കണ്ണൂർ താവക്കരയിൽ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ച് രണ്ട് വിദ്യാർത്ഥിനികൾക്ക് ഗുരുതരമായി പരുക്കേറ്റു. വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെ താവക്കര റോഡിലാണ് അപകടമുണ്ടായത്. പാനൂർ സ്വദേശിനി ആവണി, ചെറുപറമ്പ് സ്വദേശിനി സ്നേഹ എന്നിവർക്കാണ് പരുക്കേറ്റത്. കണ്ണൂരിലെ സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ബി.എസ്.സി വിദ്യാർത്ഥിനികളായ ഇരുവരെയും അപകടത്തിന് തൊട്ടുപിന്നാലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിദ്യാർത്ഥിനികൾ റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ ബസ് ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കണ്ണൂർ - വടകര റൂട്ടിലോടുന്ന 'ഐവാൻ' എന്ന സ്വകാര്യ ബസ്സാണ് അപകടമുണ്ടാക്കിയത്. ബസ് അമിതവേഗതയിലായിരുന്നുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും പൊലീസും സ്ഥിരീകരിച്ചു.
സംഭവത്തിൽ ബസ് ഡ്രൈവർ ആദർശിനെയും കണ്ടക്ടറെയും കണ്ണൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. അമിതവേഗതയും അശ്രദ്ധമായി വാഹനമോടിച്ചതുമാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പ്രാഥമികമായി അറിയിച്ചു. അപകടമുണ്ടാക്കിയ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.