പാടാനത്രയൊന്നും പ്രാവീണ്യമില്ലെങ്കിലും ആഗ്രഹത്തിന് അതിരില്ലല്ലോ. അതിനാലൊന്നു പാടിനോക്കി. അതും കരോക്കയുടെ അകമ്പടിയോടെ. പത്തുപേര്‍ കേട്ടോട്ടെ എന്നു കരുതി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റും ചെയ്തു. പക്ഷേ പിന്നെ സംഭവിച്ചത് ഒട്ടും സഹിക്കാവുന്നതായിരുന്നില്ല. ട്രോളോട് ട്രോള്‍. അത് പിന്നെ സൈബര്‍ ആക്രമണമായി. പാടേണ്ടെന്നായിപ്പോയിട്ടുണ്ടാകും.
'' സുഹൃത്തുക്കളുടെ അഭ്യര്‍ത്ഥന മാനിച്ച് 4 The People എന്ന സിനിമയിലെ, '' ലജ്ജാവതിയേ '' എന്നു തുടങ്ങുന്ന പാട്ട് ഇന്ന് പാടാമെന്ന് തീരുമാനിച്ചു. ശരിയാവുമോ എന്നറിയില്ല. ശ്രദ്ധിക്കുമല്ലോ.. '' എന്ന ക്യാപ്ഷനോടെയാണ് സുബ്രഹ്മണ്യന്‍ പാട്ട് പോസ്റ്റ് ചെയ്തത്.
സുബ്രഹ്മണ്യന്‍റെ പാട്ട് പക്ഷേ നിലം തൊട്ടില്ല. പൊതു പ്രതികരണം അത്രയ്ക്ക് കടുത്തതായിരുന്നു. കമന്‍റ് ബോക്സ് നിറയെ ലജ്ജിപ്പിക്കുന്ന ചീത്തവളിയും കളിയാക്കലും. പാട്ടുകാരന്‍റെ ഒരാഗ്രഹമായി കണ്ടാല്‍ മതിയെന്ന ഒറ്റപ്പെട്ട പ്രതികരണങ്ങള്‍ക്ക് സൈബര്‍ അറ്റായ്ക്കില്‍ ഇടമേയുണ്ടായില്ല.
ഹരിമുരളിരവം ഒന്നു പാടാമൊ, കാരണവര്‍ക്ക് ഇതെന്തിന്‍റെ കേടാ, പ്രായം കൊണ്ട് മാത്രം രക്ഷപ്പെട്ടു, പാടാൻ നിർബന്ധിച്ചവർ സുഹൃത്തുക്കളല്ല എന്നുറപ്പ്, തുടങ്ങി നെഗറ്റീവ് കമന്‍റുകളുടെ പൂരമാണ് കമന്‍റ് ബോക്സിലാകെ. അദ്ദേഹത്തിന് പറ്റുന്ന പോലെ അദ്ദേഹം പാടുന്നു, അതിനെന്തിനാണ് ഇങ്ങനെ അധിക്ഷേപിക്കുന്നത് എന്ന തരത്തില്‍ അനൂകൂലിക്കുന്ന ചില കമന്‍റുകളുമുണ്ട്.