മൂവാറ്റുപുഴ വാളകത്ത് ഒൻപതാംക്ലാസ് വിദ്യാർഥിയെ കൂട്ടംകൂടി ക്രൂരമായി മർദിച്ച് സഹപാഠികൾ. സംഭവത്തിന്‍റെ വിഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു. മാർ സ്റ്റീഫൻ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് സഹപാഠിയോട് അതിക്രമം കാണിച്ചത്. ഈ മാസം 17ന് സ്കൂൾ വളപ്പിന് പുറത്തു നടന്ന സംഭവത്തിൽ പൊലീസ് ഇന്ന് കേസെടുത്തു. വിദ്യാർഥിയെ ആറംഗ സംഘം വളഞ്ഞുവച്ചശേഷം ആക്രമിക്കുകയായിരുന്നു. മുഖത്തും തലയിലും മാറിമാറി അടിക്കുകയും ചവിട്ടുകയും ചെയ്തു. അടിക്കുന്നതിന് മുൻപും ശേഷവും ആഹ്ലാദിച്ച് ആർത്തു ചിരിക്കുന്നതും നൃത്തം ചവിട്ടുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് സ്‌കൂൾ മാനേജ്മെൻ്റ് അറിയിച്ചു.

ഈ മാസം 16ാം തീയതിയാണ് സ്കൂളിലെ വിദ്യാർഥികൾ തമ്മിൽ ചെറിയ തർക്കം ഉണ്ടാകുന്നത്. തൊട്ടടുത്ത ദിവസം ഈ തർക്കത്തിന് കാരണമായ ഒരു വിദ്യാർഥിയെ മറ്റ് ആറുപേർ ചേർന്ന് മർദിക്കുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. സ്കൂളിനോട് ചേർന്നിട്ടുള്ള ഇടവഴിയിൽ വച്ചാണ് വിദ്യാർഥിയെ, സഹപാഠികള്‍ മര്‍ദിച്ചത്. പുറത്തുവന്ന ദൃശ്യങ്ങളില്‍ ആദ്യം ഒരു കുട്ടി വിദ്യാര്‍ഥിയെ തല്ലുന്നത് കാണാം. ‘നീ തല്ലടാ’ എന്നുപറഞ്ഞ് മറ്റുള്ളവർ തല്ലാനായി പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. തൊട്ടുപിന്നാലെ മറ്റ് അഞ്ചുപേർ ചേർന്ന് കുട്ടിയുടെ മുഖത്തും തലയിലും അടക്കം മര്‍ദിക്കുകയുമായിരുന്നു. 

ഈ സമയം മറ്റൊരാൾ ഇതിന്‍റെ ദൃശ്യങ്ങൾ പകർത്തുന്നു. ആരാണ് ദൃശ്യങ്ങൾ പകർത്തിയത് എന്ന് ഇതുവരെയും വ്യക്തമല്ല. പിന്നീട് ഇവരെല്ലാവരും സഹപാഠിയെ മർദ്ദിച്ചത്തിന്റെ ആഹ്ലാദപ്രകടനമായിട്ട് നൃത്തം ചെയ്യുകയും ആര്‍പ്പുവിളിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ പുറത്തുവന്നതിനുശേഷമാണ് പൊലീസും സ്കൂൾ അധികൃതരും വിഷയം അറിയുന്നത്. മർദ്ദനമേറ്റ വിദ്യാർഥിയുടെ പിതാവ് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സ്കൂളിൽ രക്ഷാകർത്താക്കളുടെ യോഗവും വിളിച്ചുചേർത്തിട്ടുണ്ട്.

ENGLISH SUMMARY:

A 9th-grade student at Mar Stephen Higher Secondary School in Valakom, Muvattupuzha, was brutally assaulted by a group of six classmates, who filmed the attack and circulated the video on social media. The incident, stemming from a minor dispute that occurred on the 16th of this month, took place in an alley near the school premises on the 17th, where the victim was repeatedly punched and kicked on the head and face while the attackers cheered and danced. School management and police launched an investigation after the victim's father filed a formal complaint following the viral spread of the footage, prompting authorities to register a case and convene a parent-teacher meeting.