TOPICS COVERED

ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ ജപ്തി ഭീഷണിയുമായി കഴിയുന്ന നാട്ടിക എം.എല്‍.എ സി.സി മുകുന്ദന്‍റെ വാര്‍ത്ത ആശ്ചര്യത്തോടെയാണ് കേരളം കേട്ടത്. മകളുടെ വിവാഹ ചെലവിനായി എടുത്ത വായ്പയാണ് ജപ്തിയായി മാറിയത്. വീടിന്‍റെ മുന്‍വശം കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ, പുറകിലോട്ട് ഓടിട്ട മേല്‍ക്കൂരയാണ്. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കും. ഈ സാഹചര്യത്തിലാണ് എം.എല്‍.എയുടെ അവസ്ഥ വാര്‍ത്തയായത്. 

വാര്‍ത്തയ്ക്ക് പിന്നാലെ നിരവധി പേരാണ് അദ്ദേഹത്തിന് സഹായം വാഗ്ദാനം ചെയ്തത്. കടം വീട്ടി പുതിയ വീട് പണിതു നല്‍കാമെന്ന് എം.എല്‍.എയ്ക്കു സ്വന്തം പാര്‍ട്ടിയായ സി.പി.ഐ ഉറപ്പു നല്‍കി. കാൽ വഴുതി വീണ് പരുക്കേറ്റ് വീട്ടിൽ വിശ്രമത്തിലായിരിക്കുമ്പോഴായിരുന്നു ഈ സംഭവങ്ങളെല്ലാം. പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്നവര്‍ക്ക് നന്ദി അറിയിച്ച് ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടിരിക്കുകയാണ് എം.എല്‍.എ. 

എം.എല്‍.എ പദവി എന്നത് പാര്‍ട്ടിയും ജനങ്ങളും നൽകിയ അംഗീകാരവും ഉത്തരവാദിത്വവുമാണെന്ന് എം.എല്‍എ എഴുതി. യാതൊരു സാമ്പത്തിക നേട്ടത്തിനായും താന്‍ പദവിയെ ഉപയോഗിച്ചിട്ടില്ല. മറ്റുള്ളവർക്ക് മാതൃകയാകേണ്ട ജനപ്രതിനിധി വായ്പ തിരിച്ചടവിൽ വീഴ്ച വരുത്താൻ പാടില്ലായിരുന്നു എന്ന് സ്വയം വിമർശനപരമായി തിരിച്ചറിയുന്നുവെന്നും എം.എല്‍.എ പറയുന്നു. 

മുതലാളിമാരുടെ ഫണ്ട് കൈപ്പറ്റി വീട്ടുചെലവും മക്കളുടെ വിദ്യാഭ്യാസവും കല്യാണവും നടത്തുന്ന രാഷ്ട്രീയ നേതാക്കളുണ്ടായിരിക്കാം. എന്നാല്‍ സ്വന്തം കാര്യത്തിന് ഒരാളുടെയും മുന്നില്‍ പോയി നില്‍ക്കേണ്ടി വന്നിട്ടില്ല. അത് കമ്മ്യൂണിസം എന്ന ആശയത്തിൽ ഉറച്ച് വിശ്വസിക്കുന്നു എന്നത് കൊണ്ടാണ് എന്നും സി.സി മുകുന്ദന്‍റെ കുറിപ്പിലുണ്ട്. 

പ്രതിസന്ധി സമയത്ത് യൂസലഫിയെ പോലുള്ളവര്‍ വാഗ്ദാനം ചെയ്ത സഹായങ്ങൾ സ്നേഹപൂർവ്വം വേണ്ടെന്നു വെക്കുന്നു എന്നാണ് സി.സി മുകുന്ദന്‍ എഴുതിയത്. 'യൂസഫലിക്ക അടക്കം നിരവധി സുമനസുകൾ സഹായവാഗ്ദാനം നടത്തിയതായി അറിയാൻ കഴിഞ്ഞു. അവരെ പോലുള്ളവരുടെ സഹായങ്ങൾ ലഭിച്ച നിരവധി മനുഷ്യർ എന്റെ മണ്ഡലത്തിലും കേരളത്തിനകത്തും ഉള്ളതിനാൽ വളരെ ബഹുമാനത്തോടെയാണ് അവരുടെയൊക്കെ പ്രവർത്തനങ്ങളെ നോക്കിക്കാണുന്നത്. എന്നാൽ എനിക്ക് അവരെല്ലാം വാഗ്ദാനം ചെയ്ത സഹായങ്ങൾ ഞാൻ സ്നേഹപൂർവ്വം വേണ്ടെന്നു വെക്കുന്നു' എന്നാണ് കുറിപ്പ്. 

Also Read: ‘വാര്യരെ ഇതാണ് എന്‍റെ ശമ്പളം, കയ്യില്‍ കിട്ടുന്നത് 20,235 രൂപ’; മറുപടിയുമായി സി.സി മുകുന്ദന്‍ എംഎല്‍എ

തനിക്ക് വാഗ്ദാനം ചെയ്ത സഹായം നാട്ടികയിലെ നിര്‍ധനരായ രോഗികള്‍ക്കും ഭവനരഹിതരായ പാവപ്പെട്ടവര്‍ക്കും നല്‍കണമെന്നും സി.സി മുകുന്ദന്‍ യൂസഫലിയോട് അഭ്യര്‍ഥിക്കുന്നുണ്ട്. ഒരു പക്ഷേ അത് അവരുടെ ജീവിതത്തിന്റെ അർഥം തന്നെ മാറ്റുന്ന വലിയൊരു ചേർത്തുപിടിക്കലായി മാറുമെന്നും എം.എല്‍.എ എഴുതി. 

ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം, 

പ്രിയമുള്ളവരെ...

കാൽ വഴുതി വീണ് പരിക്കേറ്റ് വീട്ടിൽ വിശ്രമത്തിലായിരിക്കുമ്പോൾ നേരിട്ട് വീട്ടിൽ എത്തിയും , ഫോണിലൂടെയും ,  സാമൂഹ്യ മാധ്യമങ്ങളിലൂടെയും എന്നോട് സ്നേഹാന്വേഷണം നടത്തിയ എന്റെ പാർട്ടിയിലെയും മറ്റു പാർട്ടികളിലെയും സഹപ്രവർത്തകരോടും പ്രിയപ്പെട്ട ജനങ്ങളോടും നന്ദി അറിയിക്കുന്നു. 

ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് ചുമട്ട്  തൊഴിലാളിയായി പൊതുജീവിതം ആരംഭിച്ച വ്യക്തിയാണ് ഞാൻ. 

എനിക്ക് എന്റെ പാർട്ടിയും ജനങ്ങളും നൽകിയ വലിയൊരു അംഗീകാരവും ഉത്തരവാദിത്വവുമായാണ് എംഎൽഎ പദവിയെ ഞാൻ കാണുന്നത്. അതിനപ്പുറം, യാതൊരു സാമ്പത്തിക നേട്ടത്തിനായും ഞാൻ ആ പദവിയെ ഉപയോഗിച്ചിട്ടില്ല. ശമ്പളമായി ലഭിക്കുന്ന തുകയുടെ വലിയൊരു ഭാഗം പൊതുപ്രവർത്തനരംഗത്ത് തന്നെയാണ് ഞാൻ വിനിയോഗിക്കുന്നത്. അതു കഴിഞ്ഞാൽ കാര്യമായൊന്നും മിച്ചം വരാറില്ല എന്നുള്ളതാണ് സത്യം. അത്തരം ഒരു അവസ്ഥയിലാണ് വീടിന്റെ വായ്പ തിരിച്ചടവിൽ വീഴ്ച സംഭവിച്ചത്. മറ്റുള്ളവർക്ക് മാതൃകയാകേണ്ട ജനപ്രതിനിധി വായ്പ തിരിച്ചടവിൽ വീഴ്ച വരുത്താൻ പാടില്ലായിരുന്നു എന്ന് ഞാൻ സ്വയം വിമർശനപരമായി തിരിച്ചറിയുന്നു. 

എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നട്ടം തിരിഞ്ഞപ്പോൾ സംഭവിച്ചുപോയ ഗതികേടായിരുന്നു അത്.

അപകടം സംഭവിച്ചതിഞ്ഞ്  വീട്ടിൽ എന്നെ കാണാനെത്തിയ മാധ്യമ പ്രവർത്തകരിലൂടെയാണ് ഈ വിവരം ജനങ്ങളിലെത്തുന്നത്.

വിദ്യാർത്ഥി - യുവജന - തൊഴിലാളി രംഗങ്ങളിലുള്ള കാലഘട്ടത്തിലെ  പ്രവർത്തനങ്ങളിലും സാമൂഹികപരവും , സാമ്പത്തിക പരവുമായ ബുദ്ധിമുട്ടുകളെ നേരിട്ടുകൊണ്ടാണ്  രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടുള്ളത്.

യുവജന സംഘടന പ്രവർത്തന  കാലഘട്ടത്തിൽ തൊഴിൽ അല്ലെങ്കിൽ ജയിൽ എന്ന സമരത്തിനിടയിൽ ദിവസങ്ങളോളം പട്ടിണി കിടന്നതും , പോലീസ് മർദ്ദനങ്ങൾ ഏറ്റുവാങ്ങിയതും ഇന്നും ഓർക്കുന്നു.

നാട്ടിലെ ഒരുപാട്  മുതലാളിമാരുടെ ഫണ്ട് കൈപ്പറ്റി വീട്ടുചിലവും മക്കളുടെ വിദ്യാഭ്യാസവും , കല്യാണവും , ഒക്കെ നടത്തുന്ന രാഷ്ട്രീയ നേതാക്കൾ അപൂർവം  ഉണ്ടായിരിക്കാം. എന്നാൽ അത്തരത്തിൽ സ്വന്തം കാര്യത്തിനായി ഒരാളുടെയും മുന്നിൽ പോയി നിൽക്കേണ്ടി വന്നിട്ടില്ല എന്നുള്ളത് ഞാൻ കമ്മ്യൂണിസം എന്ന ആശയത്തിൽ ഉറച്ച് വിശ്വസിക്കുന്നു എന്നത് കൊണ്ടാണ്. എന്റെ രാഷ്ട്രീയ സംശുദ്ധതയിൽ കറപുരട്ടിക്കൊണ്ട് ഒരു നിമിഷം പോലും പ്രവർത്തന രംഗത്ത് തുടരില്ല എന്ന് എന്റെ ജനങ്ങളെ അറിയിക്കുകയാണ്. ഞാൻ എന്റെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നും പഠിച്ചത് അതാണ്.

നാട്ടികയുടെ പ്രിയപ്പെട്ട യൂസഫലിക്ക അടക്കം നിരവധി സുമനസ്സുകൾ എനിക്ക് സഹായവാഗ്ദാനം നടത്തിയതായി അറിയാൻ കഴിഞ്ഞു. അവരെ പോലുള്ളവരുടെ സഹായങ്ങൾ ലഭിച്ച നിരവധി മനുഷ്യർ എന്റെ മണ്ഡലത്തിലും , കേരളത്തിനകത്തും  ഉള്ളതിനാൽ വളരെ ബഹുമാനത്തോടെയാണ് അവരുടെയൊക്കെ  പ്രവർത്തനങ്ങളെ ഞാൻ നോക്കിക്കാണുന്നത്. എന്നാൽ എനിക്ക് അവരെല്ലാം വാഗ്ദാനം ചെയ്ത സഹായങ്ങൾ ഞാൻ സ്നേഹപൂർവ്വം വേണ്ടെന്നു വെക്കുന്നു. 

പ്രിയപ്പെട്ട യുസഫലിക്ക എനിക്ക് സഹായം ചെയ്യാമെന്ന് പറഞ്ഞതിന് പകരം  നമ്മുടെ നാട്ടിക നിയോജക മണ്ഡലത്തിലെ  നിർധനരായ രോഗികൾക്കും , ഭവനരഹിതരായ പാവപ്പെട്ടവർക്കും ഈ തുക ധനസഹായമായി നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. ഒരു പക്ഷേ അത് അവരുടെ ജീവിതത്തിന്റെ അർത്ഥം തന്നെ മാറ്റുന്ന വലിയൊരു ചേർത്തുപിടിക്കലായി മാറുമെന്നും ഞാൻ പ്രത്യാശിക്കുന്നു.

ഈ വേളയിൽ തന്നെ എന്റെ പാർട്ടിയിലെ നേതാക്കൾ എന്നെ കാണാൻ വരികയും , സഹായിക്കുമെന്നും അറിയിച്ചിട്ടുണ്ട്. 

ഒരിക്കൽ കൂടി, എന്റെ അപകട ഘട്ടത്തിൽ എന്നെ ഓർമിച്ച, ചേർത്ത് പിടിച്ച, സമാശ്വസിപ്പിച്ച ഏവർക്കും നന്ദി.

ENGLISH SUMMARY:

Nattika MLA C.C. Mukundan, facing a foreclosure threat, declines personal financial aid from Yusuffali, requesting it be redirected to destitute patients. Discover his inspiring stand on integrity and social responsibility.