ത്രിവര്‍ണ നിറത്തിലുളള റിബ്ബണ്‍ മുറിച്ച് ഉദ്ഘാടനം നിര്‍വഹിക്കാന്‍ വിസമ്മതിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല. ഇന്ത്യന്‍ പതാകയുടേതിന് സമാനമായ റിബ്ബണ്‍ മുറിക്കാനാകില്ലെന്ന് പറഞ്ഞ ഒമര്‍ അബ്ദുല്ല റിബ്ബൺ അഴിച്ചെടുത്ത് മാറ്റിയ ശേഷം അകത്തേക്ക് പ്രവേശിക്കുകയായിരുന്നു. ശ്രീനഗറിലെ കശ്മീർ ഹാത്തിൽ നടക്കുന്ന കൈത്തറി കരകൗശല പ്രദർശന മേള ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.
ഉദ്ഘാടനത്തിന് തൊട്ടുമുന്‍പാണ് സംഘാടകര്‍ തയ്യാറാക്കിയ നാട ഒമറിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. ഇന്ത്യന്‍ പതാകയുടേതിന് സമാനമായ റിബ്ബണ്‍ മുറിക്കാന്‍ സാധിക്കില്ലെന്ന് സംഘാടകരോട് പറഞ്ഞ ഒമര്‍ ത്രിവര്‍ണനാട സുരക്ഷിതമായി സൂക്ഷിക്കാനും നിര്‍ദേശം നല്‍കി. ഇരു ഭാഗത്ത് നിന്നും റിബ്ബൺ അഴിച്ചെടുത്ത് മാറ്റിയ ശേഷാണ് ഒമര്‍ അബ്ദുല്ല അകത്തേക്ക് പ്രവേശിച്ചത്.
സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചതോടെ ഒമറിന് കയ്യടിയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. റിബ്ബണ്‍ മുറിച്ചില്ലെങ്കിലും കശ്മീർ ഹാത്തിലെ മറ്റു പരിപാടികളൊക്കെ നിശ്ചയിച്ച പ്രകാരം തന്നെ നടന്നു. 2 ദിവസം നീണ്ടുനില്‍ക്കുന്നതാണ് ഹാത്തിലെ കൈത്തറി കരകൗശല പ്രദർശന മേള.