അന്തരിച്ച സിനിമാ താരം കലാഭവന്‍ നവാസിന്‍റെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായത് ശനിയാഴ്ചയാണ്. ആലുവ ചൂണ്ടയിലെ വീട്ടിലും ആലുവ ടൗൺ ജുമാമസ്ജിദിലുമായി നടന്ന പൊതുദര്‍ശനത്തിലാണ് സിനിമ മേഖലയിലുള്ളവര്‍ സഹപ്രവര്‍ത്തകനെ കാണാനെത്തിയത്. ഇവിടെ സിനിമാ പ്രവര്‍ത്തരെ കണ്ട ആവേശത്തില്‍ സെല്‍ഫിയെടുക്കാന്‍ എത്തിയവര്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് നേരിടുന്നത്.
ആലുവ ടൗൺ ജുമാമസ്ജിദിലെത്തിയ സിനിമാ താരം ലാലിനൊപ്പവും നടന്‍ ദേവനൊപ്പവും പലരും സെല്‍ഫിയെടുത്തു. സമാനമായി നടന്‍ ജയസൂര്യയ്ക്കൊപ്പം സെല്‍ഫിയെടുക്കാനും പള്ളി മുറ്റത്ത് ശ്രമുണ്ടായി. പള്ളിയില്‍ നിന്നും ഇറങ്ങുന്നതിനിടെയാണ് സെല്‍ഫിയെടുക്കാനായി ഒരാളെത്തിയത്. തറപ്പിച്ചു നോക്കിയ ശേഷം 'ചങ്ങാതി ഒന്ന് മാറുമോ' എന്നാണ് ജയസൂര്യ ഇയാളോട് പറയുന്നത്.
സായ്കുമാറിനൊപ്പം സെൽഫി എടുക്കാനെത്തിയ ആളെ താരം പിന്തിരിപ്പിച്ചിരുന്നു. നീ ഒരു തവണ എടുത്തതല്ലേ സെൽഫി, ഇനി മതി എന്ന് സായ്കുമാർ ശാന്തമായി പറയുകയായിരുന്നു. അത് കേട്ട ശേഷവും സെൽഫി എടുക്കാനെത്തിയ ആൾ വീണ്ടും ഫോട്ടോ എടുക്കാനായി തുനിയുകയായിരുന്നു.
Also Read: 'നീ ഒരു തവണ സെൽഫി എടുത്തില്ലേ, ഇനി മതി'; കലാഭവൻ നവാസിനെ കാണാനെത്തിയ സായ് കുമാറിനൊപ്പം സെൽഫി
ജയസൂര്യ ചെയ്തത് ന്യായം, വല്ല പരിപാടി ആണേലും വേണ്ടില്ല മരണ നേരത്തും സെൽഫി എന്നാണ് വിഡിയോയ്ക്ക് താഴെ ഒരാളുടെ കമന്‍റ്. ജയസൂര്യയുടെ നോട്ടത്തിൽ എല്ലാമുണ്ട് എന്നാണ് മറ്റൊരു കമന്‍റ്. സന്ദർഭം മനസ്സിലാക്കാത്ത സെൽഫി ഭ്രാന്തന്മാർക്ക് ഇത് കിട്ടണമെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയിലെ കമന്‍റുകള്‍. മറ്റൊരാളുടെ ദുഃഖത്തിൽ പങ്കുചേരാൻ പോകുന്ന സ്ഥലമാണ് മരണവീട്. അവിടെ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് ഒരു മടിയുമില്ലാതെ പലരും മറക്കുന്നു. സെൽഫി എടുക്കാനും റീൽസ് ചെയ്യാനും ഓടുന്ന ആൾക്കൂട്ടം മനുഷ്യത്വമില്ലാത്തവരാണോ എന്ന് തോന്നിപ്പോകുമെന്നാണ് മറ്റൊരു കമന്‍റ്.