പാലക്കാട് ഒറ്റപ്പാലം- ചെർപ്പുളശേരി റൂട്ടിൽ നാളെ (തിങ്കൾ) മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്. നവീകരണത്തിന്‍റെ ഭാഗമായി പൊളിച്ചിട്ട റോഡ് മാസങ്ങളായിട്ടും നന്നാക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. റൂട്ടിലെ എൺപതോളം ബസുകൾ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കും.
നവീകരണത്തിന്‍റെ ഭാഗമായി മാസങ്ങൾക്ക് മുൻപ് പൊളിച്ചിട്ടതാണ് ഒറ്റപ്പാലം- ചെർപ്പുളശേരി റോഡ്. മഴക്കാലമായതോടെ റോഡ് ചെളിക്കുളമായി, യാത്രാദുരിതം ഏറി. ഈ റൂട്ടിൽ ബസുകൾ ചെളിയിൽ പുതയുന്നതും കേടായി നിൽക്കുന്നതും പതിവായി. നഷ്‌ടം സഹിച്ച് മുന്നോട്ട് പോകാൻ കഴിയില്ലന്നാണ് സ്വകാര്യ ബസ് ഉടമകൾ പറയുന്നത്.
ഒറ്റപ്പാലം മുതൽ കിഴൂർ റോഡ് വരെയുള്ള ഭാഗത്തെ നിർമാണമാണ് ഇഴഞ്ഞു നീങ്ങുന്നത്. പാതയിലെ കുഴികളിൽ ക്വാറി വേസ്റ്റ് തള്ളുന്നതിനു പകരം മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചു കുഴികൾ നിരത്തി നിരപ്പാക്കണമെന്നാണ് ആവശ്യം. റോഡ് താത്കാലികമായി ഗതാഗതയോഗ്യമാക്കും വരെ സമരം തുടരുമെന്നാണ് സ്വകാര്യ ബസ് ഉടമകൾ വ്യക്തമാക്കുന്നത്.