അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയില്‍ കടുത്ത വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി. തട്ടിപ്പിനെ കുറിച്ച് അറിഞ്ഞിട്ട് നിരാശതോന്നാത്തവരെ മറ്റൊന്നുകൊണ്ടും ലജ്ജിപ്പിക്കാൻ കഴിയില്ലെന്നും അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ നൽകണമെന്നും ജസ്റ്റിസ് അതുൽ ശ്രീധരൻ നിരീക്ഷിച്ചു.

ഉത്തർപ്രദേശ് സർക്കാരിന്‍റെ ബുൾഡോസർ രാജിനെയും രാജ്യത്ത് വർധിച്ചുവരുന്ന അഴിമതിയെയും ബെഞ്ച് വിമര്‍ശിക്കുകയുണ്ടായി. രാമക്ഷേത്ര കൊള്ള അഴിമതിയുടെ ആഴം വ്യക്തമാക്കുന്ന അവസാനത്തെ ഉദാഹരണമാണ്. ഇത്രയും വലിയൊരു സംഭവമുണ്ടായിട്ടും ഒരു കുലുക്കവുമില്ലാതെ തുടരുന്ന ജനതയെ ഇനി എന്താണ് നാണിപ്പിക്കുക എന്ന് ജസ്റ്റിസ് അതുല്‍ ശ്രീധരന്‍ ചോദിച്ചു. അഴിമതി ഇവിടെ സർവസാധാരണമായി മാറിയിരിക്കുകയാണ്. പിടിക്കപ്പെടുന്നത് വരെ അഴിമതി ഒരു തെറ്റാണെന്ന് ശരാശരി ഇന്ത്യക്കാരൻ കരുതുന്നേയില്ലെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ അഴിമതി സാമാന്യവല്‍ക്കരിക്കപ്പെട്ടത്തില്‍ ആശങ്ക പ്രകടിപ്പിച്ച ജഡ്ജി, കുറ്റവാളികൾക്ക് വധശിക്ഷ നൽകുന്നതിനായി 1988ലെ അഴിമതി നിരോധന നിയമം ഭേദഗതി ചെയ്യുന്നതിനെക്കുറിച്ച് സംസ്ഥാനം ആലോചിക്കണമെന്ന് വരെ നിർദ്ദേശിച്ചു.

കുറ്റാരോപിതരുടെ വീടുകൾ ഉടനടി ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്ന സർക്കാരിന്‍റെ ശീലം രക്തദാഹം തീർക്കാനും  പ്രതികാരബുദ്ധിയോടെയുള്ളതുമാണെന്ന് കോടതി പറഞ്ഞു. ‌ഒരു അനധികൃത നിർമാണവും ഒറ്റരാത്രികൊണ്ട് ഉയർന്നുപൊങ്ങുന്നില്ല. രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും അഴിമതിയും കൂട്ടുകച്ചവടവുമാണ് ഇതിന് പിന്നിൽ. അനധികൃത നിർമാണങ്ങൾക്ക് വെള്ളവും വെളിച്ചവും നൽകി സഹായിക്കുന്ന ഘട്ടത്തിൽ സർക്കാരും ഈ കുറ്റകൃത്യത്തിൽ പങ്കാളിയാവുകയാണെന്നും ജസ്റ്റിസ് അതുൽ ശ്രീധരൻ നിരീക്ഷിച്ചു.

ENGLISH SUMMARY:

Ayodhya Ram Mandir donation scam is facing severe criticism from the Allahabad High Court, with Justice Atul Sreedharan observing that those who are not disappointed by such scams cannot be shamed by anything else. The court also criticized the Uttar Pradesh government's bulldozer justice and the escalating corruption across the nation.