കോട്ടയത്തും പാലക്കാട്ടും കണ്ണൂരും തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ 22 പേർക്ക് പരുക്കേറ്റു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ അമ്മയോടൊപ്പം ഉണ്ടായിരുന്ന അഞ്ചുവയസ്സുകാരിയെയും തെരുവുനായ ആക്രമിച്ചു. പാലക്കാട്ട് കടിയേറ്റവരിൽ സ്കൂൾ വിദ്യാർഥിനിയും രക്ഷിതാക്കളും ഉൾപ്പെടുന്നു. കണ്ണൂരിൽ ജോലിക്ക് പോയ ഏഴു പേർക്കാണ് പരുക്കേറ്റത്.
കോട്ടയത്ത് കുടയംപടി, ചുങ്കം, വാരിശ്ശേരി പ്രദേശങ്ങളിലും മെഡിക്കൽ കോളജ് ആശുപത്രി വളപ്പിലുമാണ് തെരുവുനായ ആക്രമണം ഉണ്ടായത്. പരുക്കേറ്റ പന്ത്രണ്ടിൽ ഏഴു പേർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. കയ്യിലും കാലിലുമാണ് മിക്കവർക്കും പരുക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ ലോട്ടറി വിൽക്കുകയായിരുന്ന ഏറ്റുമാനൂർ പട്ടിത്താനം സ്വദേശി വിന്നുവിൻ്റെ അഞ്ചുവയസ്സുള്ള മകളെയും തെരുവ് നായ ആക്രമിച്ചു. കഴുത്തിനു പരുക്കേറ്റ കുഞ്ഞ് കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിലാണ്.
പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ 53 ആം മൈലിൽ സ്കൂളിൽ പോകാൻ ബസ് കാത്തുനിന്ന വിദ്യാർഥികളെയാണ് തെരുവുനായ ആക്രമിച്ചത്. ആറാം ക്ലാസുകാരിയായ വിദ്യാർഥിനിക്കും കുട്ടികളെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച രണ്ട് രക്ഷിതാക്കൾക്കും പരുക്കേറ്റു. ഇവരെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ കുന്നോത്ത്പറമ്പിൽ ജോലിക്ക് പോവുകയായിരുന്ന ഏഴുപേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. പരുക്കേറ്റവർ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിൽസ തേടി. തെരുവു നായ്ക്കളെ മാറ്റാൻ തദ്ദേശസ്ഥാപനങ്ങൾ ഒന്നും ചെയ്യുന്നില്ലെന്നാണ് പരാതി.