സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മേഖല സ്തംഭിപ്പിച്ച് നഴ്സുമാരുടെ സമരം. ശമ്പള പരിഷ്കരണവും 40,000 രൂപ അടിസ്ഥാന ശമ്പളവുമുൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സമരം. യുഎന്‍എയുടെ നേതൃത്വത്തിൽ ആയിക്കണക്കിന് നഴ്‌സുമാർ സെക്രട്ടേറിറ്റിനു മുമ്പിൽ പ്രതിഷേധിച്ചു.

മാലാഖമാരെന്ന വിളിപ്പേര് പോര ജീവിക്കാനാവശ്യമായ ശമ്പളം വേണം ഈ ആവശ്യമുന്നയിച്ചാണ് നഴ്സുമാർ വീണ്ടും പ്രക്ഷോഭ രംഗത്തേയ്ക്ക് ഇറങ്ങുന്നത്. യുഎന്‍എയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പണി മുടക്കിയാണ്  നഴ്സുമാർ തിരുവനന്തപുരത്തേയ്ക്ക് ഒഴുകി എത്തിയത്.

രക്തസാക്ഷി മണ്ഡപത്തിൽ നിന്നും മാർച്ച് തുടങ്ങി. സെക്രട്ടേറിയറ്റിനു മുമ്പിൽ  രമേശ് ചെന്നിത്തല പ്രതിഷേധം ഉദ്ഘാടനം ചെയ്തു. അടിസ്ഥാനശമ്പളം  40000 രൂപയാക്കുക എന്നതിന് പുറമെ ആരോഗ്യ മേഖലയിലെ കരാർ നിയമനങ്ങൾ നിർത്തലാക്കുക, കമ്മിറ്റി റിപ്പോർട്ടുകൾ നടപ്പിലാക്കുക, നഴ്സിംങ് അധ്യാപകർക്ക് യുജിസി സ്കെയിൽ നൽകുക,  രോഗി - നഴ്സ് അനുപാതം നിയമാനുസൃതമായി നടപ്പാക്കുക, ലേബർ നിയമങ്ങൾ കർശനമായി നടപ്പാക്കുക, തുടങ്ങിയ വിവിധ ആവശ്യങ്ങളാണ് നഴ്സുമാർ മുമ്പോട്ട് വയ്ക്കുന്നത്. 

എമര്‍ജന്‍സി വിഭാഗങ്ങളില്‍ മാത്രമാണ് ഇന്ന് നഴ്സുമാരുടെ സേവനമുളളത്. വൈകിട്ട് മാനവീയം വീഥിയില്‍ പൊതു സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. സർക്കാരാണ് തീരുമാനമെടുക്കേണ്ടത് എന്നാണ് സ്വകാര്യ ആശുപത്രി മാനേജ്മെൻ്റുകളുടെ നിലപാട്.

ENGLISH SUMMARY:

Nurses in Kerala are on strike, demanding better pay and working conditions. The protest, led by UNA, highlights their need for a living wage beyond just being called 'angels'.