നീറ്റ് പരീക്ഷയിൽ പ്രതീക്ഷിച്ച മാർക്ക് നേടാനാകാത്തതിലുള്ള മനോവിഷമത്തെ തുടർന്ന് മഹാരാഷ്ട്രയിലെ അഹല്യാനഗറില്‍ വിദ്യാർഥിനി ജീവനൊടുക്കി. ജലാൽപൂർ ഗ്രാമത്തിലെ അങ്കിത സാങ്ലെയാണ് മരിച്ചത്. പ്രവേശന പരീക്ഷയിൽ 166 മാർക്ക് മാത്രമായിരുന്നു അങ്കിതയ്ക്ക് ലഭിച്ചത്. തുടർന്ന് കുട്ടി കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

ശനിയാഴ്ച വൈകുന്നേരം നാലരയോടെയാണ് അങ്കിതയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്നും മറാഠിയിലുള്ള ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തന്‍റെ കുടുംബം തനിക്കുവേണ്ടി ഒരുപാട് ത്യാഗം സഹിച്ചുവെന്നും എന്നാൽ അവരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ തനിക്ക് സാധിച്ചില്ലെന്നും കുറിപ്പിൽ പറയുന്നു. കുടുംബത്തിന്‍റെ ആഗ്രഹം നിറവേറ്റാൻ കഴിയാതെ താന്‍ പരാജയപ്പെട്ടുവെന്നും അങ്കിത കുറിച്ചു. അമ്മയെയും അച്ഛനെയും നന്നായി നോക്കണമെന്നും അവർക്ക് യാതൊരു കുറവുകളും വരുത്തരുതെന്നും സഹോദരനോട് കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

‘നിങ്ങൾ എനിക്ക് നൽകിയ സ്നേഹത്തിന് പകരമായി നിങ്ങളുടെ ഒരു ആഗ്രഹം പോലും സാധിച്ചുനൽകാൻ എനിക്ക് കഴിഞ്ഞില്ല. അമ്മേ, എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ഒരു സുഹൃത്തിനെപ്പോലെ നിങ്ങൾ എന്നെ പിന്തുണച്ചു. ദാദാ, നീയും എന്നെ ഒരുപാട് സഹായിച്ചു. അമ്മയേക്കാളും അച്ഛനേക്കാളും നീ എന്നെ സ്നേഹിച്ചു. എന്റെ മരണത്തിന് ആരും ഉത്തരവാദികളല്ല’– അങ്കിതയുടെ കുറിപ്പില്‍ പറയുന്നു.

സംഭവത്തിൽ അഹല്യാനഗര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ENGLISH SUMMARY:

A student named Ankita Sangle from Jalalpur village in Ahmednagar, Maharashtra, died by suicide due to severe distress over scoring only 166 marks in the NEET entrance exam. Found hanging at her home on Saturday evening, she left behind a Marathi suicide note expressing deep sorrow for failing to meet her family's expectations despite their immense sacrifices. In her note, she urged her brother to take good care of their parents and stated that no one else was responsible for her death. Local police have registered a case of unnatural death and initiated an investigation into the tragic incident.