ആരോഗ്യമന്ത്രി കെ. മുരളീധരനും ആരോഗ്യവകുപ്പിനുമെതിരെ രൂക്ഷവിമർശനവുമായി മുൻ ആരോഗ്യമന്ത്രി വീണ ജോർജ്. മന്ത്രി ഉത്തരവാദിത്തം മറക്കരുതെന്നും വിടുവായത്തം നിർത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കാൻ തയ്യാറാകണമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ മാത്രം പനി ബാധിച്ച് 87 പേർ മരണപ്പെട്ട സംഭവം ചൂണ്ടിക്കാട്ടിയാണ് വീണ ജോർജിന്റെ പ്രതികരണം.

പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിൽ ആരോഗ്യവകുപ്പ് പരാജയപ്പെട്ടുവെന്ന് കാട്ടി നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് മുന്നിൽ ആരോഗ്യമന്ത്രി ഉത്തരം മുട്ടിയപ്പോഴാണ് തനിക്കെതിരെ വ്യക്തിപരമായ പരാമർശം നടത്തിയതെന്ന് വീണ ജോർജ് ആരോപിച്ചു. കൂടാതെ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആരോഗ്യമേഖലയെയും അതിന്റെ പ്രവർത്തനങ്ങളെയും ഏറ്റവും കൂടുതൽ കടന്നാക്രമിച്ച വ്യക്തിയാണ് കെ. മുരളീധരനെന്ന് വീണ ജോർജ് ഓർമ്മിപ്പിച്ചു. അന്ന് ഉന്നയിച്ച ആക്ഷേപങ്ങളും പരിഹാസങ്ങളുമെല്ലാം ഇന്ന് ബൂമറാങ് പോലെ അദ്ദേഹത്തിലേക്ക് തന്നെ ശക്തമായി തിരിച്ചെത്തുന്ന കാഴ്ചയാണ് കാണാനാകുന്നതെന്നും വീണ ജോര്‍ജ് പരിഹസിച്ചു.

ആരോഗ്യവകുപ്പിന്റെ പരാജയം മൂലം ജനങ്ങൾ ദുരിതത്തിലാകുന്ന സാഹചര്യത്തിൽ മുന്നേയുണ്ടായിരുന്നവരെ കുറ്റപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിക്കാതെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനുള്ള അടിയന്തര നടപടികളിലേക്ക് മന്ത്രി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വീണ ജോർജ് തന്റെ കുറിപ്പിലൂടെ ആവശ്യപ്പെട്ടു. 

കഴിഞ്ഞ അഞ്ച് വർഷക്കാലം കേരളത്തിൽ തുടങ്ങിയത് ഒന്നല്ല നാല് മെഡിക്കൽ കോളേജുകൾ ആണ്, ശിശുമരണ നിരക്ക് യു ഡി എഫ് കാലത്ത് 12. 2025-ൽ എൽഡിഎഫ് കാലത്ത് അത് 5.6 , എല്‍ഡിഎഫ് സർക്കാർ എല്ലാ ആരോ​ഗ്യ കേന്ദ്രങ്ങളിലും ലാബുകൾ സാധ്യമാക്കി, 1300  ലാബുകളിലൂടെ  ലാബ്  ശൃംഖല കേരളത്തിൽ സാക്ഷാത്ക്കരിച്ചു തുടങ്ങി കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയ കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞാണ് വീണ ജോര്‍ജ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ENGLISH SUMMARY:

Veena George criticizes Kerala Health Minister K. Muraleedharan and the health department over rising fever deaths and alleged failures in epidemic prevention. She urges the minister to focus on protecting public health rather than deflecting blame by attacking previous administrations.