മൊബൈൽ നെറ്റ് വർക്കില്ലാത്തതിനെ തുടർന്ന് പാലക്കാട് നെല്ലിയാമ്പതി കൊട്ടേങ്കാട്ടിൽ നൂറോളം തോട്ടം തൊഴിലാളി കുടുംബങ്ങൾ ദുരിതത്തിൽ. മൂന്ന് കിലോമീറ്ററോളം ദൂരം സഞ്ചരിച്ചാലാണ് അടിയന്തര ആവശ്യങ്ങൾക്ക് പോലും ഫോൺ വിളിക്കാൻ കഴിയുന്നത്.
പുറംലോകവുമായി ഫോണിൽ ബന്ധപ്പെടാൻ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥ. നെല്ലിയാമ്പതി ചന്ദ്രാമല ഡിവിഷൻ കോട്ടേങ്കാട് ഭാഗത്താണ് മൊബൈൽ നെറ്റ് വർക്ക് ഇല്ലാതെ ഈ ദുരിതം. ആദിവാസി വിഭാഗം ഉൾപ്പെടെ നൂറോളം തോട്ടം തൊഴിലാളി കുടുംബങ്ങളാണ് ഇവിടെയുള്ളത്. അടിയന്തര ആവശ്യങ്ങൾക്ക് പോലും ഫോൺ വിളിക്കണമെങ്കിൽ ഇവിടെ നിന്ന് ഏതാണ്ട് മൂന്നു കിലോമീറ്റർ അകലെയുള്ള പുലയമ്പാറ ജംഗ്ഷനിൽ എത്തണം.
രാത്രികാലങ്ങളിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം പതിവായതോടെ ഇവിടെ ആളുകൾ പുറത്തിറങ്ങുന്നത് ഭീതിയോടെയാണ്. ഇതിനൊപ്പം നെറ്റ് വർക്കും കൂടി ഇല്ലാത്ത അവസ്ഥ ഇവരെ കൂടുതൽ ദുരിതത്തിലാക്കുന്നു. കൈകാട്ടി, സീതാർകുണ്ട് ബിഎസ്എന്‍എല്‍ ടവറുകൾ അടുത്തിടെ ഫോർ ജിയാക്കി മാറ്റി. എങ്കിലും കൊട്ടേങ്കാടിന് അതിന്‍റെ ഗുണം ലഭിച്ചില്ല. പ്രദേശത്ത് ആന്‍റിന സ്ഥാപിക്കാനുള്ള വനം വകുപ്പിന്‍റെ നടപടി തുടങ്ങിയിട്ടുണ്ട്. നെറ്റ് വർക്ക് പ്രതിസന്ധിയിൽ എത്രയും വേഗത്തിലുള്ള ഇടപെടൽ ആവശ്യപ്പെട്ട് ജില്ലാ കലക്ടർക്കും ജില്ല ബിഎസ്എന്‍എല്‍ മാനേജർക്കും പ്രദേശവാസികൾ നിവേദനം നൽകിയിട്ടുണ്ട്.