വര്‍ഷം തോറും ക്ലാസിഫിക്കേഷന് മുന്‍പ് ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കാനുള്ള എല്‍.ഡി.എഫ് നയത്തെ പിന്തുണച്ച് യു.ഡി.എഫ് സര്‍ക്കാര്‍. ബാറുടമയുടെ ഹർജിയിൽ നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സെപ്റ്റംബറില്‍ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് നിലവാരം പരിശോധിച്ച് ഉറപ്പിക്കും മുന്‍പ് തുടര്‍ പ്രവര്‍ത്തനാനുമതി നല്‍കാനുള്ള അനുകൂല തീരുമാനം. കേന്ദ്രാനുമതി വൈകുമ്പോഴുള്ള കാലതാമസം ഒഴിവാക്കുന്നതിനാണെന്നും ശ്രേണി നിശ്ചയിക്കുന്നത് കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് തന്നെയാവുമെന്നും മന്ത്രി എം.ലിജു പറഞ്ഞു. മുൻ എക്സൈസ് കമ്മിഷണറുടെ കത്തിലുള്ള വിജിലൻസ് അന്വഷണവും പുതിയ എക്സൈസ് കമ്മിഷണറെ നിശ്ചയിക്കുന്നതും വൈകില്ലെന്നും മന്ത്രി. 

‌ബാറുകളുടെ നിലവാരം പരിശോധിച്ച് അംഗീകാരം നല്‍കേണ്ടത് കേന്ദ്ര വിനോദസഞ്ചാരവകുപ്പാണ്. അപേക്ഷ നല്‍കിയാലും പരിശോധന വൈകുന്നതിന്‍റെ പേരില്‍ ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാതിരിക്കാനാവില്ലെന്ന തീരുമാനം കഴിഞ്ഞ ജനുവരിയിലാണ് എല്‍.ഡി.എഫ് സര്‍ക്കാരെടുത്തത്. മന്ത്രിയായിരുന്ന എം.ബി രാജേഷിന്‍റെ തീരുമാനത്തെ അനുകൂലിച്ചുള്ള റിപ്പോര്‍ട്ട് യു.ഡി.എഫ് സര്‍ക്കാരിന്‍റെ നികുതിവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ ആവര്‍ത്തിച്ചത് കഴിഞ്ഞ സെപ്റ്റംബറില്‍. പരിശോധന വൈകുന്നതിന്‍റെ പേരില്‍ ബാര്‍ വ്യവസായത്തിന് മുടക്കം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു സത്യവാങ്മൂലം. തന്‍റെ അറിവോടെയാണെന്നും കേന്ദ്രം തള്ളിയ ഒരു ബാറിനും ലൈസന്‍സ് പുതുക്കി നല്‍കിയിട്ടില്ലെന്നും എക്സൈസ് മന്ത്രി. 

എക്സൈസ് കമ്മിഷണറായിരുന്ന എസ്.സാംബശിവ റാവു സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കൈക്കൂലി വാങ്ങിയെന്ന് വ്യക്തമാക്കിയിട്ടുള്ള എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണം ഉടന്‍ പ്രഖ്യാപിക്കും. പുതിയ എക്സൈസ് കമ്മിഷണറും വൈകില്ല. യു.ഡി.എഫ് സര്‍ക്കാരിന്‍റെ പുതിയ മദ്യനയത്തില്‍ എക്സൈസ് നിര്‍ദേശങ്ങള്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അന്തിമമാക്കും. നികുതിവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. 

ENGLISH SUMMARY:

The UDF government has supported the LDF policy of renewing bar licenses annually prior to completing the classification process.