മാർഷ്യൽ ആർട്സ് ചെയ്യാൻ പ്രോഗ്രാം ചെയ്തിരുന്ന ഹ്യൂമനോയിഡ് റോബോട്ട് പ്രകടനത്തിനിടെ കുട്ടിയുടെ വയറ്റില്‍ ചവിട്ടി. ചൈനയിലെ ഷിൻജിയാങ് പ്രവിശ്യയിലെ ഒരു വിനോദസഞ്ചാര കേന്ദ്രത്തിലാണ് സംഭവം. പ്രകടനത്തിനിടെ അബദ്ധത്തിലാണ് ഹ്യൂമനോയിഡ് റോബോട്ട് കുട്ടിയെ ചവിട്ടിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഷിൻജിയാങ് മേഖലയിലെ ഉറുങ്ചി ബൊട്ടാണിക്കൽ ഗാർഡനിലെ നടന്ന റോബോര്‍ട്ടിന്റെ മാർഷ്യൽ ആർട്സ് പ്രകടനം കാണാന്‍ ഒട്ടേറെപ്പേരാണ് ചുറ്റും കൂടിയത്. കുട്ടികളായിരുന്നു കാഴ്ച്ചക്കാരില്‍ കൂടുതലും. മാർഷ്യൽ ആർട്സ് ചെയ്യാന്‍ നീല വിഗ് വെച്ച് എത്തിയ റോബോര്‍ട്ട് കുട്ടികളില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയത്.
കൈയ്യടികള്‍ക്കിടയില്‍ നിന്ന് പ്രകടനം നടത്തുന്നതിനിടയിലാണ് പത്ത് വയസിന് താഴെ മാത്രം പ്രായം തോന്നുന്ന കുട്ടിയുടെ വയറ്റിലേക്ക് റോബോര്‍ട്ട് ആഞ്ഞ് ചവിട്ടിയത്. ചവിട്ടുകൊണ്ട് കുട്ടി വേദനയെടുത്ത് പുളയുന്നതും അടുത്തനിന്ന മറ്റൊരു ബാലന് ആശ്വസിപ്പിക്കുന്നതും വിഡിയോയില്‍ കാണാം.
അപകടത്തിൽ കുട്ടിക്ക് ഗുരുതരമായ പരുക്കുകൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടർന്ന് പാർക്ക് അധികൃതർ റോബോട്ട് പ്രകടനം താൽക്കാലികമായി നിർത്തിവെച്ചു.