സേവ് ബോക്സ് ബിഡിങ് ആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യ, ഭാര്യ സരിത എന്നിവരെ ഇഡി ചോദ്യം ചെയ്തു. അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം അഞ്ച് മണിക്ക് വിട്ടയച്ചു. തൃശൂര്‍ സ്വദേശി സ്വാതിക് റഹീം പ്രതിയായ കേസിലാണ് ചോദ്യം ചെയ്തത്. ഉടമ സ്വാതിക്കുമായി നടത്തിയ സാമ്പത്തികയിടപാടുകളുമായി ബന്ധപ്പെട്ടാണ് ഇഡി അന്വേഷണം. കഴിഞ്ഞ ബുധനാഴ്ചയും ജയസൂര്യയെ ഇഡി ഓഫിസില്‍ ചോദ്യം ചെയ്തിരുന്നു.  

2019ലാണ് കേരളത്തിന്‍റെ സ്വന്തമായ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം എന്ന നിലയില്‍ സേവ് ബോക്സ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ച സ്ഥാപനത്തിന്‍റെ ബ്രാന്‍ഡ് അംബാസഡറായിരുന്നു ജയസൂര്യയെന്നാണ് ഇഡി നല്‍കുന്ന വിവരം. മറ്റ് സിനിമ താരങ്ങള്‍ക്കൊപ്പം ബിഡിങ് ആപ്പിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചതും ജയസൂര്യയാണ്. സേവ് ബോക്സിന്‍റെ ഫ്രാഞ്ചൈസികള്‍ നല്‍കാമെന്ന പേരിലും ആപ്പിന്‍റെ മറവിലും കോടികളുടെ വെട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ സ്വാതിക്കിനെ തൃശൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസുകളുടെ ചുവടുപിടിച്ചാണ് രണ്ട് വര്‍ഷം മുന്‍പ് ഇഡി അന്വേഷണം ആരംഭിച്ചത്. 

ENGLISH SUMMARY:

Save Box Bidding App Scam is under investigation. Actor Jayasurya and his wife Sarita were questioned by the ED in connection with the scam involving financial transactions with Swathik Raheem.