രാഷ്ട്രീയ മൈതാനത്തില്‍ അസാധ്യമായ പാസുകളും ഫിനിഷുകളും കൊണ്ട് കളം നിറഞ്ഞ് കളിച്ച ലീഡര്‍ കെ.കരുണാകരന്റെ 108–ാം ജന്മവാര്‍ഷികമാണിന്ന്. ചിത്രരചന പഠിക്കാന്‍ കണ്ണൂര്‍ ചിറയ്ക്കലില്‍ നിന്ന് തൃശൂരിലെത്തിയ കണ്ണോത്ത് കരുണാകരന്‍ കേരളത്തിന്റെ രാഷ്ട്രീയ ചിത്രം മാറ്റിവരച്ചതാണ് ചരിത്രം. കണ്ണിറുക്കി ലീഡര്‍ പയറ്റിയതൊക്കെ തന്ത്രങ്ങളായി ഇഷ്ടക്കാര്‍ പാടിപുകഴ്ത്തിയപ്പോള്‍ എതിരാളികള്‍ അതിനെ വിശേഷിപ്പിച്ചത് കരുണാകരന്റെ നുണകളായിട്ടാണ്. ലീഡറിന്റെ ഒരു നുണ കേരളത്തിന് കൊണ്ടുവന്ന നേട്ടം ചെറുതല്ല. 

കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ, 1985ല്‍ വൈക്കത്തെ ചില പ്രദേശങ്ങള്‍ പെരുമഴയില്‍ വെള്ളത്തില്‍ മുങ്ങി. പ്രദേശം നേരിട്ട് സന്ദര്‍ശിക്കാന്‍ കേന്ദ്ര കൃഷി ഗ്രാമവികസന മന്ത്രിയായ ഭൂട്ടാസിങ് കേരളത്തിലെത്തി. കേന്ദ്രമന്ത്രിയുടെ വരവ് തന്നെ കരുണാകരന്റെ സമ്മര്‍ദ്ദഫലമായിട്ടായിരുന്നു.

എറണാകുളത്തെ ഗസ്റ്റ്ഹൗസില്‍ നിന്ന് വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ കാണാന്‍ ഭൂട്ടാസിങ്ങിനൊപ്പം പുറപ്പെട്ട കരുണാകരന്‍, ഉടന്‍ തിരിച്ചുവരുമെന്ന് അവിടെ കൂടിനിന്ന മുതിര്‍ന്ന മാധ്യപ്രവര്‍ത്തകരോട് പറഞ്ഞു. നാവികസേനയുടെ ഹെലികോപ്റ്ററിലാണ് കേന്ദ്രമന്ത്രിയും താനും പ്രദേശത്തിന്റെ ആകാശനിരീക്ഷണത്തിന് പോകുന്നതെന്ന് ലീഡര്‍ പറഞ്ഞപ്പോള്‍, മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ അത് വേണോയെന്ന് ചോദിച്ചു.

കാറില്‍ പോയി സ്ഥലം നേരിട്ട് സന്ദര്‍ശിച്ചാല്‍ അല്ലേ ദുരിതത്തിന്റെ ആഴം അറിയുവെന്നായിരുന്നു ചോദ്യം. കരുണാകരന്‍ കണ്ണിറുക്കി പറഞ്ഞത് അതിന് സാക്ഷിയായ അന്തരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.എം.റോയി ഓര്‍മിച്ചത് ഇങ്ങനെയാണ്– വൈക്കത്ത് എന്ത് വെള്ളപ്പൊക്കം, കാലിന്റെ കണ്ണയോളം വെള്ളം പൊങ്ങിയതാണ് വെള്ളപ്പൊക്കമാക്കി പത്രക്കാര്‍ എഴുതിപ്പെരുപ്പിച്ചിരിക്കുന്നത്. ഗ്രാമങ്ങള്‍ ഒലിച്ചുപോകുന്ന ഉത്തരേന്ത്യയിലെ വെള്ളപ്പൊക്കം കണ്ടിട്ടുള്ള ഭൂട്ടാ സിങ്, ഇത് കണ്ടാല്‍ നാല് കാശ് അനുവദിക്കില്ല?–ലീഡര്‍ പറഞ്ഞുനിര്‍ത്തി. 

അപ്പോള്‍ ഭൂട്ടാസിങ്ങിനെ ലീഡര്‍ ഹെലികോപ്റ്റര്‍ എവിടെയായിരിക്കും കൊണ്ടുപോയിരിക്കുക. നൂറുക്കണക്കിനേക്കറില്‍ നെല്‍ക്കൃഷി ചെയ്യുന്ന കുട്ടനാട് ആര്‍ ബ്ളോക്ക് പാടശേഖരത്തിന് മുകളിലൂടെയാണ് ഭൂട്ടാ സിങ്ങിനെയും കൊണ്ട് ലീഡര്‍ പറന്നത്. ആകാശത്ത് നിന്ന് ആകെ കാണാന്‍ കഴിയുന്നത് വരമ്പില്‍ നില്‍ക്കുന്ന തെങ്ങുകള്‍ ആണ്. കാഴ്ച കണ്ട ഭൂട്ടാ സിങ്, വീടുകളൊക്കെ എവിടെയെന്ന് ലീഡറിനോട് ചോദിച്ചപ്പോള്‍, All beneath the Water എന്ന മറുപടിയാണ് ലീഡര്‍ നല്‍കിയത്. 

ആകാശ നിരീക്ഷണം കഴിഞ്ഞ് എറണാകുളം ഗസ്റ്റ് ഹൗസില്‍ മടങ്ങിയെത്തിയ ഭൂട്ടാ സിങ്, പതിവ് മാമൂലുകളൊക്കെ മാറ്റിവച്ച്, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 36 കോടി രൂപ ഉടന്‍ അനുവദിച്ചു. ലീഡറിന്റെ ഒരു നുണയ്ക്ക് 36 കോടി!.

ENGLISH SUMMARY:

Leader K. Karunakaran's 108th birthday is a reminder of his impactful career in Kerala politics, marked by strategic maneuvers and significant development achievements. His legendary ability to secure substantial aid, like the 36 crore for flood relief, showcases his political acumen and influence.