പി.രാജീവ്, പി.വി.ശ്രീനിജന്‍, കെ.എന്‍.ഉണ്ണികൃഷ്ണന്‍, ആന്റണി ജോണ്‍, കെ.ജെ.മാക്സി.
എറണാകുളം ജില്ലയിൽ അഞ്ചുസിറ്റിങ് എംഎൽഎമാരെയും സിപിഎം നിയമസഭാ തിരഞ്ഞെടുപ്പിൽ മല്‍സരിപ്പിക്കും. ആന്റണി ജോണിനും കെ.ജെ.മാക്സിയ്ക്കും ഇളവുണ്ടാകും. ചിലസീറ്റുകളിൽ ഇളവ് നൽകിയില്ലെങ്കിൽ തിരിച്ചടിയാകും എന്നുകണ്ടാണ് തീരുമാനം. രണ്ടുടേം എന്ന മാനദണ്ഡം കഴിഞ്ഞെങ്കിലും കോതമംഗലത്ത് ആന്റണി ജോണും കൊച്ചിയിൽ കെ.ജെ.മാർക്സിയും നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥികൾ ആകും.
ഇവിടങ്ങളിൽ ഇവർക്കപ്പുറം മികച്ച സ്ഥാനാർഥികളെ കണ്ടെത്താനാകാത്തതും വിജയ സാധ്യതയും പരിഗണിച്ചാണ് പാർട്ടി നീക്കം. മണ്ഡലത്തിൽ ഇവർക്കുള്ള ജനസമ്മതിയും പരിഗണനവിഷയം ആണ്. തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഇരുവരും മണ്ഡലത്തിൽ പ്രവർത്തനത്തിലേക്കും കടന്നു. യുഡിഎഫ് ശക്തികേന്ദ്രമായിരുന്ന കോതമംഗലത്ത് മുൻമന്ത്രി ടി.യു.കുരുവിളയെ തോൽപ്പിച്ച് 2016 ൽ നിയമസഭയിലെത്തിയ ആന്റണി ജോൺ 2021 ൽ ഷിബു തെക്കുംപുറത്തെയും പരാജയപ്പെടുത്തിയാണ് തുടർച്ച നിലനിർത്തിയത്.
അതുകൊണ്ട് തന്നെ മൂന്നാമതും ആന്റണിയ്ക്ക് വിജയിക്കാൻ ആകും എന്നാണ് എൽഡിഎഫ് പ്രതീക്ഷ. ഡൊമിനിക് പ്രസന്റേഷനും ടോണി ചമ്മിണിയുമാണ് മാക്സിയ്ക്കുമുന്നിൽ വീണത്. ആ മികവ് ഇപ്പോഴും പാർട്ടി മാക്സിയിൽ കാണുന്നു. കളമശ്ശേരിയിൽ പി.രാജീവ്, വൈപ്പിനിൽ കെ.എൻ.ഉണ്ണികൃഷ്ണൻ, കുന്നത്തുനാട് പി.വി.ശ്രീനിജിൻ എന്നിവരും സിപിഎം സ്ഥാനാർഥികൾ ആകും.