നാട്ടികയിൽ നിന്ന് തന്നെ മാറ്റി ഗീതാ ഗോപിയെ സ്ഥാനാർഥിയാക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി സി.സി. മുകുന്ദൻ എംഎല്‍എ. നാട്ടികയിൽ പെയ്മെന്റ് സീറ്റെന്നും സി.സി. മുകുന്ദൻ ആരോപിച്ചു. പാർട്ടി സീറ്റ് നൽകിയില്ലെങ്കിലും താൻ നാട്ടികയിൽ മത്സരിക്കും. മോശം പ്രകടനം നടത്തിയ ഗീതയെ സ്ഥാനാർഥിയാക്കുന്നത് ശരിയല്ലെന്നും ഗീത ഗോപിയ്ക്ക് പണം പിരിച്ചു നൽകാൻ കഴിവുണ്ടെന്നും സി.സി. മുകുന്ദൻ പറഞ്ഞു. സി.പി.ഐയിലെ വിഭാഗീയത കാരണം ഒഴിവാക്കപ്പെടുന്നുവെന്നും വിമര്‍ശനം.
ഗീതാ ഗോപിയെക്കുറിച്ച് മോശം അഭിപ്രായം ഉണ്ടായ ശേഷവും പാർട്ടി അവരെ കൊണ്ടുവരികയാണെന്നും സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താൻ തയ്യാറാണെന്നും അദ്ദേഹം സൂചിപ്പിച്ചു. രണ്ട് ദിവസത്തിനകം തൃശ്ശൂരിൽ വാർത്താ സമ്മേളനം വിളിക്കുമെന്നും സി.സി. മുകുന്ദൻ അറിയിച്ചു. നാട്ടികയിൽ പെയ്മെന്റ് സീറ്റെന്ന ആരോപണത്തില്‍ മറുപടി പാര്‍ട്ടി പറയുമെന്ന് ഗീത ഗോപി. പാര്‍ട്ടി പറഞ്ഞാല്‍ മല്‍സരിക്കുമെന്നും ഗീതാ ഗോപി പറഞ്ഞു.
അതേസമയം, നാട്ടികയിൽ സി.സി.മുകുന്ദനുമായി ചർച്ച നടത്തി യുഡിഎഫും എല്‍ഡിഎയും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർ മുകുന്ദനുമായി സംസാരിച്ചു. സ്വന്തം പാളയത്തിൽ എത്തിക്കാൻ നീക്കവുമായി ബിജെപി സംസ്ഥാന നേതൃത്വവും രംഗത്തുണ്ട്. നാട്ടികയിൽ വിമത സ്ഥാനാർഥിയാകുമെന്ന മുകുന്ദന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതിയ നീക്കം. നാട്ടികയിലെ എൽഡിഎഫ് എംഎൽഎയാണ് നിലവിൽ സിസി മുകുന്ദൻ. ഒരുതവണ മാത്രം മത്സരിച്ച മുകുന്ദനെ മാറ്റി മുൻ എംഎൽഎ ഗീതാഗോവിക്ക് പാർട്ടി സീറ്റ് നൽകുകയാണ്.