പാമ്പ് തവളയെ വിഴുങ്ങുന്നത് ഒരു സാധാരണ കാര്യമാണ്. എന്നാൽ ഇരതേടി വന്ന പാമ്പിനെ തവള വിഴുങ്ങിയാലോ? കാസർകോട് ബിരിക്കുളം ടൗണിലാണ് അപൂർവ്വവും കൗതുകകരവുമായ ഈ സംഭവം നടന്നത്. കടയുടെ അരികിൽ നിന്നു കേട്ട ശബ്ദം ശ്രദ്ധിച്ച വ്യാപാരികളാണ് തുടക്കത്തിൽ ഈ അസാധാരണ കാഴ്ച കണ്ടത്. കൺമുന്നിൽ കണ്ടത് യാഥാർത്ഥ്യം തന്നെയാണോ എന്ന് തിരിച്ചറിയാനാകാതെ പ്രദേശവാസികൾ ആദ്യം ഒന്ന് പകച്ചുപോയി.
പാമ്പിന്റെ തലഭാഗമാണ് തവള ആദ്യം അകത്താക്കിയത്. ഒട്ടും അമാന്തിക്കാതെ പാമ്പിനെ പൂർണ്ണമായി വിഴുങ്ങാനുള്ള ശ്രമത്തിലാണ് തവളയെന്ന് മനസ്സിലായതോടെ ആളുകൾ കൗതുകത്തോടെ ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണുകളിൽ പകർത്തി. പിടിച്ച ഇരയെ പാതിവഴിക്ക് ഉപേക്ഷിക്കാൻ തവള തയ്യാറായില്ല. ഏതാനും മിനിറ്റുകൾക്കകം പാമ്പിനെ മുഴുവനായും തവള വിഴുങ്ങുകയും ചെയ്തു.
പാമ്പ് തവളയെ ഇരയാക്കുന്നത് സാധാരണമാണെങ്കിലും, തവള പാമ്പിനെ വിഴുങ്ങിയ ഈ അപൂർവ്വ സംഭവം വലിയ കൗതുകത്തിനാണ് വഴിവെച്ചിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും അതിവേഗം വൈറലായിട്ടുണ്ട്.