത്രത്തിൽ ലഭിച്ച സംഭാവനയില്‍നിന്ന് ഏഴു കോടി രൂപ മുതൽ ഏഴര കോടി രൂപ വരെ വകമാറ്റിയെന്ന് സമാജ്‌വാദി പാർട്ടി നേതാവും അയോധ്യ മുൻ എംഎൽഎയുമായ പവൻ പാണ്ഡെയാണ് ആദ്യം ആരോപണമുന്നയിച്ചത്. എസ്.പി നേതാവ് അഖിലേഷ് യാദവ് ആരോപണങ്ങൾ ഏറ്റുപിടിച്ചതോടെ വിവാദം ആളിക്കത്തി. ക്രമക്കേടില്‍ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട അഖിലേഷ് സംഭാവന എണ്ണലിന്‍റെ സിസിടിവി ദൃശ്യങ്ങൾ പരസ്യമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ക്ഷേത്ര ട്രസ്റ്റ് ആദ്യഘട്ടത്തില്‍ ആരോപണങ്ങൾ ശക്തമായി നിഷേധിച്ചു. എല്ലാ സംഭാവനകള്‍ക്കും ഇടപാടുകള്‍ക്കും കൃത്യമായ കണക്കുണ്ടെന്നും എല്ലാം സുതാര്യമാണെന്നും ട്രസ്റ്റ് അവകാശപ്പെട്ടു. സംഭാവനയില്‍നിന്ന് 15,000 കോടി രൂപവരെ വെട്ടിച്ചിട്ടുണ്ടെന്നും പിന്നാല ആരോപണമുയര്‍ന്നു. സ്വര്‍ണം, വെള്ളി ഉരുപ്പടികളടക്കമുള്ളവയുടെ മൂല്യംകൂടി ചേര്‍ത്താകാമിത്. ആരോപണം വലിയ വാര്‍ത്തയായതോടെ അന്വേഷണത്തിന് ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അതിനിടെ വന്‍തുകയും സ്വര്‍ണവും വെള്ളിയും മറ്റും സംഭാവന നല്‍കിയ വ്യവസായികളുള്‍പ്പെടെ ആരോപണങ്ങളുമായി രംഗത്തെത്തി. കോടികള്‍ സംഭാവന നല്‍കിയിട്ടും ഇവര്‍ക്കൊന്നും രസീത് പോലും ലഭിച്ചിരുന്നില്ല.
സംഭാവനയില്‍ വന്‍വെട്ടിപ്പും സാമ്പത്തികം കൈകാര്യം ചെയ്തതില്‍ ക്രമക്കേടുമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍തന്നെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. പണം മാത്രമല്ല, സ്വർണ്ണം, വെള്ളി ഉരുപ്പടികളും ആഭരണങ്ങളും വെട്ടിച്ചിരുന്നു. സംഭാവന പണം എണ്ണി തരംതിരിക്കുന്ന ഭാഗത്തെ, എട്ട് മാസം വരെയുള്ള സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതായും അന്വേഷണ സംഘം കണ്ടെത്തി. ക്ഷേത്ര ജീവനക്കാരനായ ലവ്കുഷ് മിശ്രയുടെ വീട്ടിൽ നിന്ന് 10 ലക്ഷം രൂപ കണ്ടെടുത്തു. കൂടുതല്‍ തെളിവുകളോടെ അന്വേഷണ സംഘം പ്രാഥമിക റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. പിന്നാലെ എട്ടുപേര്‍ക്കെതിരെ കേസ്. വൈകാതെ ഇവരെ അറസ്റ്റുചെയ്തു.
ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുടെ മുന്‍ ഡ്രൈവറും അടുപ്പക്കാരനുമായ ടിന്നു യാദവ് എന്ന രാംശങ്കർ യാദവ്, ലവ്കുശ് മിശ്ര, അനുകൽപ് മിശ്ര, അവിനാശ് ശുക്ല, മനീഷ് യാദവ്, സുഭാഷ് ചന്ദ്ര ശ്രീവാസ്തവ, അവിനാശ് ശുക്ല, കരുണേഷ് പാണ്ഡെ എന്നിവരാണ് അറസ്റ്റിലായത്. എല്ലാവരും ക്ഷേത്രത്തിലെ സംഭാവന പണം എണ്ണലില്‍ പങ്കുള്ളവരാണ്. ഇവരില്‍ ഏഴു പേരില്‍നിന്നായി 79.85 ലക്ഷം രൂപയും കണ്ടെടുത്തു. അടുത്തദിവസം എട്ടുപ്രതികളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പൊലീസിന് നിര്‍ണായക രേഖകളും തെളിവുകളും ലഭിച്ചു. കൊള്ളയില്‍ കൂടുതല്‍പേരുടെ പങ്ക് തെളിയിക്കുന്നതാണ് ഈ തെളിവുകളെന്നാണ് വിവരം.
ട്രസ്റ്റ് എഫ്സിആര്‍എ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോ എന്നും സംശയമുയര്‍ന്നു. കൊള്ളയുടെ പശ്ചാത്തലത്തില്‍ വിദേശ ഫണ്ടില്‍ അന്വേഷണമാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ മുൻ സെക്രട്ടറി ഇ.എ.എസ്. ശർമ്മ രാഷ്ട്രപതിക്ക് പരാതി നല്‍കിയിട്ടുണ്ട്.
തന്‍റെ അടുപ്പക്കാരനായ ടിന്നു യാദവ് അറസ്റ്റിലായി ആരോപണങ്ങള്‍ രൂക്ഷമായതിനൊടുവിലാണ് ചമ്പത് റായ് ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചത്. ട്രസ്റ്റ് അംഗം അനില്‍ മിശ്രയും രാജിവച്ചു. ട്രസ്റ്റ് നിലവില്‍ രാജി അംഗീരിച്ചിട്ടില്ല. അടുത്തമാസം ചേരുന്ന ട്രസ്റ്റ് യോഗത്തിലായിരിക്കും രാജി അംഗീകരിക്കുന്നതില്‍ തീരുമാനമെടുക്കുക. ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചാണ് രാജി എന്നാണ് ഇരുവരുടെയും വാദം. അതിനാല്‍ രാജി അംഗീകരിക്കും. രണ്ടുപേരുടെ രാജികൊണ്ടുമാത്രം ട്രസ്റ്റിന്‍റെ ഉത്തരവാദിത്തം തീരുമോ എന്നാണ് ചോദ്യം. ഉന്നതരിലേക്ക് എന്തുകൊണ്ട് അന്വേഷണവും നടപടികളും എത്തുന്നില്ല എന്നും വിമര്‍ശനമുയരുന്നു. ഒടുവില്‍ ചമ്പത് റായിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇനി കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുമോയെന്ന് കാത്തിരുന്നുകാണാം.