പഞ്ചവാദ്യത്തിൽ ചരിത്രമാകാൻ ഒരുങ്ങി 74 വനിതകൾ. മലപ്പുറം എടപ്പാളിലെ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിലാണ് വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്യുന്ന വനിതകൾ പഞ്ചവാദ്യം അഭ്യസിച്ച് അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്.
കേരളത്തിന്‍റെ ത്രസിപ്പിക്കുന്ന വാദ്യവൈവിധ്യത്തിന്‍റെ ഭാഗമായി ഇനി ഈ വനിതകളുമുണ്ട്. സമൂഹത്തിന്‍റെ നാനാതുറകളിൽനിന്നുള്ള സ്ത്രീകളാണ് വാദ്യരംഗത്തു നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ലിംഗ അസമത്വം തിരുത്തിക്കൊണ്ട് അണിനിരക്കുന്നത്. വർണ്ണ-വർഗ്ഗ-സമുദായ ഭേദങ്ങൾക്കപ്പുറം എല്ലാവർക്കും വാദ്യകലയിലേക്ക് കടന്നുവരാൻ അവസരം ഉണ്ടാവണമെന്ന കാഴ്ചപ്പാടുമായി കഴിഞ്ഞ 16 വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം. തിമിലയും, ഇലത്താളവും, മദ്ദളവും, ഇടയ്ക്കയും, കൊമ്പും ചേർന്ന് തീർക്കുന്ന വാദ്യമേളങ്ങളുടെ അരങ്ങേറ്റം ഞായാറാഴ്ച നടക്കും. വനിത പഞ്ചവാദ്യ സംഘത്തിന്‍റെ അരങ്ങേറ്റത്തിൽ ഭാഗമാവാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും കരിയന്നൂർ നാരായണൻ നമ്പൂതിരി അടക്കമുള്ളവർ എത്തുന്നുണ്ട്.