അകാലത്തിൽ പൊലിഞ്ഞ ഷാൻ ജോൺസനെപ്പറ്റിയുള്ള ഓർമകൾ പങ്കിട്ട്, ഗായകൻ ജി വേണുഗോപാൽ. ജോൺസൺ മാസ്റ്ററുടെ മകൾ ഷാൻ ജോൺസൺ അകാലത്തിൽ യാത്ര പറഞ്ഞിട്ട് ഇന്ന് പത്ത് വർഷം തികയുകയാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
'ആ ഫെബ്രുവരി അഞ്ച് വൈകുന്നേരം, തിരുവനന്തപുരത്ത് അവൾ സംഗീതം നൽകിയ ഒരു ഗാനത്തിന് എൻ്റെ ശബ്ദം റിക്കാർഡ് ചെയ്യാൻ വരും എന്ന് പറഞ്ഞ ദിവസം. അന്ന് അവളുടെ പ്രതിശ്രുത വരനോടൊപ്പം എൻ്റെ വീട്ടിൽ ലഞ്ചിനു വരാം, അത് കഴിഞ്ഞ് സ്റ്റുഡിയോയിൽ നമുക്ക് പോകാം എന്നായിരുന്നു പ്ലാൻ. രാവിലെ ഏതാണ്ടൊരു പതിനൊന്ന് മണി കഴിഞ്ഞപ്പോൾ സംവിധായകൻ വിജി തമ്പിയുടെ ഫോൺ കാൾ. ഷാനിൻ്റ മരണ വാർത്ത കേൾക്കുന്നു, എന്തെങ്കിലും സ്ഥിരീകരണം ഉണ്ടോ ? ഈ വാർത്ത സത്യമാകരുതെ എന്ന പ്രാർത്ഥനയിൽ അറിയാവുന്ന പലരേയും വിളിച്ചു. ന്യൂസ് ചാനലിൽ അപ്പോഴേയ്ക്കും വാർത്ത വന്ന് തുടങ്ങിയിരുന്നു.
വളരെ കൊച്ചു കുട്ടിയായിരിക്കുമ്പോൾ മുതൽ അവളെ അറിയാം. കിന്നരിയുള്ള കുപ്പായവും നടക്കുമ്പോൾ കരയുന്ന ഷൂസുമായി ജോൺസേട്ടൻ്റെ വിരലിൽ തൂങ്ങി സ്റ്റുഡിയോയിൽ വരുന്ന ഒരു മാലാഖ കൊച്ച്. കുറച്ച് ഗിറ്റാർ വായിക്കുമായിരുന്നു. സ്വന്തമായ് ട്യൂൺ ചെയ്ത് വരികൾ എഴുതാൻ അവൾ അന്നേ താൽപ്പര്യം കാണിച്ചിരുന്നു.
"ഇതൊരു ഡ്യുയറ്റ് ആണ്. സുജാത ആൻ്റിയുടെ ശബ്ദം റിക്കാർഡ് ചെയ്ത് കഴിഞ്ഞു. അങ്കിളിപ്പോൾ പ്രതിഫലം എത്രയാ വാങ്ങുന്നത് " ?
ഞാനവളെ വഴക്കു പറഞ്ഞു അന്ന്. ഷാനിനും അവളുടെ പ്രതിശ്രുത വരനും ഉച്ചഭക്ഷണം തയ്യാറാക്കിയ ഞങ്ങൾ അവളുടെ മരണവാർത്ത കേട്ട് വിറങ്ങലിച്ചിരുന്നു പോയി. ഒരു സ്ലോ മോഷൻ റീൽ പോലെ ആ കുടുംബത്തിൻ്റെ സന്തോഷങ്ങൾ, ഓരോന്നായ് കാലം തല്ലിക്കൊഴിക്കുന്നത് കൺമുന്നിൽ കണ്ടു. വിധിയുടെ ക്രൂര വിനോദങ്ങൾക്ക് ഇരയായവർ !!.. '- വേണുഗോപാൽ കുറിച്ചു.
അവസാനമായി ഷാൻ ജോൺസൺ സംഗീതം നൽകിയ പാട്ടിന്റെ വരികൾ കുറിച്ചുകൊണ്ടാണ് അദ്ദേഹം ഈ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഹൃദയാഘാതം മൂലം 2011 ലാണ് ജോൺസൺ മാസ്റ്റർ അന്തരിച്ചത്. 2012ൽ മകൻ റെൻ ജോൺസൺ ചെന്നൈയിൽ വച്ചുണ്ടായ ബൈക്കപകടത്തിൽ മരണപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് 4 വര്‍ഷത്തിന് ശേഷം മകളും മരിച്ചത്.