മലയാളികള്‍ക്ക് ഓണപ്പൂക്കളം ഒരുക്കണമെങ്കില്‍ പൂക്കള്‍ അതിര്‍ത്തി കടന്ന് തന്നെ വരണം. മണ്ണും മനസും നിറയ്ക്കുന്ന കാഴ്ചകളോടെ കര്‍ണാടക ഗുണ്ടല്‍പേട്ടിലെ ഗ്രാമങ്ങളില്‍ ഏക്കറുകണക്കിന് പൂപ്പാടങ്ങള്‍ ഇതിനായി ഒരുങ്ങിക്കഴിഞ്ഞു.
ഏത് മൂഡ് എന്ന് ചോദിച്ചാല്‍ ഓണം മൂഡ് ആയെന്ന് പറയും. അതിര്‍ത്തി കടന്ന് ഗുണ്ടല്‍പേട്ട് എത്തിയാലും ഓണം മൂഡ് തന്നെയാണ്. പതിവുപോലെ ഓണത്തെ വരവേല്‍ക്കാന്‍ ഇവിടെയുള്ള പൂപ്പാടങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ചെണ്ടുമല്ലിപ്പൂവിന്‍റെ വിളവെടുപ്പ് തുടങ്ങി.
യഥാര്‍ഥത്തില്‍ പെയിന്‍റ് കമ്പനികള്‍ക്ക് വേണ്ടിയാണ് ഈ പൂക്കളുടെ കൃഷി. ഓണംവന്നാല്‍ പക്ഷേ ഈ അതിര്‍ത്തി ഗ്രാമത്തെ തന്നെ പൂവിനായി മലയാളികള്‍ക്ക് ആശ്രയിക്കേണ്ടിവരും.സ്പെഷല്‍ ആയതുകൊണ്ട് മഞ്ഞ ചെണ്ടുമല്ലിക്ക് നല്ല ഡിമാന്‍ഡുണ്ട്. ഓണവും ദസറയും ലക്ഷ്യമിട്ടുള്ള പ്രത്യേക കൃഷിയാണിത്. വില കൂടുതല്‍ കിട്ടുമെന്നതിനാല്‍ കര്‍ഷകരും ഹാപ്പിയാണ്. വാടാമല്ലി പാടങ്ങളാണ് മറ്റൊരു ആകര്‍ഷണം. ഈ പൂക്കളെല്ലാം ചേര്‍ത്തുള്ള മറുനാടന്‍ പാക്കേജാണ് ഇവിടെ ഒരുങ്ങുന്നത്. മഴ ശക്തമായി തുടര്‍ന്നതോടെ വയനാട്ടില്‍ ഇക്കുറി പൂക്കൃഷി തീരെ ഇല്ല. അതുകൊണ്ട് തന്നെ അതിര്‍ത്തി കടന്നെത്തുന്ന പൂക്കളുടെ വിലയിലും ഒട്ടും കുറവ് പ്രതീക്ഷിക്കേണ്ടതില്ല.