ചിക്കമഗളൂരുവില്‍ വിനോദ യാത്രയ്ക്കിടെ കാണാതായ ശ്രീനന്ദയുടേത് അപകടമരണം ആകാമെന്ന് ബന്ധുക്കള്‍. മൃതദേഹം കണ്ടെത്തിയ സ്ഥലം അത് ബലപ്പെടുത്തുന്നുണ്ടെന്നും ശ്രീനന്ദയുടെ പിതാവിന്‍റെ സഹോദരന്‍ ശശികുമാര്‍ പറയുന്നു. വിനോദസഞ്ചാരികളുടെ സുരക്ഷാര്‍ഥം ബാരിക്കേഡ് കെട്ടി വ്യൂപോയിന്‍റില്‍ തിരിച്ചിട്ടുണ്ട്. എന്നാല്‍ ശ്രീനന്ദ ഇത് മറികടന്ന് പാറയ്ക്കടുത്തേക്ക് പോയി താഴേക്ക് നോക്കുന്നത് കണ്ടുവെന്നും ശ്രദ്ധയില്‍പ്പെട്ടതോടെ വിലക്കി തിരികെ കയറ്റിയെന്നും ശശികുമാര്‍ പറയുന്നു. എന്നാല്‍ ഇവിടെ പാറപ്പുറത്തിരുന്ന് പകര്‍ത്തിയ സെല്‍ഫിയാണ് ശ്രീനന്ദയുടെ ഒടുവിലത്തെ ചിത്രം. സുഹൃത്താണ് ചിത്രം പകര്‍ത്തിയത്. ഈ ചിത്രം പകര്‍ത്തിയ ശേഷം ശ്രീനന്ദയെ കാണാതാവുകയായിരുന്നു. 

'ഒരു തവണ കുട്ടി ബാരിക്കേഡിന് പുറത്ത് പോയതാണ്. വഴക്കു പറഞ്ഞ് അകത്ത് കയറ്റി. പിന്നെ അവിടെ ഇരിക്കുകയായിരുന്നു. അതിന്‍റെയിടയ്ക്ക് രണ്ടാമത് വീണ്ടും പോയിക്കാണും. അങ്ങനെ സംഭവിച്ചിരിക്കാം. അതിന് സാധ്യതയുണ്ട്. പൊലീസിന്‍റെ അന്വേഷണം നടക്കട്ടെ'– എന്നാണ് ശ്രീനന്ദയുടെ കുടുംബം പറയുന്നത്. 

ശ്രീനന്ദയുടേത് അപകടമരണമാണെന്ന് ചിക്കമഗളൂരു പൊലീസും വ്യക്തമാക്കിയിരുന്നു. മൃതദേഹത്തില്‍  മറ്റുപരുക്കുകളില്ലെന്നും അന്തിമനിഗമനം അന്വേഷണത്തിന് ശേഷം കൈക്കൊള്ളാമെന്നും എസ്പി അറിയിച്ചു. പ്രദേശത്ത് ആദ്യമായാണ് ഇത്തരമൊരു അപകടം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. തലയുടെ വലത് ഭാഗത്ത് ആഴത്തിലേറ്റ മുറിവാണ് മരണകാരണം ശ്രീനന്ദയുടെ മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിെന അടിസ്ഥാനമാക്കിയുള്ള പ്രാഥമിക നിഗമനം. കുട്ടിയുടെ ശരീരമാസകലം പോറലേറ്റ പാടുകളുണ്ട്. 1500 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണപ്പോള്‍ മരച്ചില്ലകളിലും പാറകളിലും തട്ടിയതാകാം ഇതെന്നും പൊലീസ് പറയുന്നു.

പാലക്കാട് നിന്ന് കുടുംബസമേതം വിനോദയാത്രയ്ക്കായി പോയതായിരുന്നു ശ്രീനന്ദ. ബാബാ ബുധന്‍ഗിരിയിലെ വ്യൂ പോയിന്‍റില്‍ വച്ച് കുട്ടിയെ കാണാതാവുകയായിരുന്നു. കാണാതായി നാലാം ദിവസമാണ് തിരച്ചിലിനിടെ മൃതദേഹം കണ്ടെത്തിയത്. തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. 

ENGLISH SUMMARY:

The body of a young girl named Sreenanda was recovered from a 1500-foot-deep ravine in Chikmagalur after a four-day search operation. She went missing during a family trip to the Baba Budangiri viewpoint when she allegedly crossed safety barricades. Her family revealed that she had been warned once for crossing the safety line but likely returned to take a selfie. Initial autopsy reports suggest that a deep wound on the right side of her head was the cause of death. Police officials stated that the body bore multiple scratches, likely caused by hitting trees and rocks during the steep fall. Thermal drones were utilized by rescue teams to locate the body in the dense and difficult terrain. Authorities have categorized the incident as an accidental death and are continuing their formal investigation.