പാലക്കാട് അട്ടപ്പാടിയില്‍ തമിഴ്നാട് പൊലീസ്, ആദിവാസിയായ 51കാരനെ മര്‍ദിച്ച് വാരിയെല്ലൊടിച്ച കേസില്‍ അന്വേഷണം അഗളി എസ്.എം.എസ് ഡിവൈഎസ്പിക്ക്. കഞ്ചാവ് കേസില്‍ ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു തമിഴ്നാട് തടാകം പൊലീസ് സംഘം പുതൂര്‍ കുളപ്പടി ഉന്നതിയിലെ മുരുകേശിനെ മര്‍ദിച്ചത്. വീട്ടില്‍ നിന്ന് വിളിച്ചിറക്കിയായിരുന്നു മര്‍ദനം.
കേരള- തമിഴ്നാട് അതിർത്തി പ്രദേശമാണ് അട്ടപ്പാടി പുതൂർ കുളപ്പടി. കഴിഞ്ഞ 24ന് രാത്രി ഒൻപത് മണിയോടെയാണ് വീട്ടിൽ എത്തിയ തമിഴ്നാട് തടാകം സ്‌റ്റേഷനിലെ പൊലീസ് സംഘം കഞ്ചാവ് ഉണ്ടോ എന്ന് ചോദിച്ച് മുരുകേഷിനെ ക്രൂരമായി മർദിച്ചത്. ഇതിനെ പറ്റി അറിവില്ലെന്ന് പറഞ്ഞിട്ടും മർദിക്കുകയും മുരുകേഷിന്‍റെ ഇരുചക്രവാഹനം കസ്റ്റഡിയിൽ എടുത്ത് കൊണ്ടുപോയെന്നുമാണ് പരാതി. മർദ്ദനത്തെ തുടർന്ന് വാരിയെല്ലൊടിയുകയും കാലിന് പരുക്കേൽകുകയും ചെയ്ത മുരുകേഷ് കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ലഹരി കേസുകളിൽ സാധാരണ കേരള പൊലീസിനെ അറിയിച്ച ശേഷമാണ് തമിഴ്‌നാട് പൊലീസ് നടപടി സ്വീകരിക്കാറുളളത്. എന്നാല്‍ ഈ സംഭവത്തിൽ അതുണ്ടായില്ല. തുടര്‍ന്ന് സംഭവത്തിൽ പുതൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തമിഴ്നാട് പൊലീസിനെതിരെ പുതൂര്‍ പൊലീസ് എടുത്ത കേസാണ് ഇപ്പോള്‍ എസ്.പിയുടെ നിര്‍ദേശപ്രകാരം അഗളി എസ്.എം.എസ് ഡിവൈ.എസ്.പിക്ക് കൈമാറിയത്. തമിഴ്നാട്ടില്‍ മുരുകേശിനെതിരെ നിലവില്‍ കേസൊന്നുമില്ല.