പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ സൈബര്‍ ലോകത്ത് വലിയ പ്രതിഷേധം നിറയുകയാണ്. രാഷ്ട്രീയ സാംസ്കാരിക രംഗത്തു നിന്നുള്ളവരടക്കം ഈ വിഷയത്തില്‍ പ്രതികരിച്ച് പോസ്റ്റുകളിട്ടു. ഇപ്പോഴിതാ ചാണ്ടി ഉമ്മന്‍ എംഎല്‍എയും വീണയെ പരിഹസിച്ച് ഫെയ്സ്ബുക്കില്‍ വിഡിയോ പങ്കിടുകയാണ്. മന്ത്രിയുടെ വ്യാജ പ്രചാരണം പൊളിഞ്ഞിരിക്കുന്നു എന്നും കെഎസ്‌യു പ്രവര്‍ത്തകര്‍ വീണയുടെ അടുത്തുപോലും എത്തുന്ന ദൃശ്യങ്ങളില്ലാതെ നടത്തുന്ന ഈ കാട്ടിക്കൂട്ടലുകള്‍ സര്‍ക്കാരിന്‍റെ പതനത്തിനേ കാരണമാകൂവെന്നും പറയുകയാണ് ചാണ്ടി ഉമ്മന്‍.
ദൃശ്യങ്ങളുടെ തെളിവുകള്‍ പോലുമില്ലാതെ എന്തോ വിപത്ത് സംഭവിച്ചെന്ന മട്ടിലാണ് സംഭവത്തെ സര്‍ക്കാര്‍ കാണുന്നതെന്നും ചാണ്ടി. ‘ഈ അവസരത്തില്‍ തനിക്ക് ഓര്‍മ വരുന്നത് 13 വര്‍ഷം മുന്‍പുള്ള സംഭവമാണ്, 2013 ഒക്ടോബര്‍ 27, അന്ന് കണ്ണൂര്‍ പൊലീസ് ഗ്രൗണ്ടിലേക്കെത്തിയ തന്‍റെ പിതാവ് ഉമ്മന്‍ചാണ്ടിക്കു നേരെ ലാത്തിയും കല്ലും എടുത്തെറിഞ്ഞ് നെഞ്ചിന് പരുക്കേല്‍പ്പിച്ച സംഭവമാണ് ഓര്‍മ വരുന്നത്. അന്ന് കല്ലെറിയുന്നതിന്റേയും ഗ്ലാസ് തകരുന്നതിന്റേയും നെഞ്ചത്ത് കല്ല് വന്ന് വീഴുന്നതിന്റേയും ദൃശ്യങ്ങള്‍ എല്ലാവരും കണ്ടു, എന്നിട്ടും അന്ന് പിണറായി വിജയന്‍ പറഞ്ഞ മറുപടി നല്ല തൊലിക്കട്ടിയുണ്ടെന്ന് അറിയാമായിരുന്നു എന്നാണ്. നെഞ്ചില്‍ തൊലിക്കട്ടി കൂടുതലാണെന്നായിരുന്നു മറുപടി.
‘ആ കാഴ്ചയൊന്നും കേരളം മറക്കില്ലെന്നും ചാണ്ടി ഉമ്മന്‍ പറയുന്നു. എന്നാല്‍ ഒരു സമരത്തിനോ ഹര്‍ത്താലിനോ അദ്ദേഹം സമ്മതിച്ചില്ല. അന്ന് അദ്ദേഹം അന്വേഷിച്ചത് പ്രതിപക്ഷ നേതാക്കളുടെ സുരക്ഷയാണെങ്കില്‍ ഇന്ന് പ്രതിപക്ഷത്തിനെതിരെ ആക്രമണമാണ് അഴിച്ചുവിടുന്നതെന്നും ചാണ്ടി ഉമ്മന്‍ പറയുന്നു. പുതുയുഗയാത്രയുടെ ഫ്ലക്സ് ബോര്‍ഡുകളെല്ലാം കീറിയെറിഞ്ഞതിനെക്കുറിച്ചും ചാണ്ടി വിഡിയോയില്‍ പറയുന്നു. കണ്ണൂരിലെ സംഭവം പുറത്തുവരും മുന്‍പ് തന്നെ എല്ലാ ഫ്ലക്സുകളും മാറ്റപ്പെട്ടു, സംഭവം പുറത്തറിഞ്ഞതോടെ ഒരെണ്ണം പോലും ബാക്കിവയ്ക്കാതെ നശിപ്പിച്ചെന്നും ചാണ്ടി പറയുന്നു. ഇത്തവണത്തെ നൊബേല്‍ പുരസ്കാരങ്ങള്‍ നമ്മുടെ സര്‍ക്കാര്‍ തന്നെ നേടുമെന്നും പറയുകയാണ് ചാണ്ടി ഉമ്മന്‍.
സ്വര്‍ണം ചെമ്പാക്കുന്ന പ്രതിഭാസം നടത്തിയതിന് രസതന്ത്രത്തിനും മെഡിസിനും കോമഡിക്കായി ഓസ്കാര്‍ കൊടുക്കുന്നുണ്ടെങ്കില്‍ ആ അവാര്‍ഡും പിണറായി സര്‍ക്കാറിനു തന്നെ ലഭിക്കുമെന്നാണ് ചാണ്ടി വിഡിയോയില്‍ പറയുന്നത്. എത്ര അഭിനയിച്ചിട്ടും കാര്യമില്ലെന്നും ഈ സര്‍ക്കാറിനെ ജനം തൂത്തെറിയുമെന്നും വാട്ടര്‍ ലൂ ആയിത്തീരുമെന്നും ചാണ്ടി.