ഡിപ്രഷനും മൂഡ് സ്വിങ്സും പണിയില്ലാത്തവര്‍ക്ക് വരുന്നതാണെന്നും പഴയ വട്ടിന് ഇപ്പോള്‍ ഡിപ്രഷനെന്ന പുതിയ പേരിട്ടു എന്നുമുള്ള നടി കൃഷ്ണപ്രഭയുടെ പ്രസ്താവന വിവാദമായിരുന്നു. സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് നടിക്ക് നേരെ ഉയരുന്നത്.വിവാദ പ്രസ്താവനയെക്കുറിച്ച് കൃഷ്ണപ്രഭ മനോരമ ന്യൂസിനോട് സംസാരിക്കുന്നു.
ചോ.താങ്കള്‍ ഡിപ്രഷനുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പ്രസ്താവന വളരെയധികം വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണല്ലോ.ഇപ്പോഴും ആ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണോ? അത്തരത്തില്‍ സംസാരിക്കേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടോ?
ഉ.ഒരിക്കലുമില്ല. ഞാന്‍ പറഞ്ഞതില്‍ തന്നെ ഉറച്ച് നില്‍ക്കുന്നു.അഭിമുഖം മുഴുവനായി കാണാത്ത ആളുകളാണ് എന്നെ വിമര്‍ശിക്കുന്നത്. ഏത് സാഹചര്യത്തിലാണ് ഞാന്‍ അത് പറഞ്ഞത് എന്ന് മനസിലാക്കാതെയാണ് ആളുകള്‍ പ്രതികരിക്കുന്നത്.
സിനിമയില്‍ അവസരം നഷ്‌ടപ്പെടുമ്പോള്‍ മാനസിക സമ്മര്‍ദം അനുഭവപ്പെടാറുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയായി ഞാന്‍ പറഞ്ഞ കാര്യമാണ് ഇത്തരത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്.അത് ഇത്രയധികം ചര്‍ച്ചാവിഷയമാക്കോണ്ട കാര്യമുണ്ടായിരുന്നെന്ന് എനിക്ക് തോന്നുന്നില്ല.
ഡിപ്രഷന്‍ എന്‍റെ വളരെ അടുത്ത ഒന്ന് രണ്ട് സുഹൃത്തുക്കള്‍ക്ക് വന്നിട്ടുണ്ട്.എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോഴേക്കും ഭൂരിഭാഗം പേരും തകര്‍ന്ന് പോവുകയാണ് ചെയ്യുന്നത്. എന്നാല്‍ ഞാന്‍ പറഞ്ഞത് കുറേയൊക്കെ പ്രശ്നങ്ങളില്‍ നിന്നും മനസിനെ വഴിതിരിച്ച് വിടുക വഴി മാനസിക സമ്മര്‍ദം കുറയ്ക്കാമെന്നാണ് .പാട്ടോ ഡാന്‍സോ എന്താണോ ഇഷ്ടം അത്തരം കാര്യങ്ങളിലേക്ക് മനസിനെ വഴിതിരിച്ചുവിടുക.ഞാന്‍ ഡൗണ്‍ ആകുന്ന സമയങ്ങളില്‍ പാട്ടും ഡാന്‍സുമാണ് ഫോക്കസ് ചെയ്യുന്നത്.അതാണ് ഞാന്‍ അത് ഉദാഹരണമായി പറഞ്ഞത്. പിന്നെ യാത്രചെയ്യുക. മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ അതെല്ലാം സഹായിക്കും.പരമാവധി എന്‍ഗേജ്ഡ് ആയിരിക്കുക എന്നാണ് ഞാന്‍ പറഞ്ഞത്. ഒരു ഡാന്‍സോ പാട്ടോ വേദിയില്‍ അവതരിപ്പിക്കണമെന്നുണ്ടെങ്കില്‍ അതിന്‍റെ പ്രാക്ടീസിനു വേണ്ടി രണ്ട് ദിവസം പോകും. അപ്പോള്‍ മറ്റൊന്നിനെയും കുറിച്ച് ആലോചിക്കാന്‍ സമയം കാണില്ല.പരാമവധി എന്തിലെങ്കിലും ഒക്കെ എന്‍ഗേജ് ആവുക.അതാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്.
ചോ ; ഡിപ്രഷന്‍ എന്നത് എല്ലാവര്‍ക്കും അത്തരത്തില്‍ മറ്റുകാര്യങ്ങളിലേക്ക് ചിന്തകളെ വഴിതിരിച്ചുവിടുന്നത് കൊണ്ട് മാറുന്ന ഒന്നാണെന്ന് കരുതുന്നുണ്ടോ?.പലരുടെയും മാനസികാരോഗ്യത്തിന് പല തലങ്ങളില്ലേ? അത്തരം മാനസികാവസ്ഥയിലൂടെ കടന്ന്പോകുന്ന ഒരാള്‍ ഈ വിഡിയോ കണ്ടാല്‍ കൃഷ്ണപ്രഭയുടെ നിലപാടിനെ തെറ്റിദ്ധരിച്ചാല്‍ തെറ്റ് പറയാന്‍ പറ്റുമോ?
ഉ.അങ്ങനെ എനിക്ക് തോന്നുന്നില്ല.മറ്റുള്ളവര്‍ ഞാന്‍ പറഞ്ഞതിനെ എങ്ങനെയെടുത്തു എന്നതില്‍ എനിക്ക് എന്ത് ചെയ്യാനാകും?. നമ്മുടെ സമൂഹത്തിന്‍റെ ഒരു പ്രശ്നം ആരും നല്ല കേള്‍വിക്കാരല്ല എന്നതാണ്. മറ്റുള്ളവര്‍ പറയുന്നതിനെ ഏത് അര്‍ഥത്തിലാണ് അവര്‍ പറയുന്നത് എന്ന് മനസിലാക്കുന്നില്ല.ആര്‍ക്കും ക്ഷമയില്ല.
ചോ. അപ്പോള്‍ താങ്കള്‍ പറഞ്ഞത് നെഗറ്റീവ് ആയി തോന്നി എന്നത് ആളുകള്‍ തെറ്റായി വ്യാഖ്യാനിച്ചത് കൊണ്ടാണ് എന്നാണോ?
ഉ. അങ്ങനെ പറയേണ്ടി വരും. ബി.സി ആയി ഇരിക്കുക എന്നതാണ് ഞാന്‍ ഉദ്ദേശിച്ചതെന്ന് എന്ത്കൊണ്ട് അവര്‍ മനസിലാക്കുന്നില്ല? ആ രീതിയില്‍ എടുക്കുന്നില്ല?അവര്‍ നെഗറ്റീവില്‍ ഫോക്കസ് ചെയ്യുന്നത് കൊണ്ടല്ലേ അങ്ങനെ തോന്നുന്നത്.ഞാനെന്താണ് പറഞ്ഞത്? അവര്‍ എന്താണ് എടുത്തത്?
ചോ.ബിസി ആയി ഇരിക്കുക എന്നത് കൊണ്ട് മാത്രം മാറുന്ന ഒന്നാണോ ഡിപ്രഷന്‍ അല്ലെങ്കില്‍ അത്തരം മാനസിക പ്രശ്നങ്ങള്‍..?മനശാസ്ത്രപരമായി മറ്റ് പല കാരണങ്ങളും കാണില്ലേ?
ഉ.ഒരു പരിധി വരെ ഡിപ്രഷനെ മറികടക്കാം എന്നാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്. ഒരു ഓപ്ഷന്‍ അതാണ്.പലരും പറയും പ്രൊഫഷണലി ബിസിയായ സെലിബ്രിറ്റികള്‍ക്കുള്‍പ്പെടെ ഇത് വരുന്നുണ്ടല്ലോ എന്ന്. പ്രഫഷണലി ബിസിയായെന്ന് വെച്ച് അവരുടെ പേഴ്സണല്‍ കാര്യങ്ങള്‍ അവരെ തകര്‍ക്കില്ല എന്ന് പറയാന്‍ പറ്റില്ലല്ലോ? പേഴ്സണല്‍ കാര്യങ്ങളായിരിക്കും അവരെ ബാധിക്കുന്നത്. അതില്‍ നിന്ന് എങ്ങനെ മറികടക്കാം എന്നാണ് നോക്കേണ്ടത്. അതിലാണ് മിടുക്ക്.
ചോ.കൃഷ്ണപ്രഭയുടെ ശരീരഭാഷയും വളരെ വലിയ രീതിയില്‍ വിമര്‍ശിക്കപ്പെടുകയുണ്ടായി.ചിരിച്ച് കൊണ്ട് നിസാരവല്‍കരിച്ചുകൊണ്ടാണ് താങ്കള്‍ സംസാരിക്കുന്നത്.
ഉ. എന്നെ വളരെ അടുത്തറിയാവുന്നവര്‍ക്കറിയാം ഞാന്‍ എന്താണെന്ന്. ഞാന്‍ എപ്പോഴും ചിരിച്ച് കൊണ്ട് സംസാരിക്കുന്ന ഒരാളാണ്. എന്നെ അറിയാത്തവര്‍ക്കാണ് അതൊരു ഇന്‍സള്‍ട്ടിംങ് ആയി തോന്നുന്നത്. എന്നെ അറിയാവുന്നവര്‍ എന്നെ വിളിച്ച് നീ പറഞ്ഞതില്‍ എന്താണ് തെറ്റ് എന്നാണ് ചോദിച്ചത്.
പിന്നെ ഞാന്‍ നിസാരവല്‍ക്കരിച്ച് സംസാരിച്ചതല്ല. ഒരു 10, 15 വര്‍ഷം മുന്‍പ് ഡിപ്രഷന്‍, മൂഡ് സ്വിംങ് ഈ പേരുകള്‍ ഒന്നും സാധാരണക്കാര്‍ക്ക് അത്ര സുപരിചിതമായിരുന്നില്ല. സോഷ്യല്‍ മീഡിയ വന്നതിന് ശേഷമാണ് ഇതെല്ലാം സജീവമായി എല്ലാവരും അറിയുന്നത്. പണ്ട് എല്ലാവരും പറഞ്ഞിരുന്നത് ഒരു തരം മാനസിക പിരിമുരുക്കം അനുഭവിക്കുന്നു എന്നാണ്. പണ്ടുള്ളവര്‍ക്ക് അത് അതിനെ എന്ത് പേരിട്ട് വിളിക്കണം എന്നൊന്നും അറിയില്ല.എല്ലാവരും അവന് അല്ലെങ്കില്‍ അവള്‍ക്ക് വട്ടാണ് എന്ന് പറഞ്ഞ് തള്ളും.ഇപ്പോള്‍ അതിന് പല പല പേരുകള്‍ ഉണ്ട്.ഇതേ ഞാന്‍ പറഞ്ഞുള്ളൂ.അതാണ് പറഞ്ഞത് പറഞ്ഞതില്‍ തന്നെ ഉറച്ച് നില്‍ക്കുന്നു എന്ന്.
ചോ.മാനസികാരോഗ്യം സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും മാനസികാരോഗ്യ വിദഗ്ദന്‍റെ സഹായം തേടേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും എല്ലാം നമ്മള്‍ നിരന്തരം ഓര്‍മപ്പെടുത്തുന്ന ഒരു കാലം കൂടിയല്ലേ?
ഉ. എന്‍റെ ഒരു സുഹൃത്തിന്‍റെ അനുഭവം പറയാം.മാനസികമായി ആകെ തകര്‍ന്നിരിക്കുന്ന ഒരു സമയത്ത് എന്‍റെ ഒരു സുഹൃത്ത് ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണാനായി പോയി. എന്നാല്‍ അവര്‍ അന്ന് കാണാന്‍ സമയം ഇല്ല നാളെ വരാന്‍ പറഞ്ഞ് അവരെ പറഞ്ഞയച്ചു. അതായത് അവര്‍ക്ക് ആവശ്യമുള്ള സമയത്ത് കാണാന്‍ സാധിച്ചില്ല. പിന്നീട് അവര്‍ക്ക് ഒഴിവുള്ള സമയത്താണ് തിരിച്ച് കോണ്‍ടാക്ട് ചെയ്തത്. അത്തരം സാഹചര്യങ്ങളും നിലവിലുണ്ട്.