അയോധ്യയിലെ രാമക്ഷേത്രത്തിലെ സാമ്പത്തിക തിരിമറിയെക്കുറിച്ചുള്ള നടന്‍ അനുപം ഖേറിന്‍റെ പരാമര്‍ശങ്ങള്‍ വിവാദത്തില്‍. അയോധ്യയിലെ സാമ്പത്തിക തിരിമറി ‘വളരെ ചെറിയ കാര്യം’ എന്നാണ് നടന്‍ പറഞ്ഞത്. മുൻകാല ചരിത്രവുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ സംഭാവന മോഷണം വളരെ നിസാരമാണെന്ന് അനുപ് ഖേര്‍ പറഞ്ഞു. ഇന്ത്യ ടുഡേയ്​ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പരാമര്‍ശം. 

'മുഗളന്മാർ വന്ന് ക്ഷേത്രങ്ങൾ തകർത്തപ്പോൾ വലിയ കൊള്ളയാണ് ഇവിടെ നടന്നത്. മുഗൾ രാജാക്കന്മാർ ബ്രാഹ്മണരെ കൊന്നൊടുക്കുകയും, അവരുടെ പൂണൂലുകൾ തൂക്കിനോക്കുകയും ഓരോ ക്ഷേത്രത്തിൽ നിന്നും സർവ്വസ്വവും കൊള്ളയടിക്കുകയും ചെയ്തു. ക്ഷേത്ര പരിസരത്ത് സ്ത്രീകളെ ബലാല്‍സംഗം ചെയ്തു. ആ വലിയ പ്രതിസന്ധിയെ അതിജീവിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ, ഈ രാമക്ഷേത്ര അഴിമതി അത്ര വലിയൊരു പ്രശ്നമല്ല. ഇത് ഏതാനും വ്യക്തികളുടെ കണ്ണ് കടിയും ലോഭവുമാണ്. ഒരു മനുഷ്യസഹജമായ തെറ്റ് മാത്രമാണിത്,' എന്നാണ് അനുപം ഖേര്‍ പറഞ്ഞത്. 

പ്രസ്താവനക്ക് പിന്നാലെ കടുത്ത വിമർശനങ്ങളാണ് അദ്ദേഹത്തിനെതിരെ ഉയർന്നത്. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് അനുപം ഖേറിനെതിരെ രംഗത്തെത്തി. ഇതൊരു വിചിത്രമായ വാദമാണെന്ന് അഖിലേഷ് പറഞ്ഞു. കള്ളനെ പിടിക്കുന്നവരെ കുറ്റപ്പെടുത്തുകയും, കള്ളന്മാരോട് സഹതാപം കാണിക്കുകയും ചെയ്യുന്നതിന് പിന്നിൽ എന്തോ വലിയ രാഷ്ട്രീയ നിർബന്ധങ്ങൾ ഉണ്ടെന്ന് അഖിലേഷ് യാദവ് ആരോപിച്ചു.

വിമർശനങ്ങൾ കടുക്കുന്നതിനിടയില്‍ അനുപം ഖേര്‍ സോഷ്യല്‍ മീഡിയയില്‍ പുതിയ വിഡിയോ പങ്കുവച്ചു. 'ചില വിഷയങ്ങളെക്കുറിച്ച് ഇത്ര ഭയമില്ലാതെ സംസാരിക്കാൻ എനിക്ക് എങ്ങനെ കഴിയുന്നുവെന്ന് പലരും എന്നോട് ചോദിക്കുന്നു. എന്‍റെ ഉത്തരം, ഒരുപക്ഷേ എല്ലാവരെയും തൃപ്തിപ്പെടുത്താൻ ഞാൻ ശ്രമിക്കാത്തതുകൊണ്ടാകാം. എല്ലാവരെയും സന്തോഷിപ്പിക്കുക എന്നത് ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്.

മറ്റുള്ളവർ കേൾക്കാൻ ആഗ്രഹിക്കുന്നത് ഒരാൾ പറയാൻ തുടങ്ങുമ്പോൾ, വഴിയിൽ അവർക്ക് സ്വയം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ജീവിതത്തിൽ എനിക്ക് ഒരു തത്ത്വചിന്തയുണ്ട്. ആദ്യം, നിങ്ങളുടെ സ്വന്തം പ്രിയപ്പെട്ടവനാകാൻ ശ്രമിക്കുക. ഒരു വ്യക്തിക്ക് സ്വയം കണ്ണാടിയിൽ നോക്കാനും താൻ ഒരു നല്ല വ്യക്തിയാണെന്ന് തോന്നാനും കഴിയണം. ലോകത്തെ മുഴുവൻ സന്തോഷത്തോടെ നിലനിർത്തുന്നതിനുള്ള ഉത്തരവാദിത്തം താനോ മറ്റാരെങ്കിലുമോ ഏറ്റെടുത്തിട്ടില്ല,' അദ്ദേഹം പറഞ്ഞു. 

ENGLISH SUMMARY:

Anupam Kher's remarks on the financial irregularities at the Ayodhya Ram Mandir have sparked controversy. He downplayed the current financial issues by comparing them to historical temple destructions and lootings by Mughal rulers.