താമശയിലൂടെ രാഷ്ട്രീയം പറഞ്ഞ നേതാക്കള്‍ അനവധിയുണ്ട് കേരള രാഷട്രീയത്തില്‍. മുസ്ലിംലീഗ് നേതാവ് സീതി ഹാജി, മുന്‍മുഖ്യമന്ത്രിമാരായ ഇ.കെ നായനാര്‍, കെ കരുണാകരന്‍ തുടങ്ങീ പ്രമുഖരായ പല നേതാക്കളും ജനമനസ്സുകളില്‍ ജീവിക്കുന്നത് അത്തരം തമാശകളിലൂടെ കൂടിയാണ്. നിയമസഭ രാജ്യാന്തര പുസ്തക മേളയില്‍ നടന്ന 'രാഷ്ട്രീയത്തിലെ ചിരി' എന്ന പരിപാടി അത്തരം തമാശക്കഥകളിലൂടെയുള്ള സഞ്ചാരമാണ്. തമാശ പറയാനെത്തിയത് കെ മുരളീധരനും, പി.കെ ബഷീര്‍ എം.എല്‍.എയും. ഒപ്പം പന്ന്യന്‍ രവീന്ദ്രനും സി.പി. ജോണും.
കേരള രാഷ്ട്രീയത്തിലെ ആസ്ഥാന തമാശക്കാരനായ സീതി ഹാജിയുടെ തമാശകള്‍ തന്നെയാണ് രാഷ്ട്രീയത്തിലെ ചിരിയില്‍ നിറഞ്ഞ് നിന്നത്. വാപ്പ പറഞ്ഞ ഹിറ്റ് തമാശകളും അദ്ദേഹത്തിന്‍റെ പേരിലിറങ്ങിയ കഥകളുമെല്ലാം പങ്കുവച്ച് മകന്‍ പി.കെ ബഷീര്‍. ലീഗുകാരുടെ ഭക്ഷണപ്രേമത്തെക്കുറിച്ചുള്ള തമാശകളും നിയമസഭയില്‍ ചിരി പടര്‍ത്തിയ തന്‍റെ മറുപടികളെക്കുറിച്ചും ബഷീര്‍ മനസ്സ് തുറന്നു.
രാഷ്ട്രീയത്തിന്‍റെ മാത്രമല്ല നര്‍മ്മത്തിന്‍റെ മര്‍മ്മവും അറിഞ്ഞ ലീഡര്‍ കെ കരുണാകരന്‍റെ ചിരിയോര്‍മകള്‍ മകന്‍ കെ മുരളീധരന്‍ പങ്കുവച്ചു. രാഷ്ട്രീയത്തിലെ ഗൗരവക്കാരനായ എം.വി രാഘവന്‍റെ ആരുമറിയാത്ത നര്‍മ ബോധം വെളിപ്പെടുത്തി സി.പി ജോണും, രാഷ്ട്രീയത്തിലെ വലിയ തമാശക്കാരെയെല്ലാം നേരിട്ടറിഞ്ഞതിന്‍റെ അനുഭവം പന്ന്യന്‍ രവീന്ദ്രനും പങ്കുവച്ചപ്പോള്‍, രാഷ്ട്രീയ വൈര്യത്തിനപ്പുറമുള്ള വ്യക്തി ബന്ധങ്ങളുടെ അനുഭവ വിവരണം കൂടിയായി അത്.