ശശി തരൂര്‍ ആണ് പറഞ്ഞത് 'I am the most successful loser in the history of Congress'. കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ താല്‍പര്യത്തിനു വിരുദ്ധമായി പ്രസിഡന്‍റ് സ്ഥാനത്തേക്കു മത്സരിച്ചിട്ടും വര്‍ക്കിങ് കമ്മിറ്റിയില്‍ അംഗമാക്കിയതില്‍ അദ്ഭുതപ്പെട്ടാണ് ഏറ്റവും വിജയിയായ പരാജിതന്‍ എന്ന് തരൂര്‍ സ്വയം വിശേഷിപ്പിച്ചത്. കപ്പിനും ചുണ്ടിനും ഇടയില്‍നിന്ന് മുമ്പ് വഴുതിപ്പോയ പദവികളെയൊക്കെ മറന്ന് ചാംപ്യന്‍കപ്പ് ഉയര്‍ത്തിക്കാട്ടി വി.ഡി.സതീശന് ഇനി പറയാം,തരൂരല്ല, താനാണ് 'the most successful loser' എന്ന്. ജനഗണമനസിന്‍റെ അധിനായകത്വം സാമ്രാജ്യത്തിലെ ഒരു നിഷ്കാസിത സന്തതിക്കു കൈവരുന്നതുപോലെ ടീം യുഡിഎഫിന്‍റെ ക്യാപ്റ്റനും പ്ലേമേക്കറുമായ സതീശന്‍ അര്‍ഹിക്കുന്ന കപ്പ്.
തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ വിജയം തന്നെ സാധ്യമല്ലെന്ന് കരുതിയിടത്തുനിന്ന് തിളക്കമാര്‍ന്ന വിജയം യുഡിഎഫിന് ഇല്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിനു പോകുമെന്ന് പ്രഖ്യാപിച്ചൊരു നേതാവിനു തിളക്കം കൂട്ടുന്ന 102 സീറ്റ് വിജയത്തിലും തിളച്ച ചില മനസുകളെ വനവാസത്തിനു വിട്ടാണ് ആ നേതാവ് കേരളത്തിന്‍റെ മുഖ്യമന്ത്രിയാകുന്നത്.
2021ല്‍ പ്രതിപക്ഷനേതാവ് സ്ഥാനത്ത് മാറ്റം നിര്‍ദേശിച്ച് ആ സ്ഥാനത്തേക്ക് സതീശനെ കൊണ്ടുവന്ന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് ആദ്യം മാറ്റത്തിനുവേണ്ടി വോട്ടു ചെയ്തത്. പ്രതിപക്ഷ നേതൃപദവി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുന്നോട്ടുവച്ച ഒറ്റമൂലി ആയിരുന്നു. അതുവരെ ചിത്രത്തില്‍ ഇല്ലാതിരുന്ന സതീശന്‍ അങ്ങനെ കേരളം കണ്ട ഉശിരുള്ള പ്രതിപക്ഷനേതാക്കന്മാരില്‍ ഒരാളായി.
സോണിയയുടെ വിശ്വാസനിക്ഷേപമായിരുന്നു അത്. അത് ഇരട്ടിപ്പിച്ചു തിരിച്ചുകൊടുക്കയാണിപ്പോള്‍ സതീശന്‍റെ നേതൃത്വത്തില്‍ ടീം യു.ഡി.എഫ്. സോണിയാഗാന്ധിയോട് സതീശന് സ്നേഹബഹുമാനങ്ങള്‍ക്കപ്പുറം തികഞ്ഞ ഭക്തിയാണ്. സോണിയയെ കണ്ടിറങ്ങുമ്പോള്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞിറങ്ങുമ്പോഴത്തെ ശാന്തി മനസ്സില്‍ നിറയുന്നുവെന്ന് സതീശന്‍ പറഞ്ഞത് ഓര്‍ക്കുന്നു.
കേരളരാഷ്ട്രീയത്തിലെ തലയെടുപ്പുള്ള നിലപാടിന്‍റെ പേരാണ് വി.ഡി.സതീശന്‍. സമുദായനേതാക്കളെ പ്രീണിപ്പിക്കലല്ല സോഷ്യല്‍ എഞ്ചിനീയറിങ്ങ് എന്ന് സതീശന്‍ തിരിച്ചറിഞ്ഞത് ഈ തിരഞ്ഞെടുപ്പു കാലത്തല്ല. 2011ല്‍ യുഡിഎഫിന്റെ വിജയത്തിനുശേഷം വിഡിയുമായി 'നേരേചൊവ്വേ' സംസാരിച്ചതോര്‍ക്കുന്നു. പ്രീണിപ്പിക്കാനായി ജാതിമതസംഘടനകളുടെ വാതില്‍ക്കല്‍പോയി കിടന്ന് പാര്‍ട്ടിയുടെയോ സര്‍ക്കാരിന്റെയോ അന്തസ് കളയാന്‍ ശ്രമിച്ചാല്‍ കണ്ടുനില്‍ക്കില്ല എന്ന് തന്നെ ഷാര്‍പ്പായി മുന്നറിയിപ്പും നല്‍കി അന്ന് വിഡി. ഉമ്മന്‍ ചാണ്ടി മന്ത്രിസഭ അധികാരമേറ്റയുടനെ ആയിരുന്നു അതെന്ന് ഓര്‍ക്കുക. ആ തിരിച്ചറിവില്‍ യുഡിഎഫിന്റെ ഇലക്ഷന്‍ മാനേജ്മെന്‍റിനു പുതിയ ദിശാബോധം നല്‍കാന്‍ വിഡിക്ക് എളുപ്പത്തില്‍ സാധിച്ചു. നിലപാടുകളില്‍ നിലയുറപ്പിച്ചു നിന്നു. ഇടതുപക്ഷ സഹയാത്രികര്‍ പാര്‍ട്ടിക്കൂറുപോലും മറന്ന് സതീശനെ പിന്തുണച്ചു യു.ഡി.എഫിനു വോട്ടു ചെയ്തു.
കോണ്‍ഗ്രസിലെ ചില നേതാക്കള്‍ നിരന്തരം തന്നെ ലക്ഷ്യം വയ്ക്കുന്നു എന്ന തോന്നല്‍ ഏറെക്കാലമായി ഉണ്ട് സതീശന്. മനംനൊന്ത് ഒരിക്കല്‍ രാഹുല്‍ ഗാന്ധിയെ കണ്ട് സങ്കടം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ നിന്നുതന്നെ മാറിനില്‍ക്കാം എന്നറിയിച്ചു. രാഹുല്‍ ഗാന്ധി ശാസിച്ചു. തിരഞ്ഞെടുപ്പില്‍നിന്ന് മാറിനില്‍ക്കാം എന്നോ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇല്ല എന്നോ മിണ്ടിപ്പോകരുത് എന്ന് സ്നേഹപൂര്‍വം ഉപദേശിച്ചു.
1996ലെ തിരഞ്ഞെടുപ്പില്‍ വി.ഡി.സതീശനെ പറവൂരില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് എ.കെ.ആന്‍റണിയോട് ശുപാര്‍ശ ചെയ്തത് ജി.കാര്‍ത്തികേയനാണ്. സതീശന്‍റെ ഗുരുസ്ഥാനത്താണ് കാര്‍ത്തികേയന്‍. അന്ന് എന്‍.എസ്‍.യു(ഐ)ഭാരവാഹിയായിരുന്ന സതീശനില്‍ ഏറെ പ്രതീക്ഷയുണര്‍ത്തുന്ന നേതൃത്വഗുണം കണ്ടു കാര്‍ത്തികേയന്‍.എറണാകുളം ജില്ലയില്‍ ഇടതുപക്ഷത്തിന്‍റെ ഏറ്റവും ശക്തമായ സീറ്റ് എന്നു വിശേഷിപ്പിക്കാവുന്ന പറവൂരില്‍ ആ തിരഞ്ഞെടുപ്പില്‍ സതീശന്‍ തോറ്റു. 2001ല്‍ അടുത്ത തിരഞ്ഞെടുപ്പ് ആയപ്പോള്‍ പറവൂരില്‍തന്നെ മത്സരിക്കാന്‍ ആഗ്രഹിച്ച സതീശനു മുന്നില്‍ മറ്റൊരു തടസ്സം വന്നുപെട്ടു.
മുമ്പു നടന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ കെ.വി.തോമസ് 7000 വോട്ടിനു പിന്നില്‍ പോയ പറവൂരില്‍ സതീശന് ജയസാധ്യതയില്ല എന്ന റിപ്പോര്‍ട്ട് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയിരുന്നു. പറവൂരില്‍ ജനിച്ചുവളര്‍ന്ന കെ.പി.ധനപാലന്‍ പോലും എ.കെ.ആന്‍റണിയെ അങ്ങനെ വിശ്വസിപ്പിച്ചു. സതീശനില്‍ താല്‍പര്യമുണ്ടായിരുന്ന ആന്‍റണി മറ്റേതെങ്കിലും മണ്ഡലത്തിലേക്കു മാറാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച സതീശനെ മറ്റു നേതാക്കളുടെ അഭിപ്രായംകൊണ്ടും കണക്കുകള്‍ക്കൊണ്ടും ആന്‍റണി നേരിട്ടു. പക്ഷേ മണ്ഡലത്തെക്കുറിച്ചും ജയസാധ്യതയെക്കുറിച്ചും മറ്റൊരു ചിത്രം ആന്‍റണിക്കു മുന്നില്‍ അവതരിപ്പിക്കാന്‍ സതീശനു കഴിഞ്ഞു. അങ്ങനെ പറവൂരില്‍ സതീശന്‍ തന്നെയെന്ന് പാര്‍ട്ടി തീരുമാനിച്ചു. അന്ന് എം.എല്‍.എ ആയ സതീശന്‍ പിന്നീട് തുടര്‍ച്ചയായി പറവൂരില്‍നിന്ന് വിജയിച്ചുവന്നു.
കപ്പിനും ലിപ്പിനും ഇടയില്‍ നഷ്ടപ്പെട്ടതിനെക്കുറിച്ച് ഒരു ദുരന്തനായകനെപ്പോലെ സതീശന്‍ സംസാരിച്ചിട്ടുണ്ടെങ്കിലും പൂരിപ്പിക്കപ്പെടാത്തതും പുറത്തുവരാത്തതുമായ ഏറെ കാര്യങ്ങളുണ്ട്. 2011ലെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ സതീശന്‍ എങ്ങനെ അംഗമാകാതെ പോയി? രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാനായിരുന്ന പി.ജെ.കുര്യന്‍റെ ഡല്‍ഹിയിലെ ഓഫിസില്‍ ഇരുന്ന് മന്ത്രിസഭ അംഗങ്ങളുടെ പട്ടിക ഉമ്മന്‍ ചാണ്ടി തയ്യാറാക്കുമ്പോള്‍ രമേശ് ചെന്നിത്തലയുടെ കോള്‍ വന്നു. സതീശനെ ഒഴിവാക്കാന്‍ എ ഗ്രൂപ്പിനും ഐ ഗ്രൂപ്പിനും ഒരു നിമിത്തമേ വേണ്ടിയിരുന്നുള്ളൂ. മന്ത്രിയാക്കുമെന്ന് വിളിച്ചുപറഞ്ഞവര്‍ തന്നെ പിന്നീടൊന്നും പറയാതെ നടത്തിയ കടുംവെട്ട്.
പിന്നീട് സതീശനോട് സ്പീക്കറാകണം എന്ന് ആവശ്യപ്പെട്ടു. അതു നിരസിച്ചതിനും പുറത്തറിയാത്തൊരു കാരണമുണ്ട്. ആദ്യംസ്പീക്കറായി പരിഗണിച്ചത് ജി.കാര്‍ത്തികേയനെയാണ്. മന്ത്രിയാകാന്‍ ആഗ്രഹിച്ച അദ്ദേഹം സ്പീക്കര്‍സ്ഥാനം നിരസിച്ചു. കാര്‍ത്തികേയനോട് ഏറ്റവും അടുപ്പമുള്ള സതീശനെ പറഞ്ഞയച്ച് നേതാക്കള്‍ കാര്‍ത്തികേയനില്‍ സമ്മര്‍ദ്ദം ചെലുത്തി. സതീശന്‍ ഒരുവിധം കാര്‍ത്തികേയനെക്കൊണ്ട് സമ്മതിപ്പിച്ചു. അതിനുശേഷമാണ് മന്ത്രിസഭയില്‍ തീര്‍ച്ചയായും ഉണ്ടാവുമെന്നു കരുതിയ സതീശന്‍ പുറത്തായത്. സതീശനെ ഉള്‍പ്പെടുത്താന്‍ കാര്‍ത്തികേയനെ പുറത്തുനിര്‍ത്താന്‍ നേതൃത്വം തീരുമാനിച്ചു. പക്ഷേ അതിനു സതീശന്‍ വഴങ്ങിയില്ല. കാര്‍ത്തികേയനെ പറഞ്ഞ് സമ്മതിപ്പിച്ച താന്‍ തന്നെ ആ സ്ഥാനം ഏറ്റെടുക്കില്ല എന്ന് വളരെ ശക്തമായ ഭാഷയിലാണ് ഉമ്മന്‍ ചാണ്ടിയോടും രമേശിനോടും പറഞ്ഞത്. തനിക്ക് ഒരു അച്ഛനേയുള്ളൂ എന്ന്. അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് സതീശനുതന്നെ പിന്നീട് തോന്നിയിട്ടുണ്ട്.
മതഗ്രന്ഥങ്ങളുടെ മതാതീത വായനക്കാരനാണു സതീശന്‍. തോമാശ്ലീഹയെ 'സംശയാലുവായ ശിഷ്യനെന്ന് വിളിക്കരുത്' എന്നായിരുന്നു ക്രൈസ്തവ സഭാപിതാക്കന്മാര്‍ സന്നിഹിതരായിരുന്ന ഒരു വേദിയില്‍ സതീശന്‍റെ വാദമുഖം. ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ ആലേഖനം ചെയ്ത 'ഈ മനുഷ്യന്‍ യഥാര്‍ഥത്തില്‍ നീതിമാനായിരുന്നു' എന്ന ബൈബിള്‍ ഉദ്ധരണി വി.ഡി.സതീശന്‍ ഉമ്മന്‍ചാണ്ടിയെക്കുറിച്ച് നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന് കടമെടുത്തതാണെന്ന് ചാണ്ടി ഉമ്മന്‍ പൊതുവേദിയില്‍ പറഞ്ഞിട്ടുണ്ട്.
രണ്ടാംപിണറായി മന്ത്രിസഭയിലെ മന്ത്രിമാര്‍ പുറത്തിറങ്ങിയാല്‍ കരിങ്കൊടിയും ചെരുപ്പേറും കിട്ടിക്കൊണ്ടിരുന്ന ഒരു പ്രക്ഷോഭകാലത്ത് രാത്രിയിലാണ് വി.ഡി.സതീശന്‍റെ വാഹനം ആലപ്പുഴയിലെത്തിയത്. ചുവന്നബീക്കണും സ്റ്റേറ്റ് നമ്പര്‍പ്ലേറ്റും കണ്ട യൂത്ത് കോണ്‍ഗ്രസുകാര്‍ കരിങ്കൊടിയുമായി വാഹനത്തിന് മുന്നിലേക്ക് ചാടിവീണു. വണ്ടി നിര്‍ത്തി പുറത്തേക്കിറങ്ങിയ സതീശന്‍ ചിരിച്ചുകൊണ്ട് പ്രവര്‍ത്തകരുടെ അടുത്തെത്തിയപ്പോഴാണ് അവര്‍ അബദ്ധം തിരിച്ചറിഞ്ഞത്. അതുപോലെ പാര്‍ട്ടിക്ക് ഒരുപാട് തിരിച്ചറിവുകള്‍ സമ്മാനിച്ചാണ് സതീശന്‍ നാടിന്‍റെ സാരഥ്യത്തില്‍ എത്തുന്നത്.
സതീശന്‍റെ ഇപ്പോഴത്തെ ജനപ്രീതി കാണുമ്പോള്‍ എനിക്കോര്‍മ്മ വരുന്നത് മോഹന്‍ലാലിന്റെ മംഗലശേരി കാര്‍ത്തികേയന്റെ ഒരു ഡയലോഗാണ്... 'എന്തോ എന്നെ ഇഷ്ടമാണ് ആളുകള്‍ക്ക്'... പതിനഞ്ചുവര്‍ഷം മുന്‍പ് ഇതേ ഡയലോഗ് സതീശന്‍ എന്നോടു തന്നെ പറഞ്ഞിട്ടുമുണ്ട്, 'നേരേ ചൊവ്വേ'യില്‍ . പക്ഷേ ഇപ്പോഴത്തെ അളവിലുള്ള ജനകീയത സതീശന്‍ തന്നെ സങ്കല്‍പ്പിച്ചതിലും എത്രയോ അധികം. താനെത്ര ജനകീയനായത് എങ്ങനെയെന്ന് അദ്ദേഹത്തെതന്നെ അദ്ഭുതപ്പെടുത്തുന്നു കാലം.
എത്രയും ജനകീയനായ പ്രിയ സുഹൃത്തിനോട് ഇത്രയും കൂടി പറയട്ടെ, ആരാധനയുടെ അന്ധാക്ഷരങ്ങളാല്‍ എഴുതപ്പെടുന്ന ചരിത്രമല്ല നിലനില്‍ക്കുന്നത്. വൈകാരികതയ്ക്കല്ല, സംയമനത്തിനാണ് ആയുസ്. കവി പറഞ്ഞതുപോലെ 'ഉഷ്ണപ്രവാഹങ്ങള്‍ക്കുമേല്‍ ശാന്തമാവും ആഴിപോലാവണം മനസ്സ്'. പ്രതിപക്ഷനേതാവിന്‍റെ വിനിമയവീര്യമല്ല മുഖ്യമന്ത്രിക്കു വേണ്ടത്. പിന്നെയോ സഹഭാവവും സ്നേഹവും.
കോണ്‍ഗ്രസ് വ്യവസ്ഥയുടെ വീടല്ല. മുതിരുമ്പോള്‍ എതിരാവുന്ന നേതാക്കള്‍ വേണ്ടത്രയുണ്ട്. മിടിപ്പുള്ള കാലത്തുതന്നെ ജനങ്ങളെ മടുപ്പിക്കാതെ നോക്കുക. മുറിവുകളില്‍ പാര്‍ക്കരുത്. ഏകവചന വിശ്വാസിയാവരുത്. പറയുന്നതിനത്രയെങ്കിലും കേള്‍ക്കുക. കണ്ണുകള്‍ക്കാണ് സത്യസന്ധത ചെവിയേക്കാള്‍. അയ്യപ്പപണിക്കരുടെ ഒരു വാചകം കൂട്ടാവട്ടെ. നമ്മുടെ കാലത്ത് ഒരാളും ഒരാള്‍ മാത്രമല്ല. എപ്പോഴും ഉള്ളിലും പുറത്തും മറ്റൊരാള്‍ കാണും. വോട്ടു ചെയ്യുന്നതില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നു ജനങ്ങളുടെ ഇടപെടല്‍ എന്നു കരുതരുത്. അധികാരത്തിനു സ്വയം കുത്തഴിയുന്ന സ്വഭാവമുണ്ടെന്ന് എപ്പോഴും ഓര്‍ക്കുക.
ലോട്ടറിവിവാദത്തില്‍ പാര്‍ട്ടിക്കുവേണ്ടി അഹോരാത്രം പണിയെടുത്ത സതീശന്‍ ഭാഗ്യത്തില്‍ വിശ്വസിക്കുന്നയാളല്ല. മുഖ്യമന്ത്രിക്കസേര ലോട്ടറിയല്ലെന്ന് പ്രഖ്യാപിച്ചത് ജനങ്ങളാണ്. അതുകൊണ്ടുതന്നെയാണ് 'പട നയിച്ചവന്‍ നാട് നയിക്കട്ടെ' എന്ന ബാനറുമായി അവര്‍ തെരുവിലിറങ്ങിയതും. അതൊരു സാംക്രമിക ഉണര്‍ച്ചയായിരുന്നു. ഭാവിപക്ഷഭാഷയില്‍ സംസാരിക്കാനും പ്രവര്‍ത്തിക്കാനും കേരളത്തിന്‍റെ പുതിയ മുഖ്യമന്ത്രിക്കു കഴിയട്ടെ. മനസുനിറഞ്ഞ ആശംസകള്‍, മലയാള മണ്ണിന്‍റെ തലയാളനും, നമ്മുടെ കേരളത്തിനും.