ജപ്തി ഭീഷണിയിലുള്ള ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ തെന്നിവീണ് നാട്ടിക എംഎല്‍എ സിസി മുകുന്ദന് പരിക്ക് പറ്റിയതിന് പിന്നാലെ വിമര്‍ശിച്ച് കെ.പി.സി.സി വക്താവ് സന്ദീപ് വാര്യർ രംഗത്ത് എത്തിയിരുന്നു.പൊട്ടിയ ഓട് മാറ്റിയിടാൻ കഴിയാത്ത എംഎൽഎ തകർന്ന റോഡുകൾ എങ്ങനെ നന്നാക്കാനാണെന്നായിരുന്നു സന്ദീപിന്‍റെ ചോദ്യം. ഒപ്പം കേരളത്തിലെ ഒരു നിയമസഭാ സാമാജികന് പ്രതിമാസം 70000രൂപ അടിസ്ഥാന ശമ്പളവും മറ്റ് ആനുകൂല്യങ്ങൾ എല്ലാം ചേർത്ത് ഏതാണ്ട് ഒന്നരലക്ഷത്തോളം രൂപയും ലഭിക്കുന്നു എന്നും സന്ദീപ് പറഞ്ഞു. ഇതിന് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സിസി മുകുന്ദന്‍ എംഎല്‍എ.
അലവൻസ് മാസത്തിൽ കിട്ടുന്നത് 50000 രൂപയാണെന്നും വാഹനത്തിന്റെ ലോൺ അടവ്, ക്വാർട്ടേഴ്സ് റെന്റ് 18265 രൂപയാണെന്നും പാർട്ടി അലവൻസ് 3000, ക്യാമ്പ് ഓഫീസ് റെന്റ്, 7000, ഓഫീസ് വൈദ്യുതി ചാർജ് 1500, എന്നിങ്ങനെ പോകുന്നു കണക്ക്. എംഎല്‍എയുടെ ദൈനംദിനം ചെലവുകൾക്കായി ഉപയോഗിക്കാൻ ഒരു മാസം കഴിയുന്നത് 20,235 രൂപയാണെന്നും കണക്ക് നിരത്തി സി.സി മുകുന്ദന്‍ പറയുന്നു.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ബുധനാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. വീടിന് അകക്ക് കയറിയ എംഎല്‍എ മഴയില്‍ ചോര്‍ന്നൊലിച്ച് തളംകെട്ടിനിന്ന വെള്ളത്തില്‍ ചവിട്ടി തെന്നിവീഴുകയായിരുന്നു. വീഴ്ചയില്‍ കാലിന് പരിക്കേറ്റ എംഎല്‍എ ചികിത്സയ്ക്ക് ശേഷം വീട്ടില്‍ വിശ്രമത്തിലാണ്.