തൃശൂർ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേയ്ക്ക് പട്ടാപകൽ ഒരു ഫോൺ കോൾ വന്നു. വിളിച്ചയാൾ അൽപം െടൻഷനിലാണ്. സാർ, ഒരു വാഗണർ കാറിന്റെ ഡിക്കിയുടെ പുറകിൽ നിന്ന് രക്തം ഒഴുകുന്നു. ആരെയോ കൊലപ്പെടുത്തി ഡിക്കിയിൽ കൊണ്ടുപോകുയാണെന്ന് സംശയിക്കുന്നു. ഫോണെടുത്ത പൊലീസ് ഉദ്യോഗസ്ഥൻ വേഗം വാട്സാപ്പ് നമ്പർ ഷെയർ ചെയ്തു. വണ്ടിയുടെ നമ്പറും ചോര പുരണ്ട കാറിന്റെ ചിത്രവും പൊലീസ് ഉദ്യോഗസ്ഥന്റെ വാട്സാപ്പ് നമ്പറിലേയ്ക്ക് അയച്ചു.
സൂം ചെയ്തു നോക്കിയപ്പോൾ കാറിന്റെ പുറകിൽ ചോരയുണ്ട്. വേഗം സഹപ്രവർത്തകരെ വിവരമറിയിച്ചു ആ ഉദ്യോഗസ്ഥൻ. സ്റ്റേഷനിൽ നിന്ന് ജീപ്പെടുത്ത് പാഞ്ഞു. കാർ പോയ അതേ ദിശയിലേയ്ക്ക് വണ്ടിയോടിച്ചു. തൊട്ടടുത്ത സ്റ്റേഷൻ പ്രദേശത്തേയ്ക്കു വിവരമറിയിച്ചു. പൊലീസ് കുതിച്ചു. രക്തം കണ്ട കാർ എത്രയും വേഗം കണ്ടെത്തണം. എന്താണ് കാറിലുള്ളതെന്ന് പരിശോധിക്കണം. പൊലീസ് ഉണർന്നു. ഇതിനിടെ കാറിന്റെ നമ്പർ നോക്കി ഉടമയെ കണ്ടെത്താനായി ശ്രമം. യഥാർഥ നമ്പറാകാൻ സാധ്യതയില്ലെന്ന് പൊലീസ് ഊഹിച്ചു. എന്നാലും ആ വഴിയ്ക്ക് ഒരു ശ്രമം നടത്തി. കാറിന്റെ ഉടമയുടെ നമ്പറിൽ വിളിച്ചെങ്കിലും എടുക്കുന്നില്ല. പൊലീസിന് വീണ്ടും ആധി കൂടി. കൊലപാതകമാണെങ്കിൽ മൃതദേഹവുമായി പ്രതികൾ പോകുകയാണെങ്കിലോ. എത്രയും വേഗം കാർ കണ്ടെത്തണം. വിവരമറിയിച്ച ആളോട് കാറിനെ പിൻതുടരാൻ പറഞ്ഞിരുന്നു.
പക്ഷേ, പൊലീസിനെ വിളിക്കുന്നതിനിടെ ചിത്രം പകർത്തുന്നതിനിടെ ആ കാർ മിസായി. എന്നാലും പൊലീസ് ആ ദിശയിൽ തന്നെ പാഞ്ഞു. മൂന്നു കിലോമീറ്റർ ദൂരം പൊലീസ് പാഞ്ഞു. ഇതിനിടെ, മേലുദ്യോഗസ്ഥരെ വിവരമറിയിച്ചു പൊലീസ് ഉദ്യോഗസ്ഥർ. ചോരപുരണ്ട കാറിനു വേണ്ടിയുള്ള പരക്കംപാച്ചിലിനിടെ അതാ പോകുന്നു ആ വെള്ളക്കാർ. വാട്സാപ്പിൽ കിട്ടിയ ഫൊട്ടോയിലെ നമ്പറുമായി ഒത്തുനോക്കി. പക്ഷേ, ചോരക്കറ കണ്ടില്ല. ഇനി, ആരെങ്കിലും വണ്ടിയിൽ ഉറ്റുനോക്കുന്നത് കണ്ട് അവർ തുടച്ചിരിക്കാം. പൊലീസ് വണ്ടി കണ്ടതും കാറിന്റെ വേഗം കൂടി. എന്തോ പ്രശ്നമുണ്ട്. കാറിനകത്ത് ബോഡിതന്നെ. അല്ലാതെ ഇവർ എന്തിനാണ് ഇങ്ങനെ പായുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ മനസിൽ വീണ്ടും കൊലപാതകത്തിന്റെ ചിന്ത ഉണർന്നു. ഇതിനിടെ, സിനിമാ സ്റ്റൈലിൽ കാറിന് മുമ്പിൽ പൊലീസ് ജീപ്പ് നിർത്തി.
പക്ഷേ, കാറുമായി പായാൻ വീണ്ടും യാത്രക്കാർ ശ്രമിച്ചു. പൊലീസ് ജീപ്പ് വീണ്ടും മുന്നിലിട്ട് തടസപ്പെടുത്തി. ഉദ്യോഗസ്ഥർ പുറത്തിറങ്ങി. കാറിന്റെ താക്കോൽ ഊരി. രണ്ടു പേരേയും തടഞ്ഞുനിർത്തി. ഒരു ഉദ്യോഗസ്ഥൻ വേഗം ഡിക്കി തുറന്നു. കൊലപാതകത്തിന്റെ ചിന്ത ഉള്ളതു കൊണ്ടാകണം ഡിക്കി തുറക്കുമ്പോൾ പൊലീസ് പ്രതീക്ഷിച്ചത് ഒരു മൃതദേഹമായിരുന്നു. പക്ഷേ, എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് പൊലീസ് അതു തിരിച്ചറിഞ്ഞു. കാട്ടുപന്നിയുടെ ജഡം. നാട്ടിലെ പന്നിയാണെന്ന് പറഞ്ഞുനോക്കി. ഉടനെ ചിത്രം വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വാട്സാപ്പ് ചെയ്തു. അതെ, കാട്ടുപന്നി. പട്ടാമ്പിയിൽ കാട്ടുപന്നിയെ കെണിവച്ച് കൊന്നതാണ്. ഇതു വാങ്ങിയ രണ്ടു തോട്ടംതൊഴിലാളികളായിരുന്നു അവർ. പാലപ്പിള്ളിയിലെ രണ്ടു തോട്ടംതൊഴിലാളികൾ. പൊലീസ് ഉടനെ രണ്ടു പേരേയും കസ്റ്റഡിയിലെടുത്തു.
വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചറിയിച്ചു. രണ്ടു തൊഴിലാളികളേയും കൈമാറി. സാർ ആദ്യമായാണ് കാട്ടുപന്നിയുടെ ഇറച്ചി വാങ്ങാൻ ശ്രമിച്ചത്. പന്നിയെ കയറ്റുന്നതിനിടെ കാറിൽ ചോരപുരണ്ടു. കേസിൽ നിന്ന് ഒഴിവാക്കാൻ എന്തെങ്കിലും വഴിയുണ്ടോ. നിയമത്തിന്റെ കണ്ണിൽ കാട്ടുപന്നിയെ പിടികൂടുന്നത് കുരുക്കാണ്. ജാമ്യമില്ലാ വകുപ്പു പ്രകാരം രണ്ടു പേരും കേസിൽ പ്രതികളായി. റിമാൻഡിലുമായി. ബൈക്ക് യാത്രക്കാരന്റെ കാഴ്ചയിൽ കാറിനു പുറകിൽ കണ്ട ചോര പണിയായത് രണ്ടു തോട്ടം തൊഴിലാളികൾക്കാണെന്ന് മാത്രം.