മലപ്പുറം കൊണ്ടോട്ടിയിൽ നടന്ന ഒരു വിവാഹ ചടങ്ങിൽ നിന്ന് അലിൻ ജോസ് പെരേരയെ അപമാനിച്ചിറക്കിവിട്ടുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചാരണം. ചടങ്ങിൽ അതിഥിയായെത്തിയതാണ് അലിന്‍. അല്പസമയത്തിന് ശേഷം അവിടെ നിന്ന് ഇറങ്ങിപ്പോവുന്ന അലിൻ ജോസ് പെരേരയുടെ വിഡിയോയാണ് പ്രചരിക്കുന്നത്. വിഡിയോ വൈറലായിട്ടും അലിൻ ജോസ് പെരേര ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
വിവാഹ സംഘം പിന്നാലെ ചെന്ന് പകർത്തിയതാണ് അലിൻ ഇറങ്ങി റോഡിലൂടെ പോകുന്ന വിഡിയോ. വേദി വിട്ട അലിന്റെ വസ്ത്രത്തിൽ ഒരു സംഘം പിടിച്ചുവലിക്കുന്നതും ഇയാൾ ഓടുന്നതും വിഡിയോയില്‍ വ്യക്തമായി കാണാം. വിവാഹത്തിന് ക്ഷണിച്ചുവരുത്തിയ ശേഷം അലിൻ ജോസ് പെരേരയെ അപമാനിക്കുകയും വസ്ത്രം അഴിപ്പിക്കുകയും ചെയ്തെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം.
സമൂഹമാധ്യമങ്ങളിൽ സിനിമയുടെ റിവ്യൂ പറഞ്ഞാണ് അലിൻ ജോസ് പെരേര വൈറലായത്. അതിന് ശേഷം വിവാഹങ്ങൾക്കും മറ്റ് പരിപാടികൾക്കും അതിഥിയായി ഇയാള്‍ എത്താറുണ്ട്. അലിന്റെ പിറകെ നടന്ന് സംഘം പരിഹസിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ അലിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.