തിരുവനന്തപുരം വിളവൂര്‍ക്കലില്‍ ഒന്നരവയസുകാരിയെ കഴുത്തറുത്ത് കൊന്ന് അമ്മയുടെ ക്രൂരത. അന്ന എന്ന് വിളിക്കുന്ന ഇവാന എന്ന ഒന്നര വയസുകാരിയാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ അമ്മ ക്രിസ്റ്റിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. അഭിജിതാണ് കുട്ടിയുടെ പിതാവ്. മലയന്‍കീഴ് പൊലീസ് സ്റ്റേഷനു കീഴിലാണ് സംഭവം നടന്നത്.
വീട്ടില്‍ വച്ചാണ് സംഭവം നടക്കുന്നത്. മാതാപിതാക്കളുടെ വഴക്കിനിടെ കുഞ്ഞിനെ കഴുത്തറത്തു എന്നാണ് പ്രാഥമിക വിവരം. ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് കുട്ടിയെ ആദ്യം ആശുപത്രിയിലെത്തിക്കുന്നത്. പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച ശേഷം തിരുവനന്തപുരം എസ്എടിയിലേക്ക് എത്തിച്ചപ്പോഴേക്കും കുഞ്ഞിന്‍റെ ജീവൻ നഷ്ടമായിരുന്നു. വീട്ടിൽ വച്ച് തന്നെയാണ് പൊലീസ് അമ്മയെ കസ്റ്റഡിയിലെടുത്തത്.
ചെറിയ മാനസിക പ്രശ്നം നേരിടുന്ന ആളാണ് ക്രിസ്റ്റി എന്ന നാട്ടുകാര്‍ പറയുന്നുണ്ട്. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ചോദ്യം ചെയ്യലിനു ശേഷം മാത്രമെ ഈ ക്രൂരതയുടെ കാരണം വ്യക്തമാകൂ.