• ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് പി.ടി. ഉഷയ്ക്ക് തിരിച്ചടി. സ്പോർട്സ് പേഴ്സൺ ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് വിഭാഗത്തിലെ വനിതാ പ്രതിനിധികളുടെ തിരഞ്ഞെടുപ്പിലാണ് ഉഷ പരാജയപ്പെട്ടത്.

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് പി.ടി. ഉഷയ്ക്ക് തിരിച്ചടി. സ്പോർട്സ് പേഴ്സൺ ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് വിഭാഗത്തിലെ വനിതാ പ്രതിനിധികളുടെ തിരഞ്ഞെടുപ്പിലാണ് ഉഷ പരാജയപ്പെട്ടത്. 80 പേർ വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിൽ ഉഷയ്ക്ക് 50ൽ താഴെ വോട്ടുകൾ മാത്രമാണ് ലഭിച്ചത്. മുൻ അത്‌ലീറ്റ് അഞ്ജു ബോബി ജോർജ് തിരഞ്ഞെടുപ്പിൽ ഒന്നാം സ്ഥാനം നേടി. ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ, അമ്പെയ്ത്ത് താരം ഡോല ബാനർജി, മുൻ ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ റാണി രാംപാൽ എന്നിവരും വിജയിച്ചു. ന്യൂ ഭാരത് പാനലിലെ മുഴുവൻ സ്ഥാനാർഥികളും വനിതാ വിഭാഗത്തിൽ വിജയം സ്വന്തമാക്കി. Also Read: 'ഞാന്‍ ആരെയും ഒറ്റിയിട്ടില്ല'; പന്തു ചുരണ്ടിയതിന്‍റെ ഉത്തരവാദിത്തം എല്ലാവരും ഏല്‍ക്കണം; ഉസ്മാന്‍ ഖവാജ

ജനറൽ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തത് ഐഒഎ അധ്യക്ഷ സ്ഥാനത്ത് രണ്ടാം തവണയും തുടരാനുള്ള പി.ടി. ഉഷയുടെ ശ്രമങ്ങൾക്ക് തിരിച്ചടിയായിരിക്കുകയാണ്. ജനറൽ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാത്രമേ ഡിസംബർ അഞ്ചിന് നടക്കാനിരിക്കുന്ന അധ്യക്ഷ തിരഞ്ഞെടുപ്പിൽ മല്‍സരിക്കാൻ സാധിക്കൂ.

ആദ്യമായാണ് ഇത്തരമൊരു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും വോട്ടർമാരുടെ തീരുമാനം മാനിക്കുന്നുവെന്നും അഞ്ജു ബോബി ജോർജ് പ്രതികരിച്ചു. ഡിസംബർ അഞ്ചിന് നടക്കുന്ന അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്നും അവർ വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് മുന്നോടിയായി പി.ടി. ഉഷയും ന്യൂ ഭാരത് പാനലും തമ്മിൽ തർക്കം നിലനിന്നിരുന്നു. തന്നെ പരാജയപ്പെടുത്താൻ സംഘടിത നീക്കം നടക്കുന്നുവെന്നും ന്യൂ ഭാരത് പാനൽ വാട്സാപ്പിലൂടെ തനിക്കെതിരെ പ്രചാരണം നടത്തുന്നുവെന്നും ഉഷ ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച് ഭരണാധികാരികൾക്ക് പരാതിയും നൽകിയിരുന്നു. തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ലംഘിച്ച് എതിർപക്ഷം പ്രചാരണം നടത്തിയെന്ന ആരോപണങ്ങൾക്കിടെയാണ് വോട്ടെടുപ്പ് നടന്നത്.

വനിതാ വിഭാഗത്തിൽ നാല് ഒഴിവുകളിലേക്ക് ആറ് സ്ഥാനാർഥികൾ മത്സരരംഗത്തെത്തിയതോടെയാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. അതേസമയം, പുരുഷ വിഭാഗത്തിൽ നാല് ഒഴിവുകളിലേക്ക് നാല് പേർ മാത്രമാണ് മല്‍സരിച്ചത്. അതിനാൽ പുരുഷ വിഭാഗത്തിലെ സ്ഥാനാർഥികളെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ENGLISH SUMMARY:

Indian Olympic Association President PT Usha has lost the election for women's representatives under the Sports Persons of Outstanding Merit category, securing fewer than 50 votes out of 80. Anju Bobby George finished first, while Saina Nehwal, Dola Banerjee and Rani Rampal also won. The defeat prevents Usha from securing a General Council position, which is required to contest the December 5 presidential election. The results come amid allegations of campaigning irregularities and tensions between Usha and the New Bharat panel.