Image: Social Media

ചൂടുകാലത്ത് എയർകണ്ടീഷണറിന് പകരമായി വലിയ കുമ്പളങ്ങകൾ കെട്ടിപ്പിടിച്ചുറങ്ങുന്ന വിചിത്രമായ ട്രെൻഡ് ചൈനയിലെ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. എന്നാൽ ഈ രീതി അത്ര നല്ലതല്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്. മാത്രമല്ല, രാത്രി ഉറക്കത്തിനിടയിൽ കുമ്പളങ്ങ പൊട്ടി കിടപ്പുമുറികളിൽ ദുർഗന്ധം വമിക്കുന്ന ദ്രാവകം പടരുന്ന അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ പലരും പങ്കുവയ്ക്കുന്നുണ്ട്. ഡ്രെയിനേജ് പൈപ്പ് പൊട്ടിയതുപോലെ എന്നാണ് സംഭവത്തെ ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് വിശേഷിപ്പിച്ചത്.

ചൈനയിൽ നിലനിന്നിരുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള പരമ്പരാഗത രീതിയാണ് വേനൽക്കാലത്ത് കുമ്പളങ്ങ കെട്ടിപ്പിടിച്ചുറങ്ങുന്നത്. മിങ് രാജവംശത്തിന്റെ കാലം മുതലേ ചൂടുകാലത്ത് ശരീരം തണുപ്പിക്കാൻ ചൈനക്കാർ കുമ്പളങ്ങ കെട്ടിപ്പിടിച്ച് ഉറങ്ങിയിരുന്നു. 95 ശതമാനത്തിലധികം ജലാംശം അടങ്ങിയ കുമ്പളങ്ങയ്ക്ക് സാധാരണ ഊഷ്മാവിനേക്കാൾ 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്ന താപനില നിലനിർത്താൻ സാധിക്കും. ശരീരത്തോട് ചേർത്ത് വെക്കുമ്പോൾ ശരീരത്തിലെ ചൂട് വലിച്ചെടുക്കാൻ ഇതിന് കഴിയുമെന്നാണ് കരുതുന്നത്. അതുകൊണ്ടു തന്നെ ചൈനയില്‍ പലരും ഇതിനെ ഒരു 'പോർട്ടബിൾ എ.സി' ആയാണ് ഉപയോഗിക്കുന്നത്.

എന്നാല്‍ തുടർച്ചയായി ദിവസങ്ങളോളം കുമ്പളങ്ങ കെട്ടിപ്പിടിച്ചുറങ്ങുന്നത് അത്ര നല്ല അനുഭവങ്ങളല്ല ചൈനക്കാര്‍ക്ക് നല്‍കുന്നത്. മാത്രമല്ല, ഇത് കുമ്പളങ്ങ ചീഞ്ഞ് പൊട്ടി, ദുർഗന്ധം വമിക്കുകയും കിടക്കകളും മുറികളും നശിക്കുകയും ചെയ്യുന്നുണ്ടെന്നാണ് നിരവധി പേർ സോഷ്യൽ മീഡിയയില്‍ കുറിച്ചത്. പിന്നാലെ വിശദീകരണവുമായി വിദഗ്ധരുമെത്തി. ഇതിന് പിന്നിലെ കാരണങ്ങൾ ഇങ്ങനെയാണ്.

മനുഷ്യശരീരവുമായി നിരന്തരം സമ്പർക്കത്തിൽ വരുമ്പോൾ കുമ്പളങ്ങയുടെ പുറംതോടിലുള്ള സ്വാഭാവിക സംരക്ഷണം നഷ്ടപ്പെടുന്നു. ഇത് വഴി ബാക്ടീരിയകളുടെയും സൂക്ഷ്മാണുക്കളുടെയും ബാധയ്ക്ക് കാരണമാകുന്നു. മാത്രമല്ല, രാത്രി മുഴുവൻ പുതപ്പിനടിയിൽ കുമ്പളങ്ങ കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ അത് ഫെര്‍മന്‍റേഷന് (പുളിപ്പിക്കല്‍) അനുയോജ്യമായ ചൂടുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതായും വിദഗ്ദര്‍ പറയുന്നു. കുമ്പളങ്ങയ്ക്കുള്ളിലെ ജൈവവസ്തുക്കളെ സൂക്ഷ്മാണുക്കൾ വിഘടിപ്പിക്കുകയും ഫെര്‍മന്‍റേഷന്‍ നടക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയിലൂടെ കാർബൺ ഡൈ ഓക്സൈഡ് വാതകം രൂപപ്പെടുന്നുമുണ്ട്. ഈ വാതകം അടിഞ്ഞുകൂടുമ്പോൾ ഉള്ളിലെ മർദ്ദം ക്രമാതീതമായി വർദ്ധിക്കുകയും ഒടുവിൽ കുമ്പളങ്ങ പൊട്ടിത്തെറിക്കുകയും ചെയ്യുന്നു.

കുമ്പളങ്ങയെ കെട്ടിപ്പിടിച്ച് ഉറങ്ങരുത് എന്ന് വിദഗ്ദര്‍ പറയുന്നില്ല. എന്നാല്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യതയും പൂപ്പൽ ബാധയും ഉള്ളതിനാൽ കുമ്പളങ്ങ ഉപയോഗിച്ചുള്ള ഈ പരമ്പരാഗത രീതി പൂർണ്ണമായും സുരക്ഷിതമല്ലെന്നാണ് മുന്നറിയിപ്പ്. പകരം എ.സി, കോൾഡ് മാറ്റുകൾ, തണുത്ത തലയിണകൾ എന്നിവയാണ് കൂടുതൽ നല്ലതെന്നും വിദഗ്ധർ ഓർമ്മിപ്പിക്കുന്നു. ഇനി കുമ്പളങ്ങ ഉപയോഗിക്കുകയാണെങ്കില്‍ കുമ്പളങ്ങ മൃദുവായി തുടങ്ങുമ്പോളോ അല്ലെങ്കിൽ പുളിച്ച മണം അനുഭവപ്പെട്ടലോ ഉടന്‍ മാറ്റണം. ആഴ്ചയിലൊരിക്കൽ കുമ്പളങ്ങ മാറ്റുന്നതാണ് സുരക്ഷിതമെന്നും വിദഗ്ദര്‍ പറയുന്നു.

ENGLISH SUMMARY:

A viral trend in China has people hugging large winter melons (ash gourds) in bed as a natural, portable alternative to air conditioning. Dating back to the Ming dynasty, this tradition utilizes the gourd's high water content (over 95%) to absorb body heat. However, social media users and experts have warned against the practice, as continuous body warmth and moisture cause the melons to ferment, build up carbon dioxide, and eventually burst open, creating a foul-smelling mess. Experts recommend replacing the melons weekly or switching to safer alternatives like cooling mats and air conditioners.