ശ്വേതാ മേനോനും ലക്ഷ്മി പ്രിയക്കുമെതിരെ വീണ്ടും പരാതി നല്‍കിയതിന് പിന്നാലെ വൈകാരികമായ കുറിപ്പുമായി നടി അൻസിബ ഹസൻ. താനനുഭവിക്കുന്ന ഈ വേദനയ്ക്ക് വാക്കുകളില്ലെന്നും ജനപ്രതിനിധി മുതൽ പലരും ഇതിന് കൂട്ടുനിന്നെന്നും മഹാനടൻ മുതൽ സഹപ്രവർത്തകർ വരെ തന്നെ തേജോവധം ചെയ്തുവെന്നും അന്‍സിബ കുറിച്ചു. നീതി പുലരുമെന്ന ഉറച്ച വിശ്വാസത്തോടെ, ഈ ക്രൂരതകൾക്കെതിരെ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. സത്യം വെളിച്ചത്തു വരിക തന്നെ ചെയ്യും. ഈ ഇരുളിലും മുന്നോട്ട് നയിക്കുന്നത് നീതിയിലുള്ള വിശ്വാസം മാത്രമാണെന്നും അന്‍സിബയുടെ കുറിപ്പില്‍ പറയുന്നു.

ആദ്യം തന്നെ ‘മേത്തച്ചി’യാക്കിയും പിന്നീട് ‘ജിഹാദി’യാക്കിയും മതപരിവർത്തനത്തിന്‍റെ പേരിൽ ഒറ്റപ്പെടുത്താൻ ശ്രമം നടന്നുവെന്നും, ഒരു ജനപ്രതിനിധി ഉൾപ്പെടെയുള്ളവർ ഇതിന് കൂട്ടുനിന്നതായും അൻസിബ ആരോപിക്കുന്നുണ്ട്. എന്നാൽ ആ ജനപ്രതിനിധിയുടെ മകൻ തനിക്ക് 'തളരരുത്' എന്നൊരു സന്ദേശം അയച്ചിരുന്നുവെന്നും അൻസിബ കുറിപ്പിൽ പറയുന്നു. ജീവൻ തന്നെ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും താൻ പൊരുതാൻ തീരുമാനിച്ചത് ഒടുവിലത്തെ ആശ്രയം നിയമം മാത്രമായതുകൊണ്ടാണെന്നും അന്‍സിബ പറയുന്നു.

അന്‍സിബയുടെ കുറിപ്പ്- ‘എന്റെ ഓരോ തരിയിലും കത്തിയെരിയുന്ന ഈ വേദനയ്ക്ക് വാക്കുകളില്ല. ആദ്യം 'മേത്തച്ചി'യാക്കി, പിന്നെ 'ജിഹാദി'യാക്കി, മതപരിവർത്തനത്തിന്‍റെ പേരിൽ എന്നെ ഒറ്റപ്പെടുത്തി... ജനപ്രതിനിധി മുതൽ പലരും ഇതിന് കൂട്ടുനിന്നു. പക്ഷേ, അതെല്ലാം കഴിഞ്ഞ് ആ ജനപ്രതിനിധിയുടെ മകൻ എനിക്ക് അയച്ച സന്ദേശം മാത്രം ബാക്കി: 'തളരരുത്'.

ചാരുകസേരയിൽ ഇരുന്ന് അവർ എന്‍റെ സ്വഭാവഹത്യ നടത്തി. മഹാനടൻ മുതൽ സഹപ്രവർത്തകർ വരെ, അവസാനമെന്റെ രണ്ടാനച്ഛന്റെ പേരിൽ പോലും എന്നെ തേജോവധം ചെയ്‌തു. ഇപ്പോൾ സുഹൃത്തുക്കളിലേക്കും ആ ക്രൂരമായ വിരലുകൾ നീളുന്നു. കൂടെപ്പിറന്ന നാല് സഹോദരങ്ങൾ കൂടി എനിക്കുണ്ട് എന്ന ചിന്ത പോലും അവർക്ക് എന്നെ തകർക്കാൻ തടസ്സമായില്ല. ലക്ഷങ്ങൾ ഒഴുക്കി പിആര്‍ ഏജൻസികളെക്കൊണ്ട് അവർ എനിക്കെതിരെ ഗൂഢാലോചന മെനയുന്നു. ഇനിയും അവർ ആക്രമിക്കും, ഇനിയും അവർ എന്നെ വേട്ടയാടും. എനിക്കറിയാം. പക്ഷേ, എന്റെ സംഘടനയിൽ ഞാൻ ചോദിച്ച, ഉത്തരമില്ലാത്ത ആ ചോദ്യങ്ങൾ വായുവിൽ അലയുന്നുണ്ട്... അവ എന്നെന്നേക്കുമായി മൗനമാക്കപ്പെടില്ല.

ജീവൻ തന്നെ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും ഞാൻ പൊരുതാൻ തീരുമാനിച്ചത്, എന്‍റെ ഒടുവിലത്തെ ആശ്രയം ഈ രാജ്യത്തിന്റെ നിയമം മാത്രമായതുകൊണ്ടാണ്. നീതി പുലരുമെന്ന ഉറച്ച വിശ്വാസത്തോടെ, ഈ ക്രൂരതകൾക്കെതിരെ ഞാൻ ഇന്ന് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. സത്യം വെളിച്ചത്തു വരിക തന്നെ ചെയ്യും. ഈ ഇരുളിലും എന്നെ മുന്നോട്ട് നയിക്കുന്നത് ആ നീതിയിലുള്ള വിശ്വാസം മാത്രമാണ്..... സ്നേഹത്തോടെ, അൻസിബ ഹസ്സൻ’

പരാതി നല്‍കി അന്‍സിബ

സമൂഹമാധ്യമത്തിലൂടെ വ്യാജവും അശ്ലീലം നിറഞ്ഞതുമായ വിഡിയോകൾ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ചാണ് ശ്വേതാ മേനോനും ലക്ഷ്മി പ്രിയക്കുമെതിരെ അന്‍സിബ പരാതി നല്‍കിയിരിക്കുന്നത്. അൻസിബ മദ്യപാനിയാണെന്നും, റൂമിൽ മറ്റൊരു പുരുഷനൊപ്പം മുഖം മറച്ച് താമസിച്ചുവെന്നുമായിരുന്നു ലക്ഷ്മി പ്രിയയുടെ ആരോപണം.

‘അൻസിബയ്ക്ക് ഞാൻ മദ്യം വാങ്ങി നൽകിയിട്ടുണ്ട്. രാത്രി മുറിയിൽ ഒരു പുരുഷൻ മുഖം മറച്ച് എത്തി. അത് ആങ്ങളയാണെന്നാണ് അൻസിബ പറഞ്ഞത്. എന്നാൽ ആങ്ങള എങ്ങനെയാണ് മുഖം മറച്ച് വരുന്നത്? ചാനൽ പ്രോഗ്രാമിന്റെ പ്രൊഡ്യൂസറായ വ്യക്തി അൻസിബയുടെ റൂമിൽ വന്നിട്ടില്ല എന്ന് അവർ തെളിയിക്കണം’– എന്നായിരുന്നു ഓൺലൈൻ മാധ്യമത്തിലൂടെയുള്ള ലക്ഷ്മി പ്രിയയുടെ ആരോപണം. ഇതിനെതിരെയാണ് അൻസിബയുടെ പരാതി. തന്റെ അന്തസ്സിനെയും മര്യാദയെയും പൊതുമധ്യത്തിൽ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണിതെന്ന് അൻസിബ പറയുന്നു.

ശ്വേതാ മേനോനും ലക്ഷ്മി പ്രിയയും ചേർന്ന് തന്നെ തകർക്കാൻ ഗൂഢാലോചന നടത്തി. ജൂൺ 21-ന് നടന്ന 'അമ്മ' ജനറൽ ബോഡി മീറ്റിങിൽ ശ്വേത മേനോൻ അടക്കമുള്ള ഭാരവാഹികൾക്ക് രാജിവെച്ച് പുറത്തുപോകേണ്ടി വന്നിരുന്നു. ഇതിലുള്ള വ്യക്തിവൈരാഗ്യമാണ് പുതിയ നീക്കങ്ങൾക്ക് പിന്നിൽ. രാജിവെച്ചതിന് ശേഷം ശ്വേതാ മേനോൻ തിരുവനന്തപുരത്തുള്ള ഒരു സോഷ്യൽ മീഡിയ പി.ആർ. ഏജൻസിയുമായി ചേർന്ന് തനിക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ നിയമവിരുദ്ധ കരാറുകളിൽ ഏർപ്പെട്ടതായും പരാതിയിൽ ആരോപിക്കുന്നു.

ഭാരതീയ ന്യായ സംഹിത, ഐടി ആക്ട് എന്നിവയിലെ വകുപ്പുകൾ പ്രകാരം കേസ് റജിസ്റ്റർ അന്വേഷണം നടത്തണമെന്നാണ് പാലാരിവട്ടം പൊലീസിന് അൻസിബ നൽകിയ പരാതിയിലെ ആവശ്യം. നേരത്തെ, നടി ലക്ഷ്മിപ്രിയയുടെ പരാതിയിന്മേൽ തൃപ്പൂണിത്തുറ ഹിൽപ്പാലസ് പൊലീസ്, സ്റ്റേഷനിൽ വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് പരാതിയുമായി അൻസിബ മുഖ്യമന്ത്രി സമീപിച്ചിരുന്നു. തനിക്കെതിരെ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് നടൻ ടിനി ടോമിനെതിരെ കൊച്ചി ഇൻഫോപാർക്ക് പൊലീസിലും അൻസിബ പരാതി നൽകിയിരുന്നു.

ENGLISH SUMMARY:

Malayalam actress Ansiba Hassan has shared a profoundly emotional social media note following her latest legal action against fellow actors Shwetha Menon and Lakshmi Priya. Writing with visible heartbreak, she explained that words could not adequately describe the intense mental agony and targeted character assassination she has been experiencing online. The actress alleged that a powerful circle, including popular film industry colleagues and an unnamed public representative, actively colluded to isolate and defame her using malicious communal slurs. Despite the targeted hostility from prominent figures, Ansiba highlighted a silver lining by revealing that the public representative's own son sent her a comforting message urging her to stay strong. She further accused her detractors of spending lakhs on professional PR agencies to engineer cyberattacks and smear campaigns capable of damaging her professional career. Reaffirming her ultimate faith in the judicial framework, Ansiba concluded that she officially filed a complaint at the Palarivattom police station to fearlessly fight back against these calculated conspiracies.