നെടുമ്പാശേരി വിമാനത്താവളത്തില്‍ സീറാം സാംബശിവറാവു അനുവദിച്ച എഫ്.എല്‍ സെവന് ബാര്‍ ലൈസന്‍സിനുള്ള അനുമതി സര്‍ക്കാര്‍ റദ്ദാക്കി. സെപ്റ്റംബറില്‍ നല്കിയ അനുമതിയാണ് റദ്ദാക്കിയത്. പുതിയ മദ്യനയത്തിനുശേഷം പുതിയ ലൈസന്‍സ് എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് വകുപ്പിന്റെ നടപടി. ജൂലൈയില്‍ അനുവദിച്ച രണ്ട് ലൈസന്‍സുകള്‍ നിലനില്ക്കും. അതിനിടെ ബാര്‍ ലൈസന്‍സ് പുതുക്കുന്നതില്‍ എല്‍.ഡി.എഫ് കാലത്തെ നയത്തെ പിന്തുണച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലം പുറത്തായി.
എക്സൈസ് കമ്മിഷണറുടെ കസേര മാറ്റത്തിന്റെ നാലാം നാള് തീരുമാനം. സാംബശിവ റാവു നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളില്‍ നല്കിയ എഫ് എല്‍ സെവന് ബാര്‍ ലൈസന്‍സ് അനുമതി എക്സൈസ് വകുപ്പ് റദ്ദാക്കി. മദ്യനയം പൂര്‍ത്തിയായാല്‍ മാത്രമേ പുതിയ ബാറുകളുടെ ലൈസന്‍സ് അനുമതിയെക്കുറിച്ച് വ്യക്തമാവൂ. പുതിയ ലൈസന്‍സ് അനുവദിക്കരുതെന്ന് സര്‍ക്കാരിന്റെ കര്‍ശ നിര്‍ദേശമുള്ളതിനാല്‍ നല്കിയ അനുമതി റദ്ദാക്കുന്നുവെന്നാണ് എക്സൈസ് കമ്മിഷണറുടെ അധികചുമതലയുള്ള ആര്.ജയശങ്കറിന്റെ ഉത്തരവ്.
കരുതല്‍ തുകയായി അനുവദിച്ച പണം ട്രഷറിയില്‍ നിന്നും മടക്കി വാങ്ങാം. മദ്യനയം വന്നതിന് ശേഷം ലൈസന്‍സ് നേടാന്‍ യോഗ്യതയുണ്ടെങ്കില്‍ വീണ്ടും അപേക്ഷ നല്‍കാമെന്നും ഉത്തരവിലുണ്ട്. എന്നാല്‍ ജൂലൈയില്‍ സാംബശിവ റാവു അനുമതി നല്കി ഇതിനകം പ്രവര്‍ത്തനം തുടങ്ങിയ നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളിലെ രണ്ട് എഫ് എല്‍ സെവന് ബാര്‍ ലൈസന്‍സുകളും നിലനില്ക്കും. ഇത് റദ്ദാക്കിയാല്‍ കോടതിയില്‍ തിരിച്ചടിക്ക് സാധ്യതയെന്നാണ് നിയമോപദേശം. ഇതിനിടയിലാണ് നിലവാര പരിശോധന പൂര്‍ത്തിയാകും മുന്‍പ് ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്കുന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ തീരുമാനം യു.ഡി.എഫും പിന്തുടരുന്ന വിവരം തെളിഞ്ഞത്.
കഴിഞ്ഞ ജനുവരിയില്‍ മന്ത്രിയായിരുന്ന എം.ബി രാജേഷ് എടുത്ത തീരുമാനത്തെ അനുകൂലിച്ചുള്ള റിപ്പോര്‍ട്ട് യു.ഡി.എഫ് സര്‍ക്കാരിന്റെ നികുതിവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ ആവര്‍ത്തിച്ചത് കഴിഞ്ഞ സെപ്റ്റംബറില്‍. പരിശോധന വൈകുന്നതിന്റെ പേരില്‍ ബാര്‍ വ്യവസായത്തിന് മുടക്കം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു സത്യവാങ്മൂലം. തന്റെ അറിവോടെയാണെന്നും കേന്ദ്രം തള്ളിയ ഒരു ബാറിനും ലൈസന്‍സ് പുതുക്കി നല്‍കിയിട്ടില്ലെന്നും എക്സൈസ് മന്ത്രി.
എക്സൈസ് കമ്മിഷണറായിരുന്ന എസ്.സാംബശിവ റാവു സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കൈക്കൂലി വാങ്ങിയെന്ന് വ്യക്തമാക്കിയിട്ടുള്ള എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണം ഉടന്‍ പ്രഖ്യാപിക്കും. പുതിയ എക്സൈസ് കമ്മിഷണറും വൈകില്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയത്തില്‍ എക്സൈസിന്റെ നിര്‍ദേശങ്ങള്‍ മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ അന്തിമമാക്കി.